Credit Card Loan vs. Personal Loan: പേഴ്‌സണല്‍ ലോണ്‍ അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍; ഏത് തിരഞ്ഞെടുക്കുന്നതാണ് നല്ലത്?
Financial Help In Emergencies: കടം വാങ്ങിക്കാമെന്ന് തീരുമാനമെടുത്താലും രണ്ട് ചോദ്യങ്ങള്‍ മുന്നില്‍ അവശേഷിക്കും, വ്യക്തിഗത വായ്പ വേണോ? അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ വേണോ? ഇവയില്‍ ഏതാണെങ്കിലും നിങ്ങളിലേക്ക് ഉടനടി പണമെത്തും.

പ്രതീകാത്മക ചിത്രം
ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും പണത്തിന് ആവശ്യം വരാം. അടിയന്തര ആശുപത്രി ചെലവ്, വീട് അറ്റക്കുറ്റപ്പണികള്‍, യാത്രകള്‍ തുടങ്ങി പെട്ടെന്ന് എത്തുന്ന ആവശ്യങ്ങളെ നേരിടാന്‍ പണം കണ്ടെത്തുന്നതിനായി എന്ത് ചെയ്യണം എന്ന ചോദ്യം എല്ലാവരുടെയും ഉള്ളിലുണ്ടാകും. കടം വാങ്ങിക്കുക എന്നത് തന്നെയാകും മനസിലുദിക്കുന്ന ആദ്യ ഉത്തരം.
കടം വാങ്ങിക്കാമെന്ന് തീരുമാനമെടുത്താലും രണ്ട് ചോദ്യങ്ങള്‍ മുന്നില്‍ അവശേഷിക്കും, വ്യക്തിഗത വായ്പ വേണോ? അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ വേണോ? ഇവയില്‍ ഏതാണെങ്കിലും നിങ്ങളിലേക്ക് ഉടനടി പണമെത്തും. എന്നാല്‍ സഹായി എപ്പോള്‍ വേണമെങ്കിലും വില്ലനായി മാറാന്‍ സാധ്യതയുണ്ടല്ലോ. അതിനാല്‍ ഏത് വേണമെന്ന കാര്യത്തില്‍ ബുദ്ധിപൂര്‍വം വേണം തീരുമാനമെടുക്കാന്‍.
വ്യക്തിഗത വായ്പ
വിവാഹ ചെലവുകള്‍, വീട് പുതുക്കിപ്പണിയല്‍, ഗാഡ്‌ജെറ്റ് വാങ്ങല്‍, കടം ഏകീകരിക്കല്‍ തുടങ്ങിയ ആസൂത്രിതമായതോ അല്ലെങ്കില്‍ അതിലും വലിയതോ ആയ ചെലവുകള്‍ക്കാണ് വ്യക്തിഗത വായ്പകളെ പ്രധാനമായും ആശ്രയിക്കേണ്ടത്. ഒരു ധനകാര്യ സ്ഥാപനത്തില്‍ നിന്നും കടം വാങ്ങിക്കുന്ന നിശ്ചിത തുകയാണ് വ്യക്തിഗത വായ്പ. 1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയാണ് വ്യക്തിഗത വായ്പകള്‍ക്ക് അനുവദിക്കുന്നത്.
ഏകദേശം 10.5 ശതമാനം വാര്‍ഷിക പലിശയിലാണ് വ്യക്തിഗത വായ്പകള്‍ ആരംഭിക്കുന്നത്. ഫിക്‌സഡ് ഇഎംഐകളും ദീര്‍ഘകാല തിരിച്ചടവും ആശ്വാസം നല്‍കുന്നു. കൃത്യമായ തിരിച്ചടവ് ക്രെഡിറ്റ് സ്‌കോര്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.
ക്രെഡിറ്റ് കാര്‍ഡ് ലോണ്‍
ഇത് നിങ്ങളുടെ ക്രെഡിറ്റ് പരിധിയില്‍ നിന്നും മുന്‍കൂട്ടി അംഗീകാരം ലഭിച്ച വായ്പയാണ്. പണം തത്ക്ഷണം ക്രെഡിറ്റ് ചെയ്യപ്പെടുകയും അത് ക്രെഡിറ്റ് കാര്‍ഡ് ബാലന്‍സിലേക്ക് ചേര്‍ക്കപ്പെടുകയും ചെയ്യുന്നു. ചെറിയ തിരിച്ചടവ് കാലാവധിയാണ് ഇവയ്ക്കുള്ളത്. പലപ്പോഴും ഇത് മൂന്ന് മാസം മുതല്‍ 12 മാസം വരെയാകുന്നു.
പലിശ നിരക്കും പ്രതീക്ഷിക്കുന്നതിലും ഉയര്‍ന്നതായിരിക്കും പലപ്പോഴും. ഇഎംഐകള്‍ കൃത്യ സമയത്ത് അടയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കും.
Also Read: Loan: ഈടുവെച്ച് ലോണ്‍ എടുക്കുന്നതാണോ പേഴ്‌സണല്‍ ലോണ്‍ എടുക്കുന്നതാണോ ലാഭം?
ഇവ രണ്ടും അണ്‍സെക്യൂവേര്‍ഡ് ലോണുകളായതിനാല്‍ തന്നെ കൊളാറ്റല്‍ ആവശ്യമില്ല. എന്നാല്‍ രണ്ടിന്റെയും ചെലവ്, വഴക്കം, തിരിച്ചടവ് എന്നിവ വ്യത്യസ്തമാണ്. ലോണുകള്‍ക്ക് അപേക്ഷിക്കുന്നതിന് മുമ്പ് ആദ്യം നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിക്കാം. ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാത്ത വിധത്തില്‍ പരിശോധന നടത്തുന്നതാണ് നല്ലത്. ക്രെഡിറ്റ് കാര്‍ഡ് ലോണുകളെ അപേക്ഷിച്ച് വഴക്കമുള്ള ലോണുകളാണ് വ്യക്തിഗത വായ്പകള്‍.
എന്നാല്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ പറയുന്ന സമയത്ത് ലോണ്‍ അടച്ച് തീര്‍ക്കുമെങ്കില്‍ അതും പരിഗണിക്കാവുന്നതാണ്. അടച്ച് തീര്‍ക്കാന്‍ ഉറപ്പുണ്ടെങ്കില്‍ മാത്രമേ പരിഗണിക്കാവൂ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
അറിയിപ്പ്: മുകളില്‍ നല്‍കിയിരിക്കുന്നത് പൊതുവിവരത്തെ തുടര്‍ന്നുള്ള റിപ്പോര്‍ട്ടാണ്. അതിനാല്‍ തന്നെ അപകട സാധ്യത മനസിലാക്കി മാത്രം മുന്നോട്ടുപോവുക. അല്ലാതെയുണ്ടാകുന്ന സാമ്പത്തിക നഷ്ടങ്ങള്‍ക്ക് ടിവി9 മലയാളം ഉത്തരവാദിയായിരിക്കില്ല.