Ration: ജനുവരിയിലെ റേഷൻ വിതരണം ഇന്ന് മുതൽ; അരി, മണ്ണെണ്ണ എത്ര വീതം?
Ration distribution Starts Today: വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്. മഞ്ഞ കാർഡുകാർക്ക് സൗജന്യമായി 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് (ഡിസംബർ 3) മുതൽ ആരംഭിക്കും. മുന്‍ഗണനേതര വിഭാഗത്തിലെ വെള്ള, നീല റേഷന്‍ കാര്‍ഡുകാര്‍ക്ക് ജനുവരി മാസത്തെ റേഷനൊപ്പം അധികം അരി ലഭിക്കില്ല. എന്നാൽ വെള്ള, നീല കാര്‍ഡുകാര്‍ക്ക് റേഷന്‍ വിഹിതത്തില്‍ ആട്ട ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മാസം വെള്ള കാർഡിന് 10 കിലോ അരിയാണ് ലഭിച്ചത്. എന്നാൽ ഈ മാസം രണ്ട് കിലോ അരി മാത്രമായിരിക്കും ലഭിക്കുക. പകരം ആട്ട ഉൾപ്പെടുത്തിയിട്ടുണ്ട്. 2023 ഓഗസ്റ്റിനുശേഷം മുന്‍ഗണനേതര വിഭാഗത്തിന് ആട്ട അനുവദിക്കുന്നത് ആദ്യമാണ്. നീല കാര്‍ഡിലെ ഓരോ അംഗത്തിനും രണ്ടു കിലോഗ്രാം വീതം അരി ജനുവരി മാസത്തില്‍ ലഭിക്കും.
ജനുവരി-ഫെബ്രുവരി-മാർച്ച് ക്വാർട്ടറിൽ വൈദ്യുതി ഉള്ള അന്ത്യോദയ അന്ന യോജന (മഞ്ഞ റേഷൻ കാർഡ്) വിഭാഗത്തിലുള്ളവർക്ക് ഒരു ലിറ്റർ മണ്ണെണ്ണ ലഭിക്കും. മറ്റ് കാർഡുടമകൾക്ക് അര ലിറ്ററും വീതമാണ് റേഷൻ കടകൾ വഴി മണ്ണെണ്ണ വിതരണം ചെയ്യുന്നത്. വൈദ്യുതി ഇല്ലാത്ത വീടുകളിലെ കാർഡുകൾക്ക് ആകെ 6 ലിറ്റർ മണ്ണെണ്ണയും ലഭിക്കുന്നതാണെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
ALSO READ: മണ്ണെണ്ണ വാങ്ങുന്നില്ലേ, മഞ്ഞ കാർഡുകാർക്ക് ഇത്തവണ കൂടുതലുണ്ടോ?
മഞ്ഞ കാർഡുകാർക്ക് സൗജന്യമായി 30 കിലോ അരിയും രണ്ട് കിലോ ഗോതമ്പും, 3 പായാക്കറ്റ് ആട്ട ഏഴ് രൂപ നിരക്കിലും, 1 കിലോ പഞ്ചസാര 27 രൂപ നിരക്കിലുമാണ് ലഭിക്കുന്നത്. മുൻഗണനവിഭാഗം കാർഡിലെ ഓരോ അംഗത്തിനും നാല് കിലോ അരിയും, 1 കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.
ഓരോ അംഗത്തിനും രണ്ട് കിലോ അരി വീതം കിലോയ്ക്ക് 4 രൂപ നിരക്കിലാണ് പൊതുവിഭാഗം സബ്സിഡി കാർഡിന് ഈ മാസം ലഭിക്കുന്നത്. കൂടാതെ, അതാത് താലൂക്കിലെ സ്റ്റോക്കിനനുസരിച്ച് കാർഡിന് ഒരു കിലോ അരി മുതൽ രണ്ട് കിലോ വരെ ആട്ട കിലോയ്ക്ക് 17 രൂപ നിരക്കിലും ലഭിക്കുന്നതാണ്. പൊതുവിഭാഗം കാർഡിന് രണ്ട് കിലോ അരി, കിലോയ്ക്ക് 10.90 രൂപ നിരക്കിലും ലഭിക്കും.