Rice Price Hike: കേരളത്തിൽ അരിക്ഷാമമോ? നെഞ്ചിടിപ്പ് കൂട്ടി വില
Kerala Rice Shortage Alert: കേരളത്തിന് പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരിയാണ് ആവശ്യമുള്ളത്. എന്നാൽ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനം കേവലം 5 ലക്ഷം മെട്രിക് ടൺ മാത്രമാണ്. ബാക്കി ഭൂരിഭാഗം അരിക്കായും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് നിലവിലെ സാഹചര്യം കനത്ത തിരിച്ചടിയാകും.

പ്രതീകാത്മക ചിത്രം
മലയാളികളുടെ നെഞ്ചിടിപ്പ് കൂട്ടി അവശ്യവസ്തുക്കളുടെ വില ഉയരുന്നു. ഇതിൽ അരി വിലയാണ് ഏറ്റവും ആശങ്ക ഉയർത്തുന്നത്. അരി വില ഇനിയും കൂടുമെന്നാണ് സൂചന. കേരളം കടുത്ത അരിക്ഷാമത്തിലേക്ക് പോകുന്നതാണ് വില ഉയരാൻ കാരണമാകുന്നത്. വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമായേക്കാമെന്നാണ് വിപണിയിൽ നിന്നുള്ള മുന്നറിയിപ്പ്.
കേരളത്തിൽ അരിക്ഷാമമോ?
കടുത്ത വരൾച്ചയും മഴക്കുറവും കാരണം തമിഴ്നാട്ടിലും കർണാടകയിലും നെല്ലുൽപാദനം ഗണ്യമായി കുറഞ്ഞതോടെ കേരളം രൂക്ഷമായ അരിക്ഷാമ ഭീഷണിയിൽ. ഉൽപാദനത്തിലുണ്ടായ ഇടിവിനെത്തുടർന്ന് കേരളത്തിലേക്കുള്ള നെല്ല് വിതരണം വെട്ടിക്കുറയ്ക്കുമെന്ന് അയൽസംസ്ഥാനങ്ങളിലെ വ്യാപാരികൾ അറിയിച്ചതായി മില്ലുടമകൾ വ്യക്തമാക്കുന്നു. നിലവിൽ തന്നെ സംസ്ഥാനത്തേക്കുള്ള നെല്ലുവരവ് നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിസന്ധി ഇനിയും രൂക്ഷമായേക്കാം.
കേരളത്തിന് പ്രതിവർഷം ഏകദേശം 40 ലക്ഷം മെട്രിക് ടൺ അരിയാണ് ആവശ്യമുള്ളത്. എന്നാൽ സംസ്ഥാനത്തെ ആഭ്യന്തര ഉൽപാദനം കേവലം 5 ലക്ഷം മെട്രിക് ടൺ മാത്രമാണ്. ബാക്കി ഭൂരിഭാഗം അരിക്കായും അയൽസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളത്തിന് നിലവിലെ സാഹചര്യം കനത്ത തിരിച്ചടിയാകും.
ALSO READ: ഉള്ളിക്കും പച്ചക്കറികൾക്കും തീവില; മലയാളികളുടെ കീശ കീറുമോ?
മഴക്കുറവ് തിരിച്ചടിയായി
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ‘മട്ട’ ഇനം നെല്ല് പ്രധാനമായും എത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. എന്നാൽ മഴക്കുറവ് കാരണം തമിഴ്നാട്ടിൽ കൃഷിയിറക്കുന്നതിൽ 28 ശതമാനത്തോളം കുറവുണ്ടായി. കതിരിൽ പാലുറയ്ക്കുന്ന സമയത്തുണ്ടായ കടുത്ത ചൂട് വിളവിനെയും സാരമായി ബാധിച്ചു. ഇതിനുപുറമെ, ‘പൊന്നി’ ഇനം നെല്ലിന് ഉയർന്ന വില ലഭിക്കുന്നതിനാൽ തമിഴ്നാട്ടിലെ കർഷകർ മട്ട നെൽകൃഷിയിൽ നിന്ന് പിന്മാറുന്നതും കേരളത്തിന് വെല്ലുവിളിയാണ്.
ജനുവരി – ഏപ്രിൽ സീസണിൽ മാത്രം 200 കോടിയിലേറെ രൂപയുടെ നെല്ലാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് എത്താറുള്ളത്. മറുവശത്ത്, മഴക്കുറവ് മൂലം കൃഷ്ണരാജസാഗർ, തുംഗഭദ്ര അണക്കെട്ടുകളിലെ ജലനിരപ്പ് താഴ്ന്നത് കർണാടകയിലെ നെൽകൃഷിയെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
ബിരിയാണി അരിയിലും വെല്ലുവിളി
ബിരിയാണി അരിയുടെ ലഭ്യതയിലും വലിയ കുറവാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ ബിരിയാണിക്കായി വ്യാപകമായി ഉപയോഗിക്കുന്ന ‘കൈമ’ അരി പ്രധാനമായും എത്തുന്നത് പശ്ചിമ ബംഗാളിൽ നിന്നാണ്. ഒന്നോ രണ്ടോ വർഷം പഴക്കമുള്ള നെല്ല് കുത്തിയെടുക്കുന്ന അരിക്കാണ് മികച്ച ഗുണമേന്മയും മണവും ലഭിക്കുന്നത്. എന്നാൽ മുൻവർഷങ്ങളിലുണ്ടായ കാലാവസ്ഥാ വ്യതിയാനം ബംഗാളിലെ ഉൽപാദനത്തെ ബാധിച്ചു. രാജ്യാന്തര വിപണിയിൽ ബിരിയാണി അരിക്ക് ആവശ്യക്കാരേറിയതോടെ കയറ്റുമതി വർധിച്ചതും കേരളത്തിലേക്കുള്ള അരിവരവ് കുറയാൻ കാരണമായി. ഈ സാഹചര്യങ്ങളിൽ വരും മാസങ്ങളിൽ സംസ്ഥാനത്ത് അരിവില കുതിച്ചുയരാൻ സാധ്യതയേറെയാണ്.
English Summary:
Kerala is facing the threat of a severe rice shortage as paddy supplies from neighbouring states Tamil Nadu and Karnataka have declined by nearly 25 per cent due to drought and reduced agricultural production. The shortage could further push up rice prices across the state.