Silver Price Hike: ഇത് വെള്ളിയുടെ കാലമല്ലേ…സ്വര്‍ണം സൈഡായി, വെള്ള ലോഹം കത്തിക്കയറും
Why Silver Is Rising Faster Than Gold: വ്യാവസായിക ലോഹം എന്നൊരു പേരും ഇന്ന് വെള്ളിക്കുണ്ട്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഇലക്ട്രിക് കാറുകള്‍, ഡാറ്റ സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് വെള്ളി വ്യാപകമായി ഉപയോഗിക്കുന്നത്.

പ്രതീകാത്മക ചിത്രം
സ്വര്‍ണമെന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയമാണല്ലേ…എന്നാല്‍ ഇവിടെ സ്വര്‍ണത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന മറ്റൊരു ലോഹത്തിന്റെ കാര്യം എല്ലാവരും അപ്പാടെ മറന്നുപോകുകയാണ്. വെള്ളിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. സ്വര്‍ണത്തേക്കാള്‍ മേലെ തന്നെയാണ് നിലവില്‍ വെള്ളിയുടെ തേരോട്ടം. പൊന്നിനേക്കാള്‍ ഉയര്‍ന്ന ലാഭം വരും വര്‍ഷങ്ങളില്‍ വെള്ളി സമ്മാനിക്കുമെന്നാണ് വിപണിയില്‍ നിന്നെത്തുന്ന വിവരം. സ്വര്‍ണം പോലുള്ള നിക്ഷേപം എന്നതിനേക്കാള്‍ ഉപരി വെള്ളി കൊണ്ട് വേറെയും ഒട്ടേറെ ഉപകാരങ്ങളുണ്ട്, ഇതാണ് വില വര്‍ധനവിന് കാരണമാകുന്നത്.
വ്യാവസായിക ലോഹം എന്നൊരു പേരും ഇന്ന് വെള്ളിക്കുണ്ട്. സോളാര്‍ പാനലുകള്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, ഇലക്ട്രിക് കാറുകള്‍, ഡാറ്റ സെന്ററുകള്‍ തുടങ്ങി വിവിധ മേഖലകളിലാണ് വെള്ളി വ്യാപകമായി ഉപയോഗിക്കുന്നത്. സ്വര്‍ണം എപ്പോഴും ഒരു സുരക്ഷിത നിക്ഷേപമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും, വെള്ളിയുടെ ഡിമാന്‍ഡ് വ്യവസായത്തിലാണ്. ശക്തമായ സാമ്പത്തിക വളര്‍ച്ചയ്ക്കും ടെക്‌നോളജിയിലും വെള്ളി കൂടിയേ തീരു.
വെള്ളി ഉപയോഗത്തിന്റെ ഏകദേശം 60 ശതമാനവും വ്യാവസായിക ആവശ്യത്തിന് വേണ്ടിയുള്ളതാണ്. അതിനാല്‍ വില ഇനിയും ഉയരാന്‍ തന്നെയാണ് സാധ്യത. വെള്ളിയുടെ ഡിമാന്‍ഡ് കൂടുതല്‍ വര്‍ധിക്കാന്‍ കാരണമാകുന്നത് സാംസങ് വികസിപ്പിച്ച പുതിയ സോളിഡ് സ്റ്റേറ്റ് ബാറ്ററിയാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവില്‍ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹന ബാറ്ററികളേക്കാള്‍ ഇവ സുരക്ഷിതമാണ്. കൂടാതെ 9 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്‌തെടുക്കാനുമാകും. ഒരൊറ്റ ചാര്‍ജില്‍ 900 മൈല്‍ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്ന പ്രത്യേകത കൂടിയുണ്ട്.
ഈ പുത്തന്‍ ബാറ്ററികളില്‍ സില്‍വര്‍ കാര്‍ബണ്‍ നാനോ കോമ്പോസിറ്റ് പാളിയാണ് ഉപയോഗിക്കുന്നത്. അതിനാല്‍ ബാറ്ററിക്കുള്ളില്‍ തീപിടിത്തം ഉള്‍പ്പെടെ ഉണ്ടാകുന്നത് തടയാനാകും. സാധാരണ കാറുകളില്‍ 20 ഗ്രാം വെള്ളിയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവിടെ 100 ഗ്രാം മുതല്‍ 1 കിലോ വെള്ളി വരെ ഉപയോഗിക്കേണ്ടതായി വരും. വെള്ളി ഉപയോഗം വര്‍ധിക്കുന്നത് വെള്ളി ഉത്പാദനത്തിന്റെ 25 മുതല്‍ 35 ശതമാനം വരെ ആവശ്യമായി വരുന്ന സ്ഥിതിയുണ്ടാക്കും.
വെള്ളി കൂടുതലായി ഉപയോഗിക്കുന്ന മറ്റൊരു മേഖല സോളാര്‍ പാനലുകളാണ്. സോളാര്‍ പാനലുകളില്‍ വൈദ്യുതി വിതരണത്തിന് സില്‍വര്‍ പേസ്റ്റുകള്‍ അത്യന്താപേക്ഷിതമാണ്. വൈദ്യുത ബില്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ന് ഭൂരിഭാഗം വീടുകളിലും സോളാര്‍ പാനലുകള്‍ വെച്ച് തുടങ്ങി. ഇതും വെള്ളിയുടെ ആവശ്യകത വര്‍ധിപ്പിക്കും.
Also Read: Kerala Gold Rate: കുറച്ചതൊക്കെ വെറുതെ, സ്വര്‍ണവില ആകാശം മുട്ടി താഴോട്ടിറങ്ങി
കൂടാതെ, എഐ ചിപ്പുകളിലും ഡാറ്റാ സെന്ററുകളിലും വെള്ളി വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. വലിയ അളവില്‍ വൈദ്യുതി കൈകാര്യം ചെയ്യാനും എഐയുമായി ബന്ധപ്പെട്ട ജോലികള്‍ക്കിടെ ഉണ്ടാകുന്ന അമിത ചൂട് നിയന്ത്രിക്കാനുമാണ് ഇവിടെ വെള്ളിയുടെ ഉപയോഗം. ആഭരണങ്ങള്‍, ഇലക്ട്രോണിക്‌സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഉപഭോക്തൃ ഉത്പന്നങ്ങള്‍ എന്നിവയിലെല്ലാം വെള്ളി പ്രധാന ഇനമായി മാറിയിട്ടുണ്ട്.
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വെള്ളിയുടെ വ്യാവസായിക ആവശ്യം കുതിച്ചുയരുമെന്നാണ് സില്‍വര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ആവശ്യകത വര്‍ധിക്കുന്നുണ്ടെങ്കിലും, വെള്ളി ഉത്പാദനം കുറഞ്ഞുവരികയാണ്. മെക്‌സിക്കോ, പെറു തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ലഭ്യത കുറഞ്ഞു. ഇതോടൊപ്പം തന്നെ വിവിധ മേഖലകളില്‍ വെള്ളിയുടെ ആവശ്യം വര്‍ധിക്കുന്നതും വിലക്കയറ്റത്തിന് കാരണമാകും.