Silver Rate: വെള്ളി വാങ്ങാൻ ശരിയായ സമയം ഇതോ? വിലയിൽ കനത്ത ഇടിവ്, കുറഞ്ഞത് 5% അധികം…
Silver Rate in India: ഉത്സവ സീസണിലെ ആവശ്യകത കുറയുന്നതും ആഗോള വിപണിയിലെ വിതരണം സാധാരണ നിലയിലേക്ക് വരുന്നതും വിലയിടിവിന് കാരണമായേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
റെക്കോർഡ് കുതിപ്പിനിടെ കിതച്ച് സ്വർണ, വെള്ളി വില. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ ആഗോളതലത്തിൽ സ്വർണ്ണത്തിൻ്റെയും വെള്ളിയുടെയും വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര സ്പോട്ട് മാർക്കറ്റിൽ, സ്വർണ്ണം 5.24% ഇടിഞ്ഞ് $4,114-ലും വെള്ളി 6.70% ഇടിഞ്ഞ് $50-ൽ താഴെയായും എത്തി.
ഒക്ടോബർ 22 ന് ഇന്ന് ഇന്ത്യൻ വിപണിയിൽ വെള്ളി കിലോയ്ക്ക് 1,62,000 രൂപയിലായിരുന്നു വ്യാപാരം നടന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ വെള്ളിയും സ്വർണ്ണവും 5-6% ത്തിലധികം ഇടിഞ്ഞതായാണ് കണക്ക്. അന്താരാഷ്ട്ര സ്പോട്ട് മാർക്കറ്റിൽ വെള്ളി വില ഔൺസിന് 50 ഡോളറിൽ താഴെയായി.
വെള്ളി വില ഇനിയും കുറയുമോ?
ആഭ്യന്തര വിപണിയിൽ വെള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടോ എന്ന ചോദ്യം നിക്ഷേപകർക്കിടയിൽ സജീവമാണ്. ഉത്സവ സീസണിലെ ആവശ്യകത കുറയുന്നതും ആഗോള വിപണിയിലെ വിതരണം സാധാരണ നിലയിലേക്ക് വരുന്നതും വിലയിടിവിന് കാരണമായേക്കാമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഇടിവിൻ്റെ കാരണങ്ങൾ
ലാഭമെടുക്കൽ: റെക്കോർഡ് വിലയിൽ എത്തിയതിനെ തുടർന്ന്, നിക്ഷേപകർ കൂട്ടത്തോടെ ലാഭം ബുക്ക് ചെയ്യാൻ ശ്രമിച്ചത് വിലയിടിവിന് വഴിവെച്ചു.
ക്ഷാമം കുറയുന്നു: ഇന്ത്യയിലെ ഉത്സവ സീസണിന് മുന്നോടിയായി വെള്ളിക്ക് വലിയ ക്ഷാമം നേരിട്ടിരുന്നു. എന്നാൽ, വിതരണം മെച്ചപ്പെട്ടതോടെ, ആഗോളതലത്തിൽ ക്ഷാമം കുറഞ്ഞു.
ALSO READ: ചൈനയും യുഎസും രക്ഷകരായി; വെള്ളി പ്രതിസന്ധിക്ക് പരിഹാരം
ഇടിഎഫ്-കളിലെ ഡിമാൻഡ്: വെള്ളിക്ക് ക്ഷാമം നേരിട്ട സമയത്ത് സിൽവർ എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ഉയർന്ന പ്രീമിയത്തിൽ വ്യാപാരം നടത്തിയിരുന്നു. എന്നാൽ, വിപണി സാധാരണ നിലയിലായതോടെ പല ഇടിഎഫ്-കളും ഡിസ്‌കൗണ്ടിൽ വ്യാപാരം ചെയ്യപ്പെടാൻ തുടങ്ങി.
ആഗോള വിതരണം: ലണ്ടൻ ബുള്ള്യൺ മാർക്കറ്റ് അസോസിയേഷൻ (LBMA) പോലുള്ള ഏജൻസികൾ അധിക വെള്ളി വിപണിയിൽ എത്തിക്കാൻ തുടങ്ങിയതാണ് മറ്റൊരു കാരണം. ആഭ്യന്തര വിപണിയിൽ ആവശ്യകത കുറയുകയും ആഗോള വിതരണം കൂടുകയും ചെയ്യുമ്പോൾ വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകുന്നു.
നികുതി: നിക്ഷേപകർ നികുതി ലാഭത്തിനായി വെള്ളി വിറ്റഴിക്കുന്നതും വിലയിടിവിന് കാരണമാണ്.
വെള്ളി വാങ്ങാൻ ഉചിതമായ സമയമോ?
അടുത്ത ആഴ്ചകളിൽ വെള്ളി വിലയിൽ കൂടുതൽ ഇടിവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. നിലവിലെ സാഹചര്യത്തിൽ തിടുക്കപ്പെട്ട് നിക്ഷേപം നടത്തുന്നത് ഒഴിവാക്കുന്നതാണ് ഉചിതം. കൂടാതെ, വില കുറയുന്നത് വാങ്ങൽ അവസരമായി കാണുന്നവർക്ക്, ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കാതെ, വിലയിടിയുന്നതിനനുസരിച്ച് ചെറിയ ഭാഗങ്ങളായി നിക്ഷേപം നടത്തുന്നത് നല്ലതായിരിക്കും.