Supplyco Sabari Products: അരിപ്പൊടിയും പഞ്ചസാരയും വില കുറവിൽ; പുതിയ ശബരി ഉത്പന്നങ്ങൾ വിപണിയിലേക്ക്
Supplyco Sabari Products: പൊതുവിപണിയെക്കാൾ വില കുറവിൽ ഗുണമേന്മ ഉറപ്പാക്കിയാണ് സപ്ലൈകോ പുതിയ ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
തിരുവനന്തപുരം: സപ്ലൈകോയുടെ ശബരി ബ്രാൻഡിൽ അഞ്ച് ഉൽപന്നങ്ങൾ കൂടി പുറത്തിറങ്ങും. ഇന്ന് രാവിലെ നടക്കുന്ന ചടങ്ങിൽ ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യ വകുപ്പ് മന്ത്രി ജി. ആർ അനിൽ പുതിയ ഉത്പന്നങ്ങൾ പുറത്തിറക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷനാകുന്ന ചടങ്ങിൽ നടി റിമ കല്ലിങ്കൽ ആദ്യ വിൽപ്പന ഏറ്റുവാങ്ങും.
പുട്ടുപ്പൊടി, പാലക്കാടൻ മട്ട വടി/ഉണ്ട അരി, അപ്പം പൊടി, പഞ്ചസാര, പായസം മിക്സ് ( സേമിയ/പാലട 200 ഗ്രാം പായസം മിക്‌സ്), കല്ലുപ്പ്, പൊടിയുപ്പ് എന്നിവയാണ് പുതിയതായി പുറത്തിറക്കുന്ന ശബരി ഉത്പന്നങ്ങൾ. പൊതുവിപണിയെക്കാൾ വില കുറവിൽ ഗുണമേന്മ ഉറപ്പാക്കിയാണ് സപ്ലൈകോ പുതിയ ഉൽപന്നങ്ങൾ മാർക്കറ്റിൽ എത്തിക്കുന്നതെന്ന് അധികൃതർ പറഞ്ഞു.
മട്ട അരി പാലക്കാട്ടെ കർഷകരിൽ നിന്നാണ് സംഭരിക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽനിന്ന് സംഭരിച്ച പഞ്ചസാരയും ശാസ്ത്രീയമായി അയഡൈസ് ചെയ്ത ഉപ്പുമാണ് ശബരി ബ്രാൻഡിന്റെ ഭാഗമായി ലഭ്യമാക്കുന്നത്. പായസം മിക്‌സും ഉയർന്ന ഗുണമേന്മ ഉറപ്പാക്കി മിതമായ വിലയിൽ ലഭ്യമാക്കും. പുട്ടുപൊടിയും അപ്പം പൊടിയും ഉയർന്ന ഗുണനിലവാരത്തോടെ വിപണി വിലയുടെ പകുതി വിലയ്ക്കാണ് ലഭ്യമാക്കുന്നത്.