AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Thiruvonam Bumper 2024 : ബമ്പറടിച്ചാൽ എന്ത് ചെയ്യരുത്; അനുഭവസ്ഥർ പറയുന്നതിങ്ങനെ

Thiruvonam Bumper 2024 Avoid these things : തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന് നടക്കും. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയടിച്ചാൽ എന്ത് ചെയ്യരുത് എന്നറിയാമോ?

Thiruvonam Bumper 2024 : ബമ്പറടിച്ചാൽ എന്ത് ചെയ്യരുത്; അനുഭവസ്ഥർ പറയുന്നതിങ്ങനെ
തിരുവോണം ബമ്പർ (Image Credits - PTI)
abdul-basith
Abdul Basith | Published: 09 Oct 2024 07:59 AM

ഇക്കൊല്ലത്തെ തിരുവോണം ബമ്പർ ടിക്കറ്റ് നറുക്കെടുപ്പ് ഇന്ന് ഉച്ചകഴിഞ്ഞാണ് നടക്കുക. 70 ലക്ഷത്തിലധികം ടിക്കറ്റുകൾ സംസ്ഥാനത്തൊട്ടാകെ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. ലോട്ടറിയടിച്ച് ലഭിക്കുന്ന പണം, പ്രത്യേകിച്ച് വലിയ തുകകൾ എങ്ങനെ ചിലവഴിക്കണമെന്നതിനെപ്പറ്റി നമുക്കൊക്കെ ഒരു പൊതുധാരണയുണ്ട്. എന്നാൽ, ബമ്പറടിച്ചാൽ ചെയ്യരുതാത്ത ചിലതുണ്ട്. സ്വന്തം പണം എങ്ങനെ ചിലവഴിക്കണമെന്നും ചിലവഴിക്കരുതെന്നുമുള്ളത് അതാത് വ്യക്തികൾക്ക് തീരുമാനിക്കാമെങ്കിലും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലതാണ് എന്നാണ് അഭവസ്ഥർ പറയുന്നത്.

Also Read : Thiruvonam Bumper 2024 : ഇന്നാണ്, ഇന്നാണ്, ഇന്നാണ്; 25 കോടിയുടെ തിരുവോണം ബമ്പർ ഫലം ഉച്ചകഴിഞ്ഞ്

ചാനലുകളിൽ സ്റ്റാറാവരുതേ

ബമ്പറടിക്കുന്നവർ ആരെന്നറിയാൻ പൊതുജനങ്ങൾക്ക് സ്വാഭാവികമായി ഒരു കൗതുകമുണ്ടാവും. ടിവി ചാനലുകളിൽ മുഖം കാണിക്കാനും സാധാരണക്കാർക്ക് ആവേശമുണ്ടാവും. അതുകൊണ്ട് തന്നെ ബമ്പറടിക്കുന്നവർ അത് പരസ്യപ്പെടുത്തി ടിവി ചാനലുകൾക്ക് അഭിമുഖം നൽകി നിറഞ്ഞുനിൽക്കുന്നൊരു പ്രവണത മുൻപ് ഉണ്ടായിരുന്നു. എന്നാൽ, അത് ചെയ്യരുതേ എന്നാണ് പിന്നീട് ഇവർ പറഞ്ഞത്. ഇങ്ങനെ ചെയ്യുമ്പോൾ സമ്മാനമടിച്ചത് ആർക്കെന്ന് വിലാസം സഹിതം ആളുകൾ മനസിലാക്കുകയാണ്. പിറ്റേന്ന് മുതൽ സഹായം ചോദിച്ച് വീട്ടുമുറ്റത്ത് ആളുകളെത്തും. അതും വലിയ വലിയ സഹായങ്ങൾ. ഈ വിലാസമടക്കം മനസിലാക്കുന്നവരിൽ കള്ളന്മാരും കൊള്ളക്കാരുമടക്കമുണ്ടാവും. മനസമാധാനം നഷ്ടമാവും. ഇങ്ങനെ ബമ്പറടിച്ചെങ്കിലും അതുകൊണ്ട് പ്രത്യേകിച്ചൊരു പ്രയോജനവും ലഭിക്കാത്തവരുടെ ഉദാഹരണം നമുക്ക് മുന്നിലുണ്ട്. അതുകൊണ്ട് സമ്മാനടിച്ച വിവരം കൊട്ടിഘോഷിക്കാതിരിക്കുക. ആവേശമടങ്ങി രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ സാവധാനം ലോട്ടറി മാറാം.

കുടുംബത്തിൽ സ്റ്റാറാവരുതേ

സഹായം ചോദിച്ചുവരുന്നവർ നമുക്കറിയാത്ത ആളുകളാണെങ്കിൽ വാതിൽ കൊട്ടിയടയ്ക്കാം. എന്നാൽ, കയ്യിൽ പണം വന്നു എന്നറിഞ്ഞാൽ പറ്റിക്കൂടുന്ന മറ്റ് ചിലരുണ്ട്. ബന്ധുക്കൾ. മൂന്ന് നേരം കഞ്ഞിവെള്ളം കുടിച്ച് കിടന്നിട്ടും തിരിഞ്ഞുനോക്കാത്തവരാവാം കാശുണ്ടായി എന്നറിഞ്ഞ് തേടിവരുന്നത്. ആ വരവിൽ അവർക്ക് ചില ആവശ്യങ്ങളുമുണ്ടാവാം. അങ്ങനെ ഒരാൾക്ക് പണം നൽകിയാൽ പണം ആവശ്യമുള്ളവരുടെ എണ്ണം വർധിക്കും. അത് അസ്വാരസ്യങ്ങൾക്ക് ഇടയാക്കും. പിണക്കങ്ങളുണ്ടാവും. പക ഉടലെടുക്കും. സ്വന്തം ഭാര്യ, മക്കൾ, അച്ഛൻ, അമ്മ തുടങ്ങി ഏറ്റവുമടുത്തവർക്ക് മാത്രമേ വലിയ സാമ്പത്തിക സഹായങ്ങൾ ചെയ്യാവൂ. അല്ലെങ്കിൽ അത് തിരിച്ചടിയ്ക്കുമെന്നുറപ്പ്. പലരും ബന്ധുക്കൾ തന്നെ അക്സപ്റ്റ് ചെയ്യുന്നല്ലോ എന്ന് കരുതിയാവും പണം നൽകുന്നത്. അവരുടെ സ്വീകാര്യത പണം അവസാനിക്കുന്നത് വരെയോ ഒരു ‘നോ’ വരെയോ മാത്രമേ ഉണ്ടാവൂ എന്ന് മനസിലാക്കുക.

Also Read : Onam Bumper 2024: ഓണം ബമ്പർ അടിച്ചാലും ജീവിതം രക്ഷപ്പെടില്ല; ഇവ ശ്രദ്ധിക്കാം

എഫ്ഡി മാത്രമല്ല നിക്ഷേപം

എന്നാപ്പിന്നെ ബാങ്കിൽ എഫ്ഡി ഇടാം എന്നതാണ് കുറച്ചധികം പണം കയ്യിൽ വന്നാൽ എല്ലാവരും പറയാറ്. എഫ്ഡി ഇടുന്നത് ഒരു പരിധി വരെ നല്ലതാണ്. എന്നാൽ, എഫ്ഡിയെക്കാൾ റിട്ടേൺസ് ലഭിക്കുന്നത് മ്യൂച്വൽ ഫണ്ട്സ് ആണ്. ഇക്കാര്യത്തെപ്പറ്റി അറിവുള്ള ആളുകളുമായി ബന്ധപ്പെട്ട് ഒരു തുക മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിച്ചാൽ ലാഭം കൂടും. നിശ്ചിത വർഷത്തെ ലോക്ക് ഇൻ പിരിയഡുള്ള മ്യൂച്വൽ ഫണ്ടുകളും ലോക്ക് ഇൻ പീരിയഡ് ഇല്ലാത്ത മ്യൂച്വൽ ഫണ്ടുകളുമുണ്ട്. ആവശ്യത്തിനനുസരിച്ച് ഇവ തിരഞ്ഞെടുക്കാം. ഉദാഹരണത്തിന്, മൂന്ന് വർഷത്തെ ലോക്ക് ഇൻ പീരിയഡുള്ള മ്യൂച്വൽ ഫണ്ടിൽ വൺ ടൈം ഡെപ്പോസിറ്റ് നടത്തിയാൽ മൂന്ന് വർഷം ആവാതെ ഈ തുക എടുക്കാനാവില്ല. എന്നാൽ, എഫ്ഡിയെക്കാൾ പലിസ മ്യൂച്വൽ ഫണ്ട്സ് തരും.

റിയൽ എസ്റ്റേറ്റ്, സ്വർണം, സേവിങ്സ്, ഇൻഷൂറൻസ് തുടങ്ങി പണം കാര്യക്ഷമതയോടെ ഉപയോഗിക്കാൻ മറ്റ് മാർഗങ്ങളുമുണ്ട്. എന്ത് തന്നെയായാലും കൃത്യമായ റിസർച്ച് നടത്തി, അറിയുന്നവരോട് ചോദിച്ച് മനസിലാക്കി ചെയ്യുക.