Dileep: ‘ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചത്, ആ ക്വട്ടേഷന് പിന്നിലുള്ളവരെ കണ്ടെത്തണം; ക്ഷമ പറഞ്ഞതിന് കാരണം’: ആലപ്പി അഷ്റഫ്
Alleppey Ashraf About Dileep ദിലീപ് കൊടുത്തതല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ ക്വട്ടേഷൻ. ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംവിധായകൻ പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച യുവനടിയെ ആക്രമിച്ച കേസിന്റെ വിധി വന്നതിനു പിന്നാലെ നടൻ ദിലീപിനോട് ക്ഷമ ചോദിച്ച് സംവിധായകൻ ആലപ്പി അഷ്റഫ് രംഗത്ത് എത്തിയത് ഏറെ ചർച്ചയായിരുന്നു. എട്ടാം പ്രതിയായിരുന്ന ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് സംവിധായകന്റെ ക്ഷമാപണം. ഇപ്പോഴിതാ ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു പ്രതികരണം.
എട്ടാം പ്രതിയായിരുന്ന ദിലീപിനോട് ക്ഷമ ചോദിച്ചതിന് പലരും തന്നോട് പ്രതിഷേധം അറിയിച്ചുവെന്നാണ് സംവിധായകൻ പറയുന്നത്. തന്നെ വലിയൊരു ശത്രുവായി കണ്ട് ഇങ്ങനെ സംസാരിക്കാൻ താൻ അഷ്റഫിനോട് ഒരു ദ്രോഹവും ചെയ്തിട്ടില്ലെന്ന് ദിലീപ് പ്രിയദർശൻ ഉൾപ്പെടെ പലരോടും പറഞ്ഞിരുന്നുവെന്നും ഇക്കാര്യം താൻ അറിഞ്ഞിട്ടും ദിലീപിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്.
ഇങ്ങനെയിരിക്കെ ഒരിക്കൽ തന്നോട് നികേഷ് കുമാർ ചോദിച്ചു ഇത്രയും രൂക്ഷമായി വിമർശിക്കുന്ന നിങ്ങൾ ദിലീപിനെ വെറുതെ വിട്ടാൽ എന്ത് ചെയ്യുമെന്നായിരുന്നു. അന്ന് താൻ മറുപടി നൽകിയത് അങ്ങനെ വന്നാൽ മാപ്പ് ചോദിക്കുമെന്നാണെന്നും വാക്ക് പാലിച്ചതിൽ എന്താണ് തെറ്റ്. ദിലീപിൽ നിന്ന് തനിക്കൊരു നേട്ടവും വേണ്ടെന്നും ഒരു കാര്യ സാധ്യത്തിനും വേണ്ടി ദിലീപിനൊപ്പം ചേർന്നതല്ലെന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
താനുറച്ച് വിശ്വസിച്ചിരുന്നത് ഈ ക്വട്ടേഷന് പിന്നിൽ ദിലീപ് ആണെന്നാണ്. ദിലീപ് കൊടുത്തതല്ലെങ്കിൽ പിന്നെ ആരുടേതാണ് ഈ ക്വട്ടേഷൻ. ആരാണ് ദിലീപിന്റെ തലയിൽ കെട്ടി വെച്ചതെന്നും ഇതിനു പിന്നിലുള്ളവരെ കണ്ടെത്തണമെന്നും സംവിധായകൻ പറഞ്ഞു. ഇക്കാര്യങ്ങളൊക്കെ അന്വേഷണ ഉദ്യോഗസ്ഥൻമാർ വിട്ട് കളഞ്ഞത് ആർക്ക് വേണ്ടി എന്നൊക്കെയുള്ള ചോദ്യങ്ങൾ ഇപ്പോൾ ഉയരുകയാണെന്ന് ആലപ്പി അഷ്റഫ് ചൂണ്ടിക്കാട്ടി.