Year Ender 2025: ജിഎസ്ടി, ലേബര്‍ കോഡ്, മിനിമം ബാലന്‍സ്…സംഭവബഹുലമായ 2025; എല്ലാം അവസാനിച്ചു
Financial Changes in 2025: ജിഎസ്ടി, ബാങ്ക് നിയമങ്ങള്‍, ആധാര്‍, പാന്‍ കാര്‍ഡ് വിവിധ കാര്യങ്ങളിലാണ് മാറ്റം സംഭവിച്ചത്. 2025ല്‍ ഉണ്ടായ സുപ്രധാന സാമ്പത്തിക മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാം.
ഒട്ടേറെ സാമ്പത്തിക മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിച്ച വര്‍ഷമാണ് 2025. സാധാരണക്കാരന്‍ മുതല്‍ കോടീശ്വരന്മാരെ വരെ നേരിട്ടിച്ച് ബാധിച്ച ഒട്ടനവധി മാറ്റങ്ങള്‍ 2025ല്‍ സംഭവിച്ചു. ജിഎസ്ടി, ബാങ്ക് നിയമങ്ങള്‍, ആധാര്‍, പാന്‍ കാര്‍ഡ് വിവിധ കാര്യങ്ങളിലാണ് മാറ്റം സംഭവിച്ചത്. 2025ല്‍ ഉണ്ടായ സുപ്രധാന സാമ്പത്തിക മാറ്റങ്ങള്‍ എന്തെല്ലാമാണെന്ന് ഒരിക്കല്‍ കൂടി പരിശോധിക്കാം.
ചരക്ക് സേവന നികുതി (ജിഎസ്ടി)
2025 സെപ്റ്റംബര്‍ 22 മുതലാണ് പുതുക്കിയ ജിഎസ്ടി നിരക്ക് പ്രാബല്യത്തില്‍ വന്നത്. 12, 28 സ്ലാബുകള്‍ ഒഴിവാക്കി, അഞ്ച്, 18 ശതമാനം എന്നീ സ്ലാബുകളിലേക്ക് ജിഎസ്ടി എത്തിച്ചു. ഇതോടെ രാജ്യത്തെ 90 ശതമാനം സാധനങ്ങളുടെയും വില കുറഞ്ഞു. എന്നാല്‍ ആഡംബര ഉത്പന്നങ്ങള്‍ക്കും, പുകയില, സിഗരറ്റ് പോലുള്ള ഉത്പന്നങ്ങള്‍ക്കും, ലോട്ടറിയ്ക്കും 40 ശതമാനമാണ് പുതുക്കിയ ജിഎസ്ടി.
യുപിഐ
യുപിഐയില്‍ ബാലന്‍സ് പരിശോധന പരിധി കുറച്ചു. ഒരു ദിവസം 50 തവണ മാത്രമേ ഉപഭോക്താക്കള്‍ക്ക് യുപിഐ ആപ്പുകള്‍ മുഖേന ബാലന്‍സ് പരിശോധിക്കാന്‍ സാധിക്കുകയുള്ളൂ. യുപിഐ പേയ്‌മെന്റുകളില്‍ ബയോമെട്രിക് ഓതന്റിക്കേഷന്‍ നിര്‍ബന്ധമാക്കുകയും ചെയ്തു.
ബാങ്ക് ലോക്കര്‍
ലോക്കറുകള്‍ ഉപയോഗിക്കുന്നതിന് ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന തുകയില്‍ 2025 മുതല്‍ ബാങ്കുകള്‍ വര്‍ധനവ് വരുത്തി. നഗര-ഗ്രാമ മേഖലകളില്‍ വ്യത്യസ്ത നിരക്കുകളാണ് നിലവില്‍ ഈടാക്കുന്നത്.
ഇപിഎഫ്ഒ
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ അംഗമായ ആളുകള്‍ക്ക് തൊഴിലുടമയുടെ ഷെയര്‍ തുക ഉള്‍പ്പെടെ പിന്‍വലിക്കാനുള്ള നിയമം വന്ന വര്‍ഷം കൂടിയാണ് 2025. ഈ വര്‍ഷം മുതല്‍ നിങ്ങള്‍ എന്തിനാണ് പണം പിന്‍വലിക്കുന്നതെന്ന് ബോധ്യപ്പെടുത്തേണ്ടതുമില്ല.
ലേബര്‍ കോഡ്
രാജ്യത്തുണ്ടായിരുന്ന 29 ഓളം തൊഴില്‍ നിയമങ്ങളെ ഏകീകരിച്ച് നാല് പ്രധാന കോഡുകളാക്കി. Code on Wages, Code on Industrial Relations, Code on Social Security, Code on Occupational Safety, Health and Working Conditions എന്നിവയാണ് ആ നാല് കോഡുകള്‍. തുല്യ വേതനം, തൊഴില്‍ സമയം, ശമ്പള തീയതി എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇതോടെ മാറ്റം സംഭവിച്ചു.
ആര്‍ബിഐ ചെക്ക് ക്ലിയറിങ്
വേഗത്തിലുള്ള ചെക്ക് തീര്‍പ്പാക്കലിനായി ബാച്ച് പ്രോസസിങിന് പകരം ഒക്ടോബര്‍ നാല് മുതല്‍ തുടര്‍ച്ചയായ ക്ലിയറിങ് രീതി നിലവില്‍ വന്നു.
മിനിമം ബാലന്‍സ്
രാജ്യത്തെ പൊതു-സ്വകാര്യ ബാങ്കുകള്‍ തങ്ങളുടെ മിനിമം ബാലന്‍സ് നിയമത്തിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു. വിവിധ സ്വകാര്യ ബാങ്കുകള്‍ 50,000 ത്തിലേക്കും 25,000 ത്തിലേക്കുമാണ് ഈ വര്‍ഷം അവരുടെ മിനിമം ബാലന്‍സ് എത്തിച്ചത്.