70/10/10/10 Rule: മാസാവസാനം പണം തികയുന്നില്ലേ? ’70/10/10/10 നിയമം’ അറിഞ്ഞാൽ മതി
What is 70/10/10/10 Rule: വരുമാനം കിട്ടുമ്പോൾ തന്നെ അത് എവിടെ ചെലവാക്കണം എന്ന കൃത്യമായ ധാരണ ലഭിക്കുന്നു. ഭാവിയിലേക്കായി സമ്പാദ്യം കെട്ടിപ്പടുക്കാൻ വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണം.
എല്ലുമുറിയെ പണി എടുക്കുന്നുണ്ട്. എന്നാൽ മാസാവസാനം കൈയിൽ ഒന്നും ഇല്ല. സാധാരണക്കാർ പൊതുവെ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണിത്. എന്നാൽ 70/10/10/10 നിയമത്തിലൂടെ ഈ പ്രശ്നത്തിന് ഒരുപരിധി വരെ പരിഹാരം കണ്ടെത്താൻ കഴിയും. എന്താണ് 70/10/10/10 ഫോർമുല? ഇത് വഴി ചെലവുകൾ കുറയ്ക്കാൻ കഴിയുമോ? പരിശോധിക്കാം….
എന്താണ് 70/10/10/10 നിയമം?
നിങ്ങളുടെ മാസവരുമാനത്തെ പ്രധാനമായും നാല് ഭാഗങ്ങളായി തിരിക്കുന്ന രീതിയാണിത്. ഓരോ രൂപയും എന്തിനുവേണ്ടി ചെലവാക്കണം എന്ന് മുൻകൂട്ടി തീരുമാനിക്കാൻ ഇത് നിങ്ങളെ സഹായിക്കുന്നു.
ദൈനംദിന ജീവിതച്ചെലവുകൾക്ക് – 70% : നിങ്ങളുടെ ശമ്പളത്തിന്റെ 70 ശതമാനം വീട്ടുവാടക, പലചരക്ക് സാധനങ്ങൾ, കറന്റ് ബില്ല്, യാത്രാക്കൂലി, ഇൻഷുറൻസ്, കുട്ടികളുടെ പഠനച്ചെലവ് തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്കായി മാറ്റിവെക്കുക. നിലവിലെ ജീവിതസാഹചര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഈ തുക ഉപയോഗിക്കാം.
ദീർഘകാല നിക്ഷേപം – 10%: ഭാവിയിലേക്കായി സമ്പാദ്യം കെട്ടിപ്പടുക്കാൻ വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണം. ഇത് പെട്ടെന്നുള്ള ആവശ്യങ്ങൾക്കുള്ളതല്ല. മ്യൂച്വൽ ഫണ്ടുകൾ, റിട്ടയർമെന്റ് ഫണ്ടുകൾ അല്ലെങ്കിൽ ഓഹരി വിപണി തുടങ്ങിയവയിൽ ദീർഘകാലാടിസ്ഥാനത്തിൽ നിക്ഷേപിക്കാൻ ഈ തുക ഉപയോഗിക്കാം.
ഹ്രസ്വകാല സമ്പാദ്യം – 10% : അപ്രതീക്ഷിതമായി വരുന്ന ചെലവുകളെ നേരിടാനാണ് ഈ 10 ശതമാനം. ഒരു ‘എമർജൻസി ഫണ്ട്’ ആയി ഇതിനെ കാണാം. പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകൾ, വീട്ടുപകരണങ്ങൾ വാങ്ങുക, അല്ലെങ്കിൽ യാത്രകൾ പോകുക തുടങ്ങിയ ആവശ്യങ്ങൾക്കായി ഈ പണം ഉപയോഗിക്കാം.
ALSO READ: പാൻ കാർഡ് അപ്ഡേറ്റ് ചെയ്തോ..? സിംപിളാണ്! ഓൺലൈനായി മാറ്റുന്നതിനുള്ള ഘട്ടം ഘട്ടമായുള്ള വിവരങ്ങൾ
കടം വീട്ടാനോ മറ്റ് വ്യക്തിഗത വളർച്ചയ്ക്ക് – 10%: ബാക്കിയുള്ള 10 ശതമാനം നിങ്ങൾ എടുത്ത ലോണുകളോ കടങ്ങളോ വേഗത്തിൽ തിരിച്ചടയ്ക്കാൻ ഉപയോഗിക്കാം. കടങ്ങൾ ഇല്ലാത്തവരാണെങ്കിൽ, പുതിയ കാര്യങ്ങൾ പഠിക്കാനോ, ഉന്നത വിദ്യാഭ്യാസത്തിനോ അല്ലെങ്കിൽ നിങ്ങളുടെ കരിയറിൽ മുന്നേറാൻ സഹായിക്കുന്ന കോഴ്‌സുകൾക്കോ വേണ്ടി ഈ തുക ചെലവാക്കാം.
നിയമം എങ്ങനെ സഹായിക്കുന്നു?
70/10/10/10 നിയമം വഴി വരുമാനം കിട്ടുമ്പോൾ തന്നെ അത് എവിടെ ചെലവാക്കണം എന്ന കൃത്യമായ ധാരണ ലഭിക്കുന്നു. ജീവിതച്ചെലവുകൾ വരുമാനത്തിന്റെ 70 ശതമാനത്തിന് മുകളിൽ പോകുന്നുണ്ടെങ്കിൽ, നിങ്ങൾ ഒന്നുകിൽ ജീവിതരീതി മാറ്റണം അല്ലെങ്കിൽ വരുമാനം വർധിപ്പിക്കണം എന്ന വ്യക്തമായ സൂചന ലഭിക്കുന്നു. കൂടാതെ, ഒരു എമർജൻസി ഫണ്ടും ദീർഘകാല നിക്ഷേപവും ഉള്ളത് സാമ്പത്തികമായി നിങ്ങളെ സുരക്ഷിതരാക്കുന്നു.