Bank of Baroda Recruitment 2025: ബാങ്ക് ഓഫ് ബറോഡയില്‍ 330 ഒഴിവുകൾ; എഴുത്തുപരീക്ഷയില്ല, ആർക്കൊക്കെ അപേക്ഷിക്കാം?
Bank of Baroda Officer Level Recruitment 2025: അസിസ്റ്റൻ്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് തുടങ്ങിയ തസ്തികകളിലായി ആകെ 330 ഒഴിവുകളാണ് ഉള്ളത്.
എഴുത്ത് പരീക്ഷകളൊന്നുമില്ലാതെ ബാങ്കിൽ ജോലി നേടാൻ അവസരം. ബാങ്ക് ഓഫ് ബറോഡ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻ്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ, അസിസ്റ്റൻ്റ് വൈസ് പ്രസിഡൻ്റ് തുടങ്ങിയ തസ്തികകളിലായി ആകെ 330 ഒഴിവുകളാണ് ഉള്ളത്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി ഓഗസ്റ്റ് 19.
വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനത്തിൽ പറയുന്ന നിർദ്ദിഷ്‌ട വിദ്യാഭ്യാസ യോഗ്യതകളും പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാനാവുക. ക്ലെറിക്കൽ തസ്തികകളിലെ പ്രവൃത്തിപരിചയമോ അല്ലെങ്കിൽ ആറുമാസത്തിൽ താഴെയുള്ള സേവനകാലയളവോ പരിഗണിക്കുന്നതല്ല.
ജനറൽ, ഒബിസി, ഇഡബ്ല്യു.എസ് ഉദ്യോഗാർത്ഥികൾക്ക് 850 രൂപയാണ് അപേക്ഷ ഫീസ്. എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, സ്ത്രീകൾ എന്നിവർക്ക് 175 രൂപായുമാണ് ഫീസ്. അപേക്ഷ അയക്കുന്നവരിൽ നിന്ന് യോഗ്യതയുടെയും പ്രവൃത്തിപരിചയത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ ഷോർട്ട്ലിസ്റ്റ് ചെയ്യുക.
തുടർന്ന്, വ്യക്തിഗത അഭിമുഖം ഉണ്ടാകും. ഒപ്പം, മറ്റ് തൊഴിൽ പ്രാവിണ്യ വിലയിരുത്തലുകളും ഉണ്ടാവും. അഭിമുഖത്തിലെ പ്രകടനവും മറ്റ് യോഗ്യതകളും പരിഗണിച്ചാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക. തുല്യ മാർക്ക് വരുന്ന സാഹചര്യത്തിൽ പ്രായക്കൂടുതലുള്ള ഉദ്യോഗാർത്ഥിക്ക് മുൻഗണന നൽകുന്നതാണ്.
ALSO READ: 89 തസ്തികകളിൽ വിജ്ഞാപനം, സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം
കരാർ അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ അഞ്ച് വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമിക്കുക. ഈ കാലയളവിലെ പ്രകടനം അനുസരിച്ച് ഇത് പരമാവധി 10 വർഷം വരെ നീട്ടാം. വിശദ വിവരങ്ങൾക്ക് ഔദ്യോഗിക വിജ്ഞാപനം പരിശോധിക്കുക.
എങ്ങനെ അപേക്ഷിക്കാം?
- ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ bankofbaroda.in സന്ദർശിക്കുക
- ഹോം പേജിലെ ‘കരിയർ’ വിഭാഗത്തിൽ നിന്ന് ‘നിലവിലെ അവസരങ്ങൾ’ എന്നതിൽ ക്ലിക്ക് ചെയ്യുക.
- അനുയോജ്യമായ തസ്‌തിക തിരഞ്ഞെടുത്ത ശേഷം ‘ഇപ്പോൾ അപേക്ഷിക്കുക’ എന്നത് തിരഞ്ഞെടുക്കുക.
- അടിസ്ഥാന വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക.
- ശേഷം ആവശ്യമായ രേഖകൾ അപ്‌പ്ലോഡ് ചെയ്ത്, അപേക്ഷാ ഫീസ് അടയ്ക്കുക.
- തുടരാവശ്യങ്ങൾക്കായി അപേക്ഷ ഫോമിന്റെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാം.