Kerala Rain Holiday: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാളെ അവധിയുണ്ടോ?
Kerala School and College Holiday Updates: എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഈ പ്രതീക്ഷയില്‍ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നതിന്റെ തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ അതത് ജില്ലകളിലെ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജില്‍ അവധി അപേക്ഷയുമായി വിദ്യാര്‍ത്ഥികള്‍. എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലാണ് നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചാല്‍ സാധാരണ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കുന്ന പതിവുണ്ട്. ഈ പ്രതീക്ഷയില്‍ കളക്ടര്‍മാരുടെ ഫേസ്ബുക്ക് പേജുകള്‍ ഇടയ്ക്കിടെ പരിശോധിക്കുന്നതിന്റെ തിരക്കിലാണ് വിദ്യാര്‍ത്ഥികള്‍. നിലവില്‍ ഒരു ജില്ലയിലും നാളെ അവധി പ്രഖ്യാപിച്ചിട്ടില്ല.
എന്നാല്‍ അലര്‍ട്ടുകള്‍ മാത്രം പരിഗണിച്ചല്ല കളക്ടര്‍മാര്‍ അവധി പ്രഖ്യാപിക്കുന്നത്. താലൂക്ക് അടിസ്ഥാനത്തിലടക്കമുള്ള വിശദമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിക്കുന്നത്. നാളെ എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
മലപ്പുറം, പാലക്കാട്, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ടാണ്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓഗസ്ത് ആറു വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.