Current Affairs: പഹൽഗാം ഭീകരരെ വധിച്ച ഇന്ത്യൻ സേനയുടെ ഓപ്പറേഷൻ? മത്സരപരീക്ഷകളെ നേരിടാൻ ഇവ ഓർത്തിരിക്കാം…
Current Affairs 2025: മത്സരപരീക്ഷകളെ അഭിമുഖീകരിക്കാൻ ആനുകാലിക സംഭവങ്ങളെ കുറിച്ചുള്ള അറിവ് അനിവാര്യമാണ്. കഴിഞ്ഞ ദിവസങ്ങളിൽ സംഭവിച്ച പ്രധാന കാര്യങ്ങൾ ഇതാ...
1. ‘അപ്‌ന ഘർ’ സംരംഭം അടുത്തിടെ ഏത് മന്ത്രാലയമാണ് ആരംഭിച്ചത്?
പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം
ദേശീയ പാതകളിലെ ട്രക്ക് ഡ്രൈവർമാർക്ക് സുരക്ഷിതവും സുഖകരവും ശുചിത്വവുമുള്ള വിശ്രമ സൗകര്യങ്ങൾ നൽകുന്നതിനായി ആരംഭിച്ച സംരംഭം. പൊതുമേഖലാ എണ്ണ വിപണന കമ്പനികളുടെ (ഒഎംസി) പിന്തുണയോടെയാണ് ഇത് നടപ്പിലാക്കുന്നത്.
2. ഡിജിറ്റൽ പരിവർത്തനത്തിനും വ്യാവസായിക നവീകരണത്തിനുമായി നുമലിഗഡ് റിഫൈനറി ലിമിറ്റഡ് (NRL) ഏത് സ്ഥാപനവുമായാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്?
ബിഎസ്എൻഎൽ
ഗുവാഹത്തിയിൽ നടന്ന “സിപിഎസ്ഇകൾക്കായുള്ള ഇൻഡസ്ട്രി 4.0 വർക്ക്ഷോപ്പ്” വേളയിൽ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (BSNL) നുമലിഗഡ് റിഫൈനറി ലിമിറ്റഡും (NRL) നാഴികക്കല്ലായ ധാരണാപത്രത്തിൽ ഒപ്പുവച്ചു. ധനകാര്യ മന്ത്രാലയത്തിന് കീഴിലാണ് ഈ പരിപാടി സംഘടിപ്പിച്ചത്.
3. 2025 ഓഗസ്റ്റ് 1-ന് ഇന്ത്യൻ നാവികസേനയുടെ വൈസ് മേധാവിയായി ചുമതലയേറ്റത് ആരാണ്?
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ
വൈസ് അഡ്മിറൽ സഞ്ജയ് വാത്സയൻ 2025 ഓഗസ്റ്റ് 1-ന് നാവികസേനയുടെ 47-ാമത് വൈസ് മേധാവിയായി ചുമതലയേറ്റു. എവിഎസ്എം (അതി വിശിഷ്ട സേവാ മെഡൽ), എൻഎം (നൗ സേന മെഡൽ) നേടിയ വ്യക്തിത്വം ആണദ്ദേഹം.
4. അടുത്തിടെ സരസ്വത് സഹകരണ ബാങ്കിൽ ലയിപ്പിച്ച സഹകരണ ബാങ്ക് ഏതാണ്?
ന്യൂ ഇന്ത്യ സഹകരണ ബാങ്ക്
ന്യൂ ഇന്ത്യ സഹകരണ ബാങ്കിനെ (എൻഐസിബി) സരസ്വത് സഹകരണ ബാങ്കുമായി സ്വമേധയാ ലയിപ്പിക്കുന്നതിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അംഗീകാരം നൽകി. ലയനം 2025 ഓഗസ്റ്റ് 4 മുതൽ പ്രാബല്യത്തിൽ വന്നു.
5. 2025 ഓഗസ്റ്റിൽ അന്തരിച്ച മലയാള സാഹിത്യക്കാരൻ?
എംകെ സാനു
ഓഗസ്റ്റ് രണ്ടിനായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകൾ അദ്ദേഹം നേടിയിട്ടുണ്ട്.
ALSO READ: ഇന്ത്യ-യുഎസ് വ്യാപാര കരാർ, ചരിത്രനേട്ടവുമായി ദിവ്യ ദേശ്മുഖ്; ഇക്കാര്യങ്ങൾ ഓർത്തിരിക്കാം…
6. 2025 ജൂലൈയിൽ പഹൽഗാം ഭീകരരെ വധിച്ച ഇന്ത്യൻ സുരക്ഷ സേനയുടെ ഓപ്പറേഷൻ?
ഓപ്പറേഷൻ മഹാദേവ്
2025 ഏപ്രിലിൽ 26 പേരുടെ മരണത്തിന് കാരണമായ പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ തീവ്രവാദികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ, ജമ്മു കശ്മീരിലെ ലിദ്വാസ്-ദാര മേഖലയിൽ ഇന്ത്യൻ സുരക്ഷാ സേന നടത്തിയ ഈ ഓപ്പറേഷനിൽ പാകിസ്ഥാനിൽ നിന്നുള്ള മൂന്ന് ലഷ്കർ-ഇ-തൊയ്ബ (എൽഇടി) തീവ്രവാദികൾ കൊല്ലപ്പെട്ടു.
7. 2025ലെ യൂറോ കപ്പ് വനിതാ കിരീടം നേടിയത്?
ഇംഗ്ലണ്ട്
തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോപ്പ് വനിത ഫുട്‌ബോളിന്റെ അധിപന്‍മാരാകുന്നത്. സ്‌പെയിനിനെ കീഴടക്കിയാണ് ഇംഗ്ലണ്ടിന്റെ വിജയം.
8. കേരളത്തിലെ ആദ്യ അവക്കാഡോ നഗരം?
അമ്പലവയൽ
കൃഷിമന്ത്രി പി. പ്രസാദാണ് പ്രഖ്യാപനം നടത്തിയത്. അവൊക്കാഡോ കൃഷിയും വിപണനവും ഏറ്റവും കൂടുതലുള്ളതിനാലാണ് ഈ ബഹുമതി അമ്പലവയലിനെ തേടിയെത്തിയത്.
9. 2025 ജൂലൈയിൽ അന്തരിച്ച കോവിഡ് പ്രതിരോധ പദ്ധതിയുടെ നായകസ്ഥാനം വഹിച്ച ലോകാരോഗ്യ സംഘടന പ്രത്യേക പ്രതിനിധി?
ഡേവിഡ് നബാരോ
ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളും പട്ടിണിക്കെതിരേയുള്ള പോരാട്ടവും കണക്കിലെടുത്ത് 2018-ല്‍ വേള്‍ഡ് ഫുഡ് പ്രൈസ് ലഭിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിക്കാലത്തെ പ്രവർത്തനങ്ങളെ മാനിച്ച് 2023-ല്‍ ചാള്‍സ് മൂന്നാമന്‍ രാജാവ് ഡോക്ടർ നബാരോയെ ആദരിച്ചിരുന്നു.
10. ഇന്ത്യയിലെ ആദ്യ വേഴാമ്പൽ സംരക്ഷണ കേന്ദ്രം നിലവിൽ വന്നത്?
തമിഴ്നാട്
ആനമല കടുവ സംരക്ഷണ കേന്ദ്രത്തിലാണ് നിലവിൽ വന്നത്. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണ കോർപ്പസ് ഫണ്ടിന് കീഴിൽ ₹1 കോടി ധനസഹായം നൽകുന്ന ഈ കേന്ദ്രം, പശ്ചിമഘട്ടത്തിൽ നിന്നുള്ള നാല് വേഴാമ്പൽ ഇനങ്ങളെ സംരക്ഷിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കും .