BSF Recruitment 2025: പത്താം ക്ലാസും ഐടിഐയും യോഗ്യത; 69,000 വരെ ശമ്പളം; ബിഎസ്എഫിൽ കോൺസ്റ്റബിളാകാം
BSF Constable Recruitment 2025: ആകെ 3588 ഒഴിവുകളാണ് ഉള്ളത്. ഇതിൽ പുരുഷന്മാർക്ക് 3,406 ഒഴിവുകളും സ്ത്രീകൾക്ക് 182 ഒഴിവുകളും ഉൾപ്പെടുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 23 വരെ അപേക്ഷ നൽകാം.

പ്രതീകാത്മക ചിത്രം
ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 3588 ഒഴിവുകളാണ് ഉള്ളത്. ഇതിൽ പുരുഷന്മാർക്ക് 3,406 ഒഴിവുകളും സ്ത്രീകൾക്ക് 182 ഒഴിവുകളും ഉൾപ്പെടുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 23 വരെ ഓൺലൈനായി അപേക്ഷ നൽകാം.
കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യമാണ്. എന്നാൽ, ഓരോ ട്രേഡിനും വേണ്ട വിദ്യാഭ്യാസ യോഗ്യത വ്യത്യാസമാണ്. കാർപെന്റർ, പ്ലംബർ, പെയിന്റർ, ഇലക്ട്രീഷ്യൻ, പമ്പ് ഓപ്പറേറ്റർ, അപ്‌ഹോൾസ്റ്റർ തുടങ്ങിയ സാങ്കേതിക ട്രേഡുകൾക്ക് പത്താം ക്ലാസോടൊപ്പം രണ്ടുവർഷത്തെ ഐടിഐ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഒരു വർഷത്തെ ഐടിഐ സർട്ടിഫിക്കറ്റും ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. കൂടാതെ, ഉദ്യോഗാർത്ഥികൾ ബിഎസ്എഫ് നടത്തുന്ന ട്രേഡ് ടെസ്റ്റ് പാസാകുകയും വേണം.
അപേക്ഷകർ 18നും 25നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. എസ്.സി, എസ്.ടി, ഒബിസി, മറ്റ് സംവരണ വിഭാഗങ്ങളിൽ പെട്ട ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ബാധകമാണ്. നിയമനപ്രക്രിയയിൽ മൂന്ന് ഘട്ടങ്ങളാണ് ഉള്ളത്. ആദ്യത്തേത് ശാരീരികക്ഷമതാ പരീക്ഷയും (PET), ശാരീരിക നിലവാര പരീക്ഷയും (PST). അടുത്തത് എഴുത്ത് പരീക്ഷയാണ്. ഒഎംആർ അല്ലെങ്കിൽ കമ്പ്യൂട്ടർ അധിഷ്‌ഠിതമായാണ് പരീക്ഷ നടത്തുക. 100 മാർക്കിന്റെ 100 ചോദ്യങ്ങളാണ് അതിൽ ഉൾപ്പെടുക. എഴുത്തു പരീക്ഷയിൽ യോഗ്യത നേടുന്നവർ രേഖാപരിശോധനയ്ക്ക് ഹാജരാകണം.
ALSO READ: അരലക്ഷത്തിനു മുകളിൽ ശമ്പളം ആയിരത്തിലധികം ഒഴിവുകൾ … ഇന്ത്യൻ നേവി വിളിക്കുന്നു…
എല്ലാ ഘട്ടങ്ങളും വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർത്ഥികളെ വിശദമായ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. കോൺസ്റ്റബിളായി നിയമിക്കപ്പെടുന്നവർക്ക് പ്രതിമാസം 21,700 രൂപ മുതൽ 69,100 രൂപ വരെ ശമ്പളം ലഭിക്കും. കൂടാതെ റേഷൻ അലവൻസ്, വൈദ്യസഹായം, സൗജന്യ താമസം, ലീവ് പാസുകൾ തുടങ്ങിയ വിവിധ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.
എങ്ങനെ അപേക്ഷിക്കാം?
- ബിഎസ്എഫിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in. സന്ദർശിക്കുക.
- ഹോം പേജിലെ ‘കോൺസ്റ്റബിൾ ട്രേഡ്‌സ്‌മാൻ 2025 റിക്രൂട്ട്‌മെൻ്റ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.
- ആവശ്യമായ വിവരങ്ങൾ നൽകി ഫോം പൂരിപ്പിക്കുക.
- ഫോട്ടോ, ഒപ്പ്, മറ്റ് സർട്ടിഫിക്കറ്റുകൾ തുടങ്ങിയ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്ലോഡ് ചെയ്യുക.
- ഓൺലൈനായി അപേക്ഷാ ഫീസ് അടച്ച ശേഷം ഫോം സമർപ്പിക്കാം.
- ഭാവിയിലെ ആവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കാം.