CBSL Trainee Recruitment 2025: കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ അവസരം, ബിരുദധാരികള്‍ക്ക് ട്രെയിനികളാകാം
Canara Bank Securities Limited Trainee Recruitment 2025: ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഓൺലൈനായോ നേരിട്ടോ അഭിമുഖം നടത്തും, അപേക്ഷകർ അവരുടെ അപേക്ഷയിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിൽ അഭിമുഖത്തിന്റെ തീയതിയും സമയവും മുൻകൂട്ടി അറിയിക്കും
കാനറ ബാങ്കിന്റെ സ്ഥാപനമായ കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡില്‍ (സിബിഎസ്എല്‍) ട്രെയിനി (സെയില്‍സ് & മാര്‍ക്കറ്റിങ്) തസ്തികയിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ഒക്ടോബര്‍ ആറു വരെ അപേക്ഷ സമര്‍പ്പിക്കാം. ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം. 20-30 പ്രായപരിധിയിലുള്ളവര്‍ക്ക് അപേക്ഷിക്കാം. കാപിറ്റല്‍ മാര്‍ക്കറ്റിലും, ഫിനാന്‍ഷ്യല്‍ സര്‍വീസിലും പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അവര്‍ എക്‌സ്പീരിയന്‍സ് പ്രൂഫ് സമര്‍പ്പിക്കേണ്ടി വരും.
കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡിൽ ട്രെയിനി (സെയിൽസ് & മാർക്കറ്റിംഗ്) ആയി നിയമനം നടത്തുന്നത് കാനറ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡിലോ കാനറ ബാങ്കിലോ ഉള്ള ജോലിയായി കണക്കാക്കില്ലെന്ന് ഔദ്യോഗിക വിജ്ഞാപനത്തില്‍ പറയുന്നു. മാർക്കറ്റിംഗ്, വിൽപ്പന എന്നിവയിൽ പരിചയമുള്ളവർക്ക് മുൻഗണന. ഫ്രഷേഴ്‌സിനും അപേക്ഷിക്കാം.
പ്രതിമാസം 22000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. വേരിയബിള്‍ പേയായി രണ്ടായിരം രൂപയും ലഭിക്കും. പ്രകടനം തൃപ്തികരമാണെങ്കിലാണ് പ്രതിമാസം ഇത് ലഭിക്കുക.
അപേക്ഷിക്കേണ്ട വിധം
canmoney.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ചതിന് ശേഷം മാത്രം അപേക്ഷിക്കു. ഈ വെബ്‌സൈറ്റിലെ കരിയര്‍ വിഭാഗത്തില്‍ അപേക്ഷിക്കാനുള്ള ലിങ്ക് നല്‍കിയിട്ടുണ്ട്. ഓണ്‍ലൈനായും അല്ലാതെയും അപേക്ഷിക്കാം. ഓണ്‍ലൈനായി അല്ലാതെ അപേക്ഷിക്കുന്നതിനുള്ള അഡ്രസ് വിജ്ഞാപനത്തില്‍ നല്‍കിയിട്ടുണ്ട്.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഓൺലൈനായോ നേരിട്ടോ അഭിമുഖം നടത്തും, അപേക്ഷകർ അവരുടെ അപേക്ഷയിൽ നൽകിയിരിക്കുന്ന ഇമെയിൽ ഐഡിയിൽ അഭിമുഖത്തിന്റെ തീയതിയും സമയവും മുൻകൂട്ടി അറിയിക്കും.