CM Kids Scholarship 2026: നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് സി.എം. കിഡ്സ് സ്കോളർഷിപ്പിന് ഇനിയും അപേക്ഷിക്കാം, മാനദണ്ഡങ്ങൾ ഇങ്ങനെ
CM Kids Scholarship 2025-26 Application : എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളെ ഏകീകരിച്ച് ഈ വർഷം മുതലാണ് 'സി.എം. കിഡ്സ് സ്കോളർഷിപ്പ്' എന്ന പേരിൽ പരീക്ഷകൾ നടത്തുന്നത്. 2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടക്കും.
തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ നാല്, ഏഴ് ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി നടത്തുന്ന സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി/യു.പി വിഭാഗം) പരീക്ഷകളുടെ രജിസ്ട്രേഷൻ തീയതി നീട്ടി. പുതുക്കിയ വിജ്ഞാപന പ്രകാരം വിദ്യാർത്ഥികൾക്ക് ജനുവരി 19 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. മുൻപ് ഇത് ജനുവരി 15 വരെയായിരുന്നു.
പരീക്ഷാ വിവരങ്ങൾ
എൽ.എസ്.എസ് (LSS), യു.എസ്.എസ് (USS) പരീക്ഷകളെ ഏകീകരിച്ച് ഈ വർഷം മുതലാണ് ‘സി.എം. കിഡ്സ് സ്കോളർഷിപ്പ്’ എന്ന പേരിൽ പരീക്ഷകൾ നടത്തുന്നത്. 2026 ഫെബ്രുവരി 26-ന് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് പരീക്ഷ നടക്കും. പരീക്ഷയിൽ നിശ്ചിത കട്ട് ഓഫ് മാർക്ക് നേടി വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിവർഷം സ്കോളർഷിപ്പ് തുക ലഭിക്കും. എൽപി വിഭാഗത്തിന് വർഷത്തിൽ 1,000 രൂപ വീതം മൂന്ന് വർഷത്തേക്കും. യുപി വിഭാഗത്തിന് വർഷത്തിൽ 1,500 രൂപ വീതം മൂന്ന് വർഷത്തേക്കുമാണ് ലഭിക്കുക.
ALSO READ: വിദ്യാര്‍ത്ഥികളുടെ ആവശ്യം എന്‍ടിഎ കേട്ടു; സിയുഇടി പിജിക്ക് ഇനിയും അപേക്ഷിക്കാം
പരീക്ഷാ രീതിയും സമയക്രമവും
ഫെബ്രുവരി 26-ന് രണ്ട് പേപ്പറുകളിലായാണ് പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്.
- രാവിലെ 10.00 – 12.00: ഒന്നാം പേപ്പർ.
- ഉച്ചയ്ക്ക് 1.30 – 3.30: രണ്ടാം പേപ്പർ.
വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക പോർട്ടലായ bpekerala.in വഴി സ്കൂൾ പ്രധാനാധ്യാപകർ മുഖേനയാണ് അപേക്ഷകൾ നൽകേണ്ടത്. പരീക്ഷയ്ക്ക് പ്രത്യേകം ഫീസ് നൽകേണ്ടതില്ല. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ അർഹരായ എല്ലാ വിദ്യാർത്ഥികളും ജനുവരി 19-നുള്ളിൽ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.