CUSAT: കുസാറ്റിലെ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ നാളെ മുതൽ സമർപ്പിക്കാം; വിശദാംശങ്ങളറിയാം
CUSAT Admission 2025 - 2026 Starts Tomorrow: കുസാറ്റ് സർവകലാശാലയിലെ വിവിധ പ്രോഗ്രാമുകൾക്കുള്ള അപേക്ഷ ഫെബ്രുവരി ആറ് മുതൽ സമർപ്പിക്കാം. ഈ മാസം 20 ആണ് അവസാന തീയതി.

കുസാറ്റ് സർവകലാശാലയിൽ വിവിധ പ്രോഗ്രാമുകളിലേക്കുള്ള അപേക്ഷ ഈ മാസം ആറ് മുതൽ സമർപ്പിക്കാം. 2025 – 2026 അധ്യയന വർഷത്തേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ, ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് നാളെ മുതൽ അപേക്ഷ സമർപ്പിക്കാം. കുസാറ്റ് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ https://admissions.cusat.ac.in ലൂടെ അപേക്ഷകൾ സമർപ്പിക്കാം. ഈ മാസം 20 ആണ് അവസാന തീയതി.
പ്രധാനമായും സർകവലാശാല നടത്തുന്ന ഓൺലൈൻ കോമൺ അഡ്‌മിഷൻ ടെസ്‌റ്റ് അഥവാ കുസാറ്റ് – ക്യാറ്റ് ആണ് കുസാറ്റ് പ്രവേശനത്തിനുള്ള ഒരു മാർഗം. ബിടെക് ലാറ്ററൽ എൻട്രി ടെസ്‌റ്റ് (എൽഇടി), ഡിപ്പാർട്ട്മെൻ്റൽ അഡ്മിഷൻ ടെസ്റ്റ് (ഡിഎടി) എന്നീ മാർഗങ്ങളിലൂടെയും കുസാറ്റ് പ്രവേശനം ലഭിക്കും. കേരളത്തിലെ പട്ടികജാതി വിഭാഗക്കാർക്ക് പല പ്രോഗ്രാമുകൾക്കും യോഗ്യതാപരീക്ഷയിൽ പാസ്‌മാർക്ക് ലഭിച്ചാൽ പ്രവേശനം ലഭ്യമാവും. ക്രീമിലെയറിൽപ്പെടാത്ത പിന്നാക്കവിഭാഗക്കാർക്ക് 5% മാർക്കിളവ് ലഭിക്കും. കുസാറ്റ് ടെസ്റ്റിൽ ലഭിക്കുന്ന റാങ്കനുസരിച്ച് ഓപ്ഷണൽ രെജിസ്ട്രേഷൻ്റെ സമയത്ത് സ്വന്തം മുൻഗണനാക്രമമനുസരിച്ച് പ്രോഗ്രാമുകൾ തിരഞ്ഞെടുക്കാം.
19 കോഡുകളാണ് കുസാറ്റിലെ പ്രോഗ്രാമുകൾ. ഈ കോഡുകൾ പ്രോസ്പെക്ടസിന്റെ 71–73 പേജുകൾ നോക്കി മനസ്സിലാക്കാം. ഈ കോഡുകൾക്കനുസരിച്ചാണ് ടെസ്റ്റ് ഫീസ്. ചില പ്രത്യേക വിഭാഗക്കാർക്ക് പ്രത്യേക ഫീസുകളാണ്. കേരളത്തിലെ പട്ടികവിഭാഗക്കാർക്ക് 700 രൂപയാണ് രണ്ട് ടെസ്റ്റ് കോഡിന് വരെ നൽകേണ്ട തുക. സാധാരണക്കാർക്ക് 1500 രൂപ വരെയാവും. രണ്ടിൽ കൂടുതലുള്ള ഓരോ ടെസ്റ്റ് കോഡിലും 500 രൂപ വീതം നൽകണം. പട്ടികവിഭാഗക്കാർക്ക് 250 രൂപ വീതമാണ് നൽകേണ്ടത്. എംടെക്, എംബിഎ അപേക്ഷയ്ക്ക് അധികത്തുക വേണ്ട. ഗൾഫിലുള്ള ഇന്ത്യക്കാരുടെ മക്കൾക്ക് രണ്ട് ടെസ്റ്റ് കോഡുകൾക്കായി 6500 രൂപ അടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് 5700 രൂപ അടച്ചാൽ മതിയാവും. കൂടുതലുള്ള ടെസ്റ്റ് കോഡുകളിൽ സാധാരണക്കാർക്ക് 500 രൂപ വീതവും പട്ടികവിഭാഗക്കാർക്ക് 250 രൂപ വീതവും അടയ്ക്കണം. പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് 1500 രൂപ വീതം അടയ്ക്കണം. പട്ടികവിഭാഗക്കാർക്ക് 700 രൂപ വീതമാണ് അടയ്ക്കേണ്ടത്. ഈ തുക ബന്ധപ്പെട്ട വകുപ്പിലടച്ചാണ് അപേക്ഷാഫോറം വാങ്ങേണ്ടത്.