Cusat Recruitment 2025: കുസാറ്റിൽ പത്താം ക്ലാസുകാർക്ക് അവസരം; 22,240 വരെ ശമ്പളം, ഉടൻ അപേക്ഷിക്കൂ
CUSAT Security Guard Recruitment 2025: താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 20.

പ്രതീകാത്മക ചിത്രം
കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കുസാറ്റ്) സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 15 ഒഴിവുകളാണ് ഉള്ളത്. താൽപര്യവും യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 20.
അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം. സൈനിക/ സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ്/ ബോർഡർ സെക്യൂരിറ്റി ഫോഴ്സ്/ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ്/ ഇന്തോ – ടിബറ്റൻ ബോർഡർ പോലീസ്/ ശാസ്ത്ര സീമ ബാൽ സർവീസ് എന്നിവയിൽ ഏതിലെങ്കിലും കുറഞ്ഞത് അഞ്ച് വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. നല്ല ശാരീരിക ക്ഷമത ഉള്ളവർക്കാണ് അവസരം.
അപേക്ഷകർക്ക് 2025 ജനുവരി ഒന്നിന് 56 വയസ് കവിയരുത്. അപേക്ഷ നൽകാൻ 900 രൂപ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി ഉദ്യോഗാർത്ഥികൾക്ക് 185 രൂപയാണ് അപേക്ഷ ഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനൊപ്പം ഓൺലൈനായി തന്നെ ഫീസും അടയ്ക്കണം. ഡോക്യുമെന്റ് വെരിഫിക്കേഷൻ, എഴുത്ത് പരീക്ഷ, വ്യക്തിഗത അഭിമുഖം എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 22,240 രൂപ ശമ്പളം ലഭിക്കും.
എങ്ങനെ അപേക്ഷിക്കാം?
- കുസാറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.cusat.ac.in സന്ദർശിക്കുക.
- ഹോം പേജിൽ ലഭ്യമായ ‘കരിയർ’ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക.
- അതിൽ നിന്നും സെക്യൂരിറ്റി ഗാർഡ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക.
- അപേക്ഷ ഫോം പൂരിപ്പിച്ച ശേഷം, ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്തു കൊടുക്കാം.
- ഇനി ഫീസ് അടച്ച്, അപേക്ഷ സമർപ്പിക്കാവുന്നതാണ്.
- ഭാവി ആവശ്യങ്ങൾക്കായി ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കുക.
ഓൺലൈനായി അപേക്ഷിച്ച ശേഷം, അപ്ലോഡ് ചെയ്ത അപേക്ഷ ഫോമിന്റെ ഒപ്പിട്ട കോപ്പി, പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയം, സമുദായം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം യുണിവേഴ്സിറ്റിയിലേക്ക് അയയ്ക്കണം. “രജിസ്ട്രാർ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്, കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി, കൊച്ചി – 22” എന്ന വിലാസത്തിലേക്കാണ് രേഖകൾ അയയ്‌ക്കേണ്ടത്. കവറിൽ മേൽവിലാസത്തോടൊപ്പം ‘സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്കുള്ള അപേക്ഷ’ എന്ന് കൂടി എഴുതിയിരിക്കണം.