Engineering Study: പ്രൈവറ്റ് എഞ്ചിനീയറിങ് പഠനത്തിനു ഇനി ഒരു സെമസ്റ്ററിൽ ഫീസ് മാത്രം ഒന്നരലക്ഷം, മെറിറ്റ് സീറ്റിലും വൈകാതെ ഫീസുയരും
Engineering colleges will soon charge 1.5 lakh per semester : ഓരോ വർഷവും അഞ്ചു ശതമാനം വരെ ഫീസ് കൂട്ടാമെന്ന് 2019 ലെ ഉത്തരവ് നടപ്പാവുന്നില്ലെന്നും 10 വർഷമായിട്ട് സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഫീസ് കൂട്ടിയിട്ടില്ലെന്നും ആണ് അസോസിയേഷൻ പരാതി പറയുന്നത്.
കൊച്ചി: എഞ്ചിനീയറിങ് പഠനം ഇനി പണ്ടത്തേതു പോലെ സ്വാശ്രയ കോളേജിൽ നിന്ന് കുറഞ്ഞ ഫീസിൽ പൂർത്തിയാക്കാൻ കഴിയില്ല. ഇനിമുതൽ എഞ്ചിനീയറിങ് മാനേജ്മെന്റ് സീറ്റിൽ പഠിക്കാൻ ചിലവേറും. ബി ടെക് കോഴ്സിനുള്ള വാർഷിക ഫീസ് 33% വരെ കൂട്ടാനാണ് ഫീസ് റെഗുലേറ്ററി സമിതിയുടെ ശുപാർശ. മാനേജ്മെന്റ് സീറ്റിന് ട്യൂഷൻ ഫീസ് ആയി 99,000 രൂപയും സ്പെഷ്യൽ ഫീസായി 2,000 രൂപയും ആണ് ഇപ്പോൾ ഈടാക്കുന്നത്.
ഫീസ് കൂട്ടുന്നതോടെ ഇത് ഒന്നര ലക്ഷത്തിന് മുകളിലാവും. മനേജ്മെന്റുകൾ സമ്മർദ്ദം ചെലുത്തുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് വർഷം ആയതിനാൽ മെറിറ്റ് സീറ്റുകളിൽ ഫീസ് കൂട്ടാൻ കഴിയില്ലെന്ന നിലപാടിലാണ് സർക്കാറുള്ളത്. കീം പരീക്ഷാഫലം പ്രഖ്യാപിച്ചിട്ടും ഇതുവരെ ഫീസിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഇത് സംബന്ധിച്ചുള്ള സർക്കാർ ഉത്തരവ് ഇറങ്ങാത്തതിനാൽ പ്രവേശന നടപടികളും ഇതുവരെ ആരംഭിച്ചിട്ടില്ല. കേരള സെൽഫ് ഫിനാൻസിംഗ് എൻജിനീയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനാണ് ഫീസ് വർദ്ധന സംബന്ധിച്ചുള്ള ആവശ്യമുയർത്തിയിരിക്കുന്നത്.
ഓരോ വർഷവും അഞ്ചു ശതമാനം വരെ ഫീസ് കൂട്ടാമെന്ന് 2019 ലെ ഉത്തരവ് നടപ്പാവുന്നില്ലെന്നും 10 വർഷമായിട്ട് സ്വാശ്രയ എൻജിനീയറിങ് കോളേജുകളിൽ ഫീസ് കൂട്ടിയിട്ടില്ലെന്നും ആണ് അസോസിയേഷൻ പരാതി പറയുന്നത്.
സർക്കാരിന് വിട്ടു നൽകാറുള്ള 50% സീറ്റിലും മാനേജ്മെന്റ് സീറ്റിലുമായി 60% ഫീസ് വർദ്ധന വേണമെന്നാണ് അസോസിയേഷന്റെ ആവശ്യം. നിലവിൽ മെറിറ്റ് സീറ്റിന് ഫീസ് കൂട്ടില്ലെന്നാണ് സർക്കാരിന്റെ തീരുമാനം. മാനേജ്മെന്റ് ഫീസ് പരിഷ്കരിക്കാൻ ഫീസ് റെഗുലേറ്ററി സമിതിയെ സർക്കാർ തന്നെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമിതിയുടെ ശുപാർശയിൽ സർക്കാർ തീരുമാനമെടുത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് നിർദ്ദേശം നൽകുകയും അതനുസരിച്ചുള്ള ഉത്തരവിറങ്ങുകയും ചെയ്യും.