UAE Golden Visa: ഇന്ത്യക്കാർക്ക് ഇനി എളുപ്പത്തിൽ ഗോൾഡൻ വീസ; പുതിയ മാർഗനിർദ്ദേശങ്ങൾ പുറത്തുവിട്ട് യുഎഇ
UAE Introduces New Golden Visa For Indians: ഇന്ത്യക്കാർക്ക് നിക്ഷേപം ആവശ്യമില്ലാത്ത ഗോൾഡൻ വീസ അവതരിപ്പിച്ച് യുഎഇ. ആജീവനാന്ത വാലിഡിറ്റിയുള്ള വീസയാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യക്കാർക്കുള്ള പ്രത്യേക ഗോൾഡൻ വീസയുമായി യുഎഇ. നേരത്തെയുണ്ടായിരുന്ന നിബന്ധനകളൊക്കെ ഒഴിവാക്കി നേടാൻ കഴിയുന്ന ഗോൾഡൻ വീസയാണ് ഇപ്പോൾ യുഎഇ അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപം ഇല്ലാതെ നോമിനേഷൻ അടിസ്ഥാനമാക്കി 1,00,000 ദിർഹം ഫീസ് അടച്ചാൽ ഇനി ഇന്ത്യക്കാർക്കും ബംഗ്ലാദേശികൾക്കും ഗോൾഡൻ വീസ ലഭിക്കും.
നേരത്തെ, യുഎഇയിൽ നിക്ഷേപങ്ങളുള്ള സാധാരണക്കാർക്കാണ് ഗോൾഡൻ വീസ നൽകിയിരുന്നത്. യുഎഇയിലെ ബിസിനസിലോ വസ്‌തുവകകളിലോ കുറഞ്ഞത് രണ്ട് മില്യൺ ദിർഹമിൻ്റെയെങ്കിലും (4.66 കോടി രൂപ) നിക്ഷേപം ഉള്ളവർക്കേ മുൻപ് ഗോൾഡൻ വീസ ലഭിക്കുമായിരുന്നുള്ളൂ. പുതിയ നയപ്രകാരം നോമിനേഷൻ അടിസ്ഥാനത്തിൽ 23.30 ലക്ഷം രൂപ ഫീസടച്ച് ആർക്കും ഗോൾഡൻ വീസ സ്വന്തമാക്കാം.
ആജീവനാന്ത കാലാവധിയാണ് ഈ ഗോൾഡൻ വീസയ്ക്കുള്ളത്. കുടുംബത്തിനെയും ജോലിക്കാരെയും അടക്കം സ്പോൺസറായി കൊണ്ടുപോകാനുള്ള അവസരവുമുണ്ട്. യുഎഇയിൽ പഠിക്കാനും ജോലിചെയ്യാനും ഒരു നിയന്ത്രണവും ഉണ്ടാവില്ല. അതായത്, പ്രാദേശിക സ്പോൺസർ ഇല്ലാതെ സ്വന്തമായി കച്ചവടം ആരംഭിച്ച്, അത് നടത്താം.
ഇന്ത്യയിൽ അപേക്ഷകൾ കൈകാര്യം ചെയ്യുന്നത് റയാദ് ഗ്രൂപ്പ് എന്ന കൺസൾട്ടൻസിയാണ്. ഇന്ത്യയിലും ബംഗ്ലാദേശിലുമുള്ള വൺ വാസ്കോ സെന്ററുകൾ വഴിയോ റയാദ് ഗ്രൂപ്പിന്റെ രജിസ്റ്റർ ചെയ്ത ഓഫീസുകൾ വഴിയോ ഓൺലൈൻ പോർട്ടൽ വഴിയോ വീസയ്ക്ക് അപേക്ഷ സമർപ്പിക്കാം. കള്ളപ്പണ ഇടപാട്, ക്രിമിനൽ പശ്ചാത്തലം, സോഷ്യൽ മീഡിയ പരിശോധന എന്നിവയ്ക്ക് ശേഷം ഗോൾഡൻ വീസ അനുവദിക്കും. വീസ അനുവദിക്കുന്നതിനുള്ള അവസാന തീരുമാനം യുഎഇ സർക്കാരിൻ്റേതായിരിക്കും.
ആറ് മാസത്തിൽ കുറയാത്ത സാധുതയുള്ള പാസ്‌പോർട്ടിന്റെ പകർപ്പ്, സമീപകാലത്ത് എടുത്ത, യുഎഇ മാർഗനിർദേശങ്ങൾ പാലിക്കുന്ന പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് സ്റ്റേറ്റ്മെൻ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഉണ്ടെങ്കിൽ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാം.