Course Guide After 12th: പ്ലസ് ടുവിന് ശേഷം ഇനിയെന്ത്? കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ
Guide to Course Selection After 12th: ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ നിരവധി അവസരങ്ങളാണ് ഉള്ളത്. രാജ്യത്തിനകത്തും പുറത്തുമായി പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, നൈപുണ്യ വികസന കോഴ്‌സുകൾ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തുടങ്ങി ഒട്ടേറെ അവസരങ്ങൾ ഉണ്ട്.
പ്ലസ് ടു ഫലം വരാൻ ഇനി ഏതാനും നാളുകൾ മാത്രം ബാക്കി നിൽക്കെ ഉപരിപഠനമേഖല തെരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാർഥികൾ. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന വിദ്യാർത്ഥികൾക്ക് മുന്നിൽ നിരവധി അവസരങ്ങളാണ് ഉള്ളത്. രാജ്യത്തിനകത്തും പുറത്തുമായി പ്രൊഫഷണൽ കോഴ്‌സുകൾ, ഡിപ്ലോമ കോഴ്‌സുകൾ, നൈപുണ്യ വികസന കോഴ്‌സുകൾ, ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തുടങ്ങി ഒട്ടേറെ അവസരങ്ങൾ ഉണ്ട്. വിദ്യാർത്ഥിതുടെ താത്പര്യം വിലയിരുത്തി വേണം കോഴ്‌സുകൾ തിരഞ്ഞെടുക്കാൻ. താത്പര്യം, അഭിരുചി, മനോഭാവം എന്നിവ വളരെ പ്രധാനമാണ്.
അഭിനിവേശം കണ്ടെത്തണം
ആദ്യം സ്വയം വിലയിരുത്തണം. നിങ്ങൾക്ക് താത്പര്യമുള്ളത് എന്താണ്? പഠിക്കുന്ന കാലത്ത് ഏറ്റവും ഇഷ്ടപെട്ട വിഷയങ്ങൾ ഏതൊക്കെയാണ്? ഇക്കാര്യങ്ങൾ ആദ്യം കണ്ടെത്തണം.
വിഷയങ്ങൾ പുനഃപരിശോധിക്കുക
നിങ്ങൾ മികവ് പുലർത്തിയതോ അല്ലെങ്കിൽ പഠിക്കാൻ ഇഷ്ടപ്പെട്ടതോ ആയ വിഷയങ്ങളെക്കുറിച്ച് ചിന്തിക്കുക. അതിനെക്കുറിച്ച് കൂടുതൽ അറിയാൻ താത്പര്യം ഉണ്ടോ? ആ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസ് ചർച്ചകളിൽ സജീവമായി പങ്കെടുക്കുന്നത് നിങ്ങൾ ആസ്വദിച്ചിരുന്നോ? ഇതിനുള്ള ഉത്തരം കണ്ടെത്തിയാൽ നിങ്ങൾക്ക് താത്പര്യമുള്ളത് എന്താണെന്ന് കണ്ടെത്താൻ ഇത് സഹായിച്ചേക്കാം.
ഹോബി
നിങ്ങളുടെ ഒഴിവുസമയങ്ങളിൽ നിങ്ങൾ എന്തുചെയ്യുന്നു എന്നത് പ്രധാനമാണ്. നിങ്ങൾ കൂടുതലും മൊബൈൽ ഫോണുകളിൽ സമയം ചിലവഴിക്കുന്നവർ ആണോ അതോ കഥകൾ എഴുതാനും കലാപരമായ കാര്യങ്ങളിൽ മുഴുകാനുമാണോ താത്പര്യം. ഇത്തരം ഹോബികൾ ഒരുപക്ഷെ നിങ്ങളുടെ കരിയർ തിരഞ്ഞെടുക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചേക്കാം.
അഭിരുചി പരീക്ഷകൾ
ഓൺലൈനായും അല്ലാതെയുമുള്ള അഭിരുചി പരീക്ഷകളിൽ പങ്കെടുക്കുന്നത് നിങ്ങളുടെ ശക്തികളെയും ബലഹീനതകളെയും കുറിച്ച് കൂടുതൽ മനസിലാക്കാൻ സഹായിക്കും. ഇത് പ്രധാനമല്ലെങ്കിലും, നിങ്ങളുടെ കഴിവുകളുമായി പൊരുത്തപ്പെടുന്ന കരിയറുകളെ തിരിച്ചറിയാൻ ഇത് ഗുണം ചെയ്യും.
ALSO READ: പ്ലസ് ടു കഴിഞ്ഞോ? ചില ന്യൂജെൻ കോഴ്സുകൾ ഇതാ
ഇന്റേൺഷിപ്പുകൾ
വ്യത്യസ്ത മേഖലകളിൽ ഇന്റേൺഷിപ്പ് ചെയ്യുന്നത് ഓരോ മേഘകളെയും കുറിച്ചുള്ള ഉൾകാഴ്ച ലഭിക്കാൻ സഹായിക്കും. ഇന്റേൺഷിപ്പുകൾ ചെയ്യുന്നതിലൂടെ നിങ്ങൾക്ക് കിട്ടുന്ന അനുഭവങ്ങളും പരിചയസമ്പത്തും അനുയോജ്യമായ കരിയർ ഓപ്ഷനുകൾ തിരഞ്ഞെടുക്കാൻ നിങ്ങളെ സഹായിക്കും.
അഭിനിവേശവും ലക്ഷ്യവും
നിങ്ങളുടെ അഭിനിവേശവും ലക്ഷ്യവും ഒത്തുചേരുന്ന തരത്തിലുള്ള ഒരു കരിയർ കണ്ടെത്തുന്നതാണ് ഉത്തമം. നിങ്ങൾ തിരഞ്ഞെടുക്കുന്ന കോഴ്‌സ് ഇത് രണ്ടുമായും യോജിച്ച് പോകുന്നുണ്ടെന്ന് ഉറപ്പാക്കാൻ വഴികൾ ഇതാ:
നിങ്ങളുടെ മനസ്സിൽ ഉള്ള കരിയർ ഓപ്ഷനുകളുടെ ജോലി സാധ്യതകൾ, ശമ്പള ശ്രേണികൾ എന്നിവയെല്ലാം പര്യവേക്ഷണം ചെയ്തുകൊണ്ട് ഒരു മേഖല അല്ലെങ്കിൽ ജോലി അന്തിമമായി തിരഞ്ഞെടുക്കുക. ഇത് ലക്ഷ്യം വെച്ചുകൊണ്ട് വേണം മുന്നോട്ട് പോകാൻ.
ഉന്നത വിദ്യാഭ്യാസം
ഒരു പ്രൊഫഷൻ മനസ്സിൽ ഉറപ്പിച്ചതിന് ശേഷം അതിലേക്കെത്താൻ സഹായിക്കുന്ന ബിരുദ പ്രോഗ്രാമുകളെ കുറിച്ച് കൂടുതൽ അറിയുക. നിങ്ങളുടെ ലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ സ്പെഷ്യലൈസേഷനുകളെക്കുറിച്ചോ തുടർ വിദ്യാഭ്യാസത്തെക്കുറിച്ചോ ചിന്തിക്കുക.
വിദഗ്ധരുമായി സംസാരിക്കുക
നിങ്ങളുടെ താൽപ്പര്യങ്ങളെയും സാധ്യതയുള്ള കോഴ്‌സുകളെയും കുറിച്ച് അധ്യാപകരുമായോ, കൗൺസിലർമാരുമായോ, നിങ്ങൾക്ക് താത്പര്യമുള്ള മേഖലകളിലെ പ്രൊഫഷണലുകളുമായോ ചർച്ച ചെയ്യുക.