KDRB: ഗുരുവായൂര്‍ ദേവസ്വത്തിലെ ഈ പരീക്ഷകള്‍ നവംബറില്‍; തീയതി പുറത്തുവിട്ട് കെഡിആര്‍ബി
KDRB November 2025 Exam Details: കെഡിആര്‍ബി നവംബറില്‍ നടത്തുന്ന പരീക്ഷകളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഹെല്‍പര്‍, വെറ്ററിനറി സര്‍ജന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്കുള്ള പരീക്ഷകളുടെ ഷെഡ്യൂളാണ് പുറത്തുവിട്ടത്

Image for representation purpose only
കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) നവംബറില്‍ നടത്തുന്ന പരീക്ഷകളുടെ ഷെഡ്യൂള്‍ പുറത്തുവിട്ടു. ഗുരുവായൂര്‍ ദേവസ്വത്തിലെ മൂന്ന് തസ്തികകളിലേക്കുള്ള പരീക്ഷകളാണ് നവംബറില്‍ നടത്തുന്നത്. ഹെല്‍പര്‍, വെറ്ററിനറി സര്‍ജന്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് തസ്തികയിലേക്കുള്ള പരീക്ഷകളുടെ ഷെഡ്യൂളാണ് പുറത്തുവിട്ടത്. മൂന്ന് പരീക്ഷകളും നവംബര്‍ ഒമ്പതിന് നടക്കും. രാവിലെ 10 മുതല്‍ 11.45 വരെയാണ് പരീക്ഷ. പരമാവധി മാര്‍ക്ക് 100. 1 മണിക്കൂര്‍ 15 മിനിറ്റാണ് ദൈര്‍ഘ്യം. പരീക്ഷയ്ക്ക് എത്തുന്നവര്‍ അഡ്മിഷന്‍ ടിക്കറ്റ് കൊണ്ടുവരാന്‍ മറക്കരുത്.
അതുപോലെ വോട്ടര്‍ ഐഡന്റിറ്റി കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, കെഡിആര്‍ബി അംഗീകരിച്ച ഏതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് തുടങ്ങിയവയില്‍ ഏതെങ്കിലും രേഖയുടെ ഒറിജിനല്‍ പരിശോധനയ്ക്ക് ഹാജരാക്കണം. തിരിച്ചറിയല്‍ രേഖയുടെ ഒറിജിനല്‍ ഹാജരാക്കാത്തവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല.
ഹാള്‍ ടിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ള സമയത്തിന് മുമ്പ് പരീക്ഷാ കേന്ദ്രത്തിലെത്തണം. താമസിച്ച് വരുന്നവരെ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല. കാല്‍ക്കുലേറ്റര്‍, ഡിജിറ്റല്‍ ഡയറി, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് വിവര വിനിമയ ഉപകരണങ്ങള്‍ കൊണ്ടുവരരുത്. വാച്ചും അനുവദിക്കില്ല.
ഇത്തരത്തില്‍ നിരോധിത വസ്തുക്കള്‍ പരീക്ഷാഹാളില്‍ പ്രവേശിപ്പിച്ചാല്‍ അത്തരം ഉദ്യോഗാര്‍ത്ഥികളെ പുറത്താക്കും. ഈ ഉദ്യോഗാര്‍ത്ഥികളുടെ ഉത്തരക്കടലാസും അസാധുവാക്കും. മാത്രമല്ല, കെഡിആര്‍ബിയുടെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് അയോഗ്യരാക്കുകയും ചെയ്യും.
Also Read: KDRB: കെഡിആര്‍ബി കനിഞ്ഞു; ദേവസ്വങ്ങളിലെ വിവിധ ഒഴിവുകളിലേക്കുള്ള അപേക്ഷാത്തീയതി ദീര്‍ഘിപ്പിച്ചു
അവസാന തീയതി നീട്ടി
ഗുരുവായൂര്‍, തിരുവിതാംകൂര്‍, കൊച്ചി, കൂടല്‍മാണിക്യം ദേവസ്വങ്ങളിലെ വിവിധ തസ്തികകളിലേക്ക് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഒക്ടോബര്‍ 22 വരെ നീട്ടി. സെപ്തംബര്‍ 30 വരെയാണ് നേരത്തെ സമയപരിധി അനുവദിച്ചിരുന്നത്. ഈ സമയപരിധിക്കുള്ളില്‍ അപേക്ഷിക്കാന്‍ സാധിക്കാതിരുന്നവര്‍ക്ക് ഇപ്പോള്‍ മികച്ച അവസരമാണ്. 37 തസ്തികകളിലേക്കാണ് അവസരം. എല്‍ഡി ക്ലര്‍ക്ക്, വാച്ച്മാന്‍, എല്‍ഡി ടൈപിസ്റ്റ് തുടങ്ങി നിരവധി തസ്തികകളില്‍ അവസരമുണ്ട്.