Devaswom Recruitment: ഇതെന്തു പറ്റി? തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡി തസ്തികയിലേക്ക് അപേക്ഷകര്‍ നന്നേ കുറവ്
KDRB Application status details: തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡിസി തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ കുറവ്. വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ യോഗ്യതയാകാം അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമായതെന്ന് കരുതുന്നു
തിരുവിതാംകൂര്‍ ദേവസ്വം എല്‍ഡിസി/സബ് ഗ്രൂപ്പ് ഓഫീസര്‍ ഗ്രേഡ് തസ്തികയിലേക്കുള്ള അപേക്ഷകരുടെ എണ്ണത്തില്‍ വന്‍ കുറവെന്ന് റിപ്പോര്‍ട്ട്. ഇത്തവണ 15,392 പേരാണ് അപേക്ഷിച്ചതെന്ന് ഒരു മാധ്യമ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. കഴിഞ്ഞ തവണ ഒരു ലക്ഷത്തിലേറെ പേര്‍ അപേക്ഷിച്ച തസ്തികയിലാണ് ഇത്രയും വലിയ കുറവ് സംഭവിച്ചത്. 113 ഒഴിവുകളുള്ള തസ്തികയിലാണ് അപേക്ഷകര്‍ ഇത്രയും കുറഞ്ഞതെന്നതാണ് ആശ്ചര്യകരം. വിജ്ഞാപനത്തില്‍ പരാമര്‍ശിച്ച യോഗ്യതയാണ് അപേക്ഷകരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. പ്ലസ്ടു/തത്തുല്യ യോഗ്യതയ്‌ക്കൊപ്പം സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റും വേണമെന്ന് വിജ്ഞാപനത്തിലുണ്ടായിരുന്നു.
ഇത് പലരിലും ആശയക്കുഴപ്പമുണ്ടാക്കി. മറ്റ് ദേവസ്വങ്ങളിലെ എല്‍ഡി തസ്തികയില്‍ കമ്പ്യൂട്ടര്‍ പരിജ്ഞാനം മതിയായിരുന്നു. എന്നാല്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഉദ്യോഗാര്‍ത്ഥികളെ പിന്നോട്ടടിച്ചുവെന്ന് വേണം കരുതാന്‍.
എന്നാല്‍ കമ്പ്യൂട്ടര്‍ വേഡ് പ്രോസസിങ് സര്‍ട്ടിഫിക്കറ്റ് എന്ന യോഗ്യതയ്ക്ക് തുല്യമായി സര്‍ക്കാരോ പിഎസ്‌സിയോ അംഗീകരിച്ചിട്ടുള്ള മറ്റ് യോഗ്യതയുള്ളവര്‍ക്കും, വേഡ് പ്രോസസിങ് എന്ന യോഗ്യത ഉള്‍പ്പെടുത്തി അംഗീകൃത സ്ഥാപനങ്ങള്‍ നടത്തുന്ന കോഴ്‌സുകള്‍ ഉള്‍പ്പെട്ട യോഗ്യതകളുള്ളവര്‍ക്കും അപേക്ഷിക്കാമെന്ന് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) പിന്നീട് വ്യക്തമാക്കിയിരുന്നു.
കൂടാതെ ഒക്ടോബര്‍ 22 വരെ അപേക്ഷാത്തീയതി ദീര്‍ഘിപ്പിക്കുകയും ചെയ്തു. ആദ്യം സെപ്തബര്‍ 30 വരെയാണ് അപേക്ഷിക്കാന്‍ സമയം അനുവദിച്ചിരുന്നത്. ഈ അധിക സമയപരിധിയും ഉദ്യോഗാര്‍ത്ഥികള്‍ കാര്യമായി പ്രയോജനപ്പെടുത്തിയില്ലെന്നാണ് അപേക്ഷകരുടെ എണ്ണം സൂചിപ്പിക്കുന്നത്.
പ്യൂണ്‍/ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് 13,355 പേരാണ് അപേക്ഷിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഏതാനും മാസം മുമ്പ് ഗുരുവായൂര്‍ ദേവസ്വത്തിലേക്കുള്ള എല്‍ഡിസി തസ്തികയിലേക്ക് 57,854 അപേക്ഷകരുണ്ടായിരുന്നു. ഇതില്‍ 40,221 പേര്‍ പരീക്ഷ എഴുതി. ജൂലൈ 13നായിരുന്നു പരീക്ഷ. ഫലപ്രഖ്യാപനം ഉടനുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. തിരുവിതാംകൂര്‍ ദേവസ്വത്തിലെ പരീക്ഷാ തീയതി കെഡിആര്‍ബി നിലവില്‍ പുറത്തുവിട്ടിട്ടില്ല. ഈ മാസം തന്നെ പുറത്തുവിടാനാണ് സാധ്യത.