KEAM Admission 2025: കീമിൽ കേരള സിലബസ് വിദ്യാർത്ഥികൾക്ക് തിരിച്ചടി; പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി
Supreme Court On KEAM Admission: ഈ വർഷം ഇനി കീം റാങ്ക് പട്ടികയിൽ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. വിഷയം നാലാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
ന്യൂഡൽഹി: കേരള സിലബസ് വിദ്യാർത്ഥികളെ നിരാശരാക്കി കീം പ്രവശനത്തിൽ സുപ്രീം കോടതി ഇടപെടൽ. പഴയ മാനദണ്ഡ പ്രകാരമുള്ള പുതിയ കീം റാങ്ക് പട്ടിക അടിസ്ഥാനമാക്കി പ്രവേശന നടപടികൾ തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. കോടതിയുടെ ഉത്തരവ് അനുസരിച്ച്, ഈ വർഷം കേരള സിലിബസ് വിദ്യാർത്ഥികൾക്ക് പട്ടികയിൽ തുല്യത ലഭിക്കുന്ന വിധത്തിലുള്ള പ്രവേശനം ലഭിക്കില്ല.
വിഷയം നാലാഴ്ചയ്ക്കകം വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി. ഈ വർഷം ഇനി കീം റാങ്ക് പട്ടികയിൽ ഒന്നും ചെയ്യാനാവില്ലെന്നും പ്രവേശന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കേണ്ടതുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
അതേസമയം, റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യാനില്ലെന്നും കേരളം സുപ്രീം കോടതിയെ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പ്രശ്നം ഉണ്ടാകാതിരിക്കാനാണ് അപ്പീൽ നൽകാത്തതെന്നാണ് കേരളത്തിൻ്റെ വാദം. സുപ്രീം കോടതിയുടെ ഉത്തരവ് കേരള സിലബസ് വിദ്യാർത്ഥികളെ സംബന്ധിച്ച് വലിയ നിരാശ നൽകുന്നതാണ്.
ഈ വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് വ്യക്തമാക്കാൻ ചൊവ്വാഴ്ച സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. പ്രവേശനത്തിന്റെ നിർണായക ഘട്ടത്തിൽ പെട്ടെന്നുള്ള നയമാറ്റം അനിശ്ചിതത്വം സൃഷ്ടിച്ചുവെന്ന് സിബിഎസ്ഇ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച അഭിഭാഷകൻ സുപ്രീം കോടതിയിൽ വാദിച്ചു.
ജസ്റ്റിസ് പിഎസ് നരസിംഹ, ജസ്റ്റിസ് എഎസ് ചന്ദൂർക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് വിദ്യാർത്ഥികൾ സമർപ്പിച്ച പ്രത്യേക ഹർജി പരിഗണിച്ചത്. കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന്, പഴയ മാനദണ്ഡ പ്രകാരമുള്ള കീം ഫലം സംസ്ഥാനം പ്രസിദ്ധീകരിച്ചത്. ഇതിൽ സിബിഎസ്ഇ വിദ്യാർത്ഥികളാണ് ഉയർന്ന റാങ്കുകളിൽ ഭൂരിഭാഗവും.
അടുത്ത ആഴ്ച അടിയന്തര വാദം കേൾക്കണമെന്ന ഹർജിക്കാരുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും, നാല് ആഴ്ചകൾക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. സംസ്ഥാനത്തോട് എതിർ വാദം സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.