KEAM 2025: എഞ്ചിനീയറിങ് പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാന്‍ ഇനിയും അവസരം, അലോട്ട്‌മെന്റ് തീയതി മാറുമോ?
KEAM 2025 Engineering allotment date likely to be extended: 18ന് ആദ്യ അലോട്ട്‌മെന്റും പുറത്തുവരുമെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള തീയതി ദീര്‍ഘിപ്പിച്ചതുകൊണ്ട് അലോട്ട്‌മെന്റ് തീയതിയും മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല
എഞ്ചിനീയറിങ് പ്രവേശനത്തിന് ഓണ്‍ലൈന്‍ ഓപ്ഷന്‍ നല്‍കുന്നതിനുള്ള തീയതി ദീര്‍ഘിപ്പിച്ചു. ജൂലൈ 18 വൈകുന്നേരം നാലു മണി വരെ ഓപ്ഷന്‍ നല്‍കാം. cee.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് ഓപ്ഷന്‍ നല്‍കേണ്ടത്. ഓപ്ഷനുകള്‍ നല്‍കിയില്ലെങ്കില്‍ അലോട്ട്‌മെന്റിന് പരിഗണിക്കില്ല. നേരത്തെ ഇന്ന് വരെയാണ് സമയപരിധി അനുവദിച്ചിരുന്നത്. പ്രവേശനം ലഭിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഓപ്ഷനുകള്‍ നല്‍കേണ്ടതാണ്. 17ന് താല്‍ക്കാലിക അലോട്ട്‌മെന്റും, 18ന് ആദ്യ അലോട്ട്‌മെന്റും പുറത്തുവരുമെന്നായിരുന്നു മുന്‍ തീരുമാനം. എന്നാല്‍ ഓപ്ഷനുകള്‍ നല്‍കാനുള്ള തീയതി ദീര്‍ഘിപ്പിച്ചതുകൊണ്ട് അലോട്ട്‌മെന്റ് തീയതിയും മാറാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല.
പ്രവേശന നടപടികള്‍ തുടരാം
അതേസമയം, കീമില്‍ പ്രവേശന നടപടികള്‍ തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരള സിലബസുകാര്‍ക്ക് തിരിച്ചടിയാണ് തീരുമാനം. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവേശന നടപടികള്‍ തടസപ്പെടുത്തുന്ന തീരുമാനങ്ങളെടുക്കില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ആദ്യം തയ്യാറാക്കിയ റാങ്ക് ലിസ്റ്റ് ഹൈക്കോടതി റദ്ദാക്കിയത് സംസ്ഥാന സര്‍ക്കാരിന്റെ അധികാര പരിധി കടന്നല്ലേയെന്ന ചോദ്യമാണ് സുപ്രീം കോടതിയിലും കേരള സിലബസുകാര്‍ ഉന്നയിച്ചത്.




പ്രോസ്‌പെക്ടസില്‍ മാറ്റം വരുത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്നാണ് ഇവരുടെ വാദം. കേരള സിലബസ് വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധി നേരിടുന്നതായും അഭിഭാഷകരായ പ്രശാന്ത് ഭൂഷണും, പിഎസ് സുല്‍ഫിക്കറും കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ തടസഹര്‍ജിയും നല്‍കിയിരുന്നു. സിബിഎസ്ഇ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അല്‍ജോ ജോസഫാണ് ഹാജരായത്. പരീക്ഷാ നടപടികള്‍ തുടങ്ങിയതിന് ശേഷം പ്രോസ്‌പെക്ടസ് ഭേദഗതി ചെയ്തത് നിയമവിരുദ്ധമാണെന്നാണ് ഇവരുടെ വാദം. വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നുണ്ടോയെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ചോദിച്ചിരുന്നു. എന്നാല്‍ കേരളം ഉടന്‍ അപ്പീല്‍ നല്‍കാന്‍ സാധ്യതയില്ലെന്നാണ് സൂചന. സീനിയര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത സംസ്ഥാന സര്‍ക്കാരിനായി ഹാജരായി.