KEAM 2026: എംബിബിഎസ്, ബിഡിഎസ് മൂന്നാം ഘട്ട അലോട്ട്‌മെന്റ്; ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു
KEAM 2026 MBBS, BDS 3rd phase allotment: മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം. ഈ കോഴ്‌സുകളിലേക്ക് മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റോ അഡ്മിഷനോ ലഭിക്കുകയും, എന്നാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുന്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും.

പ്രതീകാത്മക ചിത്രം
എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലേക്കുള്ള മൂന്നാംഘട്ട അലോട്ട്‌മെന്റ് നടപടികള്‍ തുടങ്ങി. വിദ്യാര്‍ത്ഥികള്‍ക്ക് മൂന്നാം ഘട്ടത്തില്‍ പുതിയതായി ഓണ്‍ലൈന്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാം. മെഡിക്കല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് www.cee.kerala.gov.in എന്ന പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഒക്ടോബര്‍ ഏഴിന് രാവിലെ 10 വരെ ഓപ്ഷനുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യാം. ഈ കോഴ്‌സുകളിലേക്ക് മുന്‍ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റോ അഡ്മിഷനോ ലഭിക്കുകയും, എന്നാല്‍ ഈ ഘട്ടത്തില്‍ ഓപ്ഷനുകള്‍ രജിസ്റ്റര്‍ ചെയ്യാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുന്‍ അലോട്ട്‌മെന്റ് പ്രകാരം പ്രവേശനം നേടിയിട്ടുണ്ടെങ്കില്‍ അത് നിലനില്‍ക്കും.
ഈ ഘട്ടത്തില്‍ അലോട്ട്‌മെന്റ് ലഭിക്കുകയും, നിശ്ചിത സമയപരിധിക്കകം അഡ്മിഷന്‍ നേടാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ മുന്‍ ഘട്ടത്തിലെയും, ഈ ഘട്ടത്തിലെയും അലോട്ട്‌മെന്റുകള്‍ റദ്ദാകും. ഇവരുടെ ബന്ധപ്പെട്ട സ്ട്രീമിലെ എല്ലാ ഓപ്ഷനുകളും റദ്ദാകും.
അലോട്ട്‌മെന്റ് ഷെഡ്യൂള്‍
- സെപ്തംബര്‍ 28: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നു
- ഒക്ടോബര്‍ ഏഴ് രാവിലെ 10: ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ അവസാനിക്കുന്നു
- ഒക്ടോബര്‍ എട്ട്: മൂന്നാം ഘട്ട താത്കാലിക അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നു
- ഒക്ടോബര്‍ ഒമ്പത്: മൂന്നാംഘട്ട അന്തിമ അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുന്നു
- ഒക്ടോബര്‍ 10 മുതല്‍ 14-ന് വൈകിട്ട് നാലു വരെ: അലോട്ട്‌മെന്റ് ലഭിച്ച കോളേജില്‍ ഫീസ് അടച്ച് പ്രവേശനം നേടാനുള്ള സമയം
- ഒക്ടോബര്‍ 14ന് വൈകിട്ട് അഞ്ച് മണി: അഡ്മിഷന്‍ നേടിയവരുടെ വിവരങ്ങള്‍ കോളേജ് അധികൃതര്‍ അംഗീകരിച്ച് പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓണ്‍ലൈന്‍ അഡ്മിഷന്‍ മാനേജ്‌മെന്റ് സിസ്റ്റം മുഖേന സമര്‍പ്പിക്കേണ്ട സമയം
ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീസ്
എംബിബിഎസ്, ബിഡിഎസ് അഡ്മിഷനായി ഈ ഘട്ടത്തില്‍ പുതിയതായി ഓപ്ഷന്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവരും, കഴിഞ്ഞ ഘട്ടങ്ങളില്‍ അലോട്ട്‌മെന്റ് കിട്ടിയിട്ട് പ്രവേശനം നേടാത്തവരും, ടിസി എടുത്ത വിദ്യാര്‍ത്ഥികളും 5,000 രൂപ പ്രവേശന പരീക്ഷാ കമ്മീഷണര്‍ക്ക് ഓപ്ഷന്‍ രജിസ്‌ട്രേഷന്‍ ഫീയായി ഒടുക്കണം.
സര്‍ക്കാര്‍ മെഡിക്കല്‍, ദന്തല്‍ കോളേജില്‍ അലോട്ട്‌മെന്റ് ലഭിച്ച് അഡ്മിഷന്‍ നേടുമ്പോള്‍ കോഴ്‌സിന്റെ ട്യൂഷന്‍ ഫീസില്‍ ഈ തുക വകയിരുത്തും. എന്നാല്‍ സ്വകാര്യ, സ്വാശ്രയ മെഡിക്കല്‍, ദന്തല്‍ കോളേജില്‍ അഡ്മിഷന്‍ നേടിയവര്‍ക്ക് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം തുക തിരികെ നല്‍കും. വിശദാംശങ്ങള്‍ പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭിക്കും.
English Summary
The third phase of online option registration for KEAM 2026 MBBS and BDS courses is now open. Eligible medical rank holders must submit fresh course options online by October 7, 2026, at 10:00 AM. The final third phase seat allotment list will be published on October 9, 2026. Admitted students must join their assigned colleges between October 10 and October 14, 2026.