Kerala Plus One Admission 2025: പ്ലസ് വൺ മൂന്നാം അലോട്മെന്റ്: പ്രവേശനം ഇന്ന് അവസാനിക്കും
Kerala Plus One 2025 Third Allotment Admission: 87,928 വിദ്യാർത്ഥികൾക്കാണ് മൂന്നാം അലോട്ട്മെന്റിൽ പുതുതായി പ്രവേശനം ലഭിച്ചത്. ഇവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടണം.

തിരുവനന്തപുരം: പ്ലസ് വൺ മൂന്നാം അലോട്ട്മെൻ്റ് ലഭിച്ച വിദ്യാർത്ഥികൾക്ക് ഇന്ന് വൈകീട്ട് അഞ്ച് മണി പ്രവേശനം നേടാം. പ്ലസ് വൺ പ്രവേശനത്തിനുള്ള അവസാന അലോട്ട്മെന്റ് കൂടിയാണിത്. ഇനി ബാക്കിയുള്ളത് സപ്ലിമെന്ററി അലോട്ട്മെന്റ് മാത്രമാണ്. 87,928 വിദ്യാർത്ഥികൾക്കാണ് മൂന്നാം അലോട്ട്മെന്റിൽ പുതുതായി പ്രവേശനം ലഭിച്ചത്. ഇവർ ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം സ്‌കൂളിൽ നേരിട്ടെത്തി പ്രവേശനം നേടണം. ആദ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചിരുന്ന 57,572 വിദ്യാർത്ഥികൾക്ക് മൂന്നാം അലോട്ട്മെന്റിൽ ഹയർ ഓപ്‌ഷൻ ലഭിച്ചു.
പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ടം അവസാനിക്കുമ്പോൾ ഇതുവരെ 3,12,908 പേർക്കാണ് അലോട്ട്മെന്റ് ലഭിച്ചത്. ശേഷിക്കുന്നത് 4688 സീറ്റുകളാണ്. സ്പോർട്ട്സ് ക്വാട്ടയിൽ 2889 സീറ്റും മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 359 സീറ്റും ഒഴിവുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന് (ജൂൺ 17) വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് പ്രവേശനം നേടണം. സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ നാളെ ആരംഭിക്കും. അലോട്ട്മെന്റ് ലഭിച്ച വിദ്യാർഥികൾ ഫീസ് അടച്ച് സ്ഥിര പ്രവേശനം നേടേണ്ടതാണ്. അലോട്ട്മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരെ സപ്ലിമെന്ററി അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതല്ല.
മാനേജ്‌മന്റ് സീറ്റുകൾ, എയ്‌ഡഡ് കമ്മ്യൂണിറ്റി സീറ്റുകൾ എന്നിവയിലും അൺ എയ്ഡഡ് സ്‌കൂളുകളിലും പ്രവേശനത്തിന് ജൂൺ 27 വരെ സമയം അനുവദിച്ചിട്ടുണ്ട്. പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുന്നതിന് പിന്നാലെ സപ്ലിമെന്ററി ഘട്ട പ്രവേശന നടപടികളും ആരംഭിക്കുന്നതാണ്. മുഖ്യഘട്ട പ്രവേശന പ്രക്രിയയിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്ന വിദ്യാർത്ഥികൾക്കും അപേക്ഷയിൽ പിഴവ് പറ്റിയവർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതുതായി അപേക്ഷ നൽകാനാകും. അലോട്ട്മെന്റ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ www.hscap.kerala.gov.in സന്ദർശിക്കുക.
അതേസമയം, കമ്മ്യൂണിറ്റി മാനേജ്മെന്റ് ക്വാട്ട പ്രവേശനത്തിനുള്ള അപേക്ഷകൾ ഇപ്പോൾ സമർപ്പിക്കാം. വ്യാഴാഴ്ച വൈകിട്ട് ഇതിനുള്ള ലിങ്ക് വെബ്സൈറ്റിൽ നിന്ന് പിൻവലിച്ചതിനെ തുടർന്ന് വെള്ളിയാഴ്ച പ്രവേശനം നടന്നില്ല. ഇതിന് പിന്നാലെയാണ് ഇന്നലെ വീണ്ടും പ്രവേശനം പുനരാരംഭിച്ചത്.