Kerala School Holiday: ഇതെന്താ ക്രിസ്മസ് അവധിയുടെ ട്രെയിലറോ? കളക്ടര്‍മാരുടെ വക അപ്രതീക്ഷിത ‘ഹോളിഡേ വീക്ക്’; പിള്ളേര് വീട്ടിലിരുന്ന് മടുക്കും
Local body election school holiday list Kerala: കേരളത്തില്‍ വിവിധ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. അവധി വിശദാംശങ്ങള്‍ അറിയാം

School Holiday
തദ്ദേശ വോട്ടെടുപ്പിനോട് അനുബന്ധിച്ച് കേരളത്തില്‍ വിവിധ ജില്ലകളില്‍ ഈയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് നടക്കുന്ന ഡിസംബര്‍ 9, 11 തീയതികളില്‍ അതത് ജില്ലകളില്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ ഒമ്പതിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, ആലപ്പുഴ, എറണാകുളം ജില്ലകളിലും, 11ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് വിവിധ ജില്ലകളില്‍ മറ്റ് തീയതികളിലും അവധി പ്രഖ്യാപിച്ചത്. ഇതുവരെ പ്രഖ്യാപിച്ച ഓരോ ജില്ലകളിലെയും മറ്റ് അവധി വിശേഷങ്ങള്‍ പരിശോധിക്കാം.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ തിങ്കളാഴ്ച (ഡിസംബര്‍ എട്ടിന് ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഹയർ സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ഡിസ്ട്രിബ്യൂഷൻ സെൻറർ/കളക്ഷൻ സെന്റർ/ സ്‌ട്രോംഗ് റും എന്നിവ സ്ഥിതി ചെയ്യുന്ന കോളേജുകൾക്കും തിങ്കളാഴ്ച അവധിയായിരിക്കും. ഒമ്പതിന് പൊതു അവധിയുമുണ്ട്.
കോട്ടയം
കോട്ടയം ജില്ലയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ, സ്വീകരണ കേന്ദ്രങ്ങളായും പോളിംഗ് ബൂത്തുകളായും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ചേതന്‍ കുമാര്‍ മീണ ഡിസംബര്‍ 8,9 തീയതികളില്‍ അവധി പ്രഖ്യാപിച്ചു.
ഇടുക്കി
ഇടുക്കി ജില്ലയിലെ പോളിംഗ് സ്റ്റേഷനുകൾ, സ്വീകരണ, വിതരണ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകൾ, കോളേജുകൾ അങ്കണവാടികൾ, മദ്രസകൾ, ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബര്‍ എട്ടിന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് അവധി പ്രഖ്യാപിച്ചു. ഡിസംബർ 9 ന് ജില്ലയിൽ പൊതു അവധിയാണ്. കൗണ്ടിങ് സെന്ററായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഡിസംബർ 13നും അവധിയുണ്ടെന്ന് കളക്ടര്‍ വ്യക്തമാക്കി.
എറണാകുളം
എറണാകുളം ജില്ലയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കുള്ള പൊലീസുകാരുടെ ക്യാമ്പായി പ്രവര്‍ത്തിക്കുന്ന പുല്ലേപ്പടി സെൻ്റ് അഗസ്റ്റിൻ പബ്ലിക് സ്കൂളിന് ഡിസംബർ 8 ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ജി. പ്രിയങ്ക അവധി പ്രഖ്യാപിച്ചു.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ-വിതരണ കേന്ദ്രങ്ങളായും പോളിംഗ് കേന്ദ്രങ്ങളായും പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 10 നും വോട്ടെണ്ണല്‍ കേന്ദ്രങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 12 നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കളക്ടറുമായ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.
പാലക്കാട്
തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായി നിശ്ചയിച്ചിരിക്കുന്ന പാലക്കാട് ജില്ലയിലെ സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്‍പത് മുതല്‍ 12 വരെ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയായ ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി അവധി പ്രഖ്യാപിച്ചു. നിര്‍ദ്ദിഷ്ട പോളിങ് സ്റ്റേഷനുകളായി പ്രഖ്യാപിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് വോട്ടെടുപ്പ് ദിവസത്തിന് പുറമെ ഡിസംബര്‍ പത്തിനും അവധിയായിരിക്കും. ഡിസംബര്‍ 11ന് ജില്ലയില്‍ പൊതുഅവധിയാണ്.
Also Read: Kerala Panchayath Election 2025 : 7 -ജില്ലകളിൽ പരസ്യ പ്രചാരണം തീർന്നാൽ പിന്നെ? അറിയണം
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ പോളിംഗ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ 10, 11 തീയതികളില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അരുൺ കെ. വിജയൻ അവധി പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങളായും, വോട്ടെണ്ണൽ കേന്ദ്രങ്ങളാളായും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഡിസംബർ 10, 11, 13 തീയതികളിലും അവധിയായിരിക്കും.
നിലവില്‍ ഇതുവരെ അതത് ജില്ലകളിലെ കളക്ടര്‍മാര്‍ പുറത്തുവിട്ട അവധി അറിയിപ്പുകളാണ് ഇവിടെ നല്‍കിയിരിക്കുന്നത്. പുതിയതായി മറ്റ് എവിടെയെങ്കിലും അവധി പ്രഖ്യാപിച്ചാല്‍ അത് അറിയാന്‍ കളക്ടര്‍മാരുടെയോ, ജില്ലാ ഇന്‍ഫര്‍മേഷന്റെയോ ഔദ്യോഗിക പേജുകള്‍ സന്ദര്‍ശിക്കുകയോ, മാധ്യമവാര്‍ത്തകള്‍ ശ്രദ്ധിക്കുകയോ ചെയ്യുക.