Kerala Plus One Classes Begin: പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; 3 ലക്ഷത്തിൽ അധികം വിദ്യാർത്ഥികൾ സ്കൂളിലേക്ക്
Kerala Plus One Classes 2025 Begin Today: ഹയർ സെക്കൻഡറിയിലും ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ ക്ലാസുകൾ ഇന്ന് (ജൂൺ 18) ആരംഭിക്കും. 3.40 ലക്ഷം വിദ്യാർഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയിരിക്കുന്നത്. ഹയർ സെക്കൻഡറിയിലും ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതല ഉദ്ഘാടനം രാവിലെ 9 മണിക്ക് തൈക്കാട് ഗവ. മോഡൽ മോഡൽ ഗവൺമെൻ്റ് ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചത് ഞായറാഴ്ചയാണ്.
പ്ലസ് വൺ ഏകജാലക പ്രവേശനത്തിൻ്റെ മുഖ്യഘട്ടത്തിൽ അലോട്ട്മെന്റ് ലഭിച്ചത് 3,12,908 വിദ്യാർത്ഥികൾക്കാണ്. മെറിറ്റ് അടിസ്ഥാനത്തിലുള്ള മൂന്ന് അലോട്ട്മെന്റുകൾക്കൊപ്പം, സ്പോർട്സ് ക്വാട്ടയിലെ രണ്ട് അലോട്ട്മെന്റുകൾ പ്രകാരമുള്ള അഡ്മിഷൻ, അഡ്‌മിഷൻ, കമ്യൂണിറ്റി, മാനേജ്‌മെൻ്റ്, അൺഎയ്‌ഡഡ് ക്വാട്ട അഡ്‌മിഷൻ എന്നിവ മുഖേനയും വിദ്യാർഥികൾ പ്രവേശനം നേടി. ക്വാട്ടകളിലേക്കുള്ള പ്രവേശനങ്ങൾ ജൂൺ 27ന് മുമ്പ് പൂർത്തീകരിച്ച്, ഇതിലെ വേക്കൻസികൾ കൂടി ഉൾപ്പെടുത്തി സപ്ലിമെൻ്ററി അലോട്മന്റിന് അപേക്ഷ ക്ഷണിക്കും.
ഇത്തവണ പത്താം ക്ലാസ് വിജയിച്ച് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,24,583 വിദ്യാർത്ഥികളാണ്. ജൂൺ 16ന് വൈകുന്നേരയുള്ള കണക്കുകൾ പ്രകാരം, ഇതുവരെ സ്ഥിരപ്രവേശനം നേടിയത് 2,40,533 വിദ്യാർഥികളാണ്. ഇതിൽ മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്പോർട്ട്സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി ക്വാട്ടയിൽ 13,609 പേർക്കും, മാനേജ്‌മെൻ്റ് ക്വാട്ടയിൽ 6,840 പേർക്കും, അൺഎയ്ഡഡ് ക്വാട്ടയിൽ 3,826 പേർക്കുമാണ് പ്രവേശനം ലഭിച്ചത്. 1,02,646 വിദ്യാർഥികൾ ഇനി പ്രവേശന വിവരങ്ങൾ രേഖപ്പെടുത്താൻ ഉണ്ട്.
ALSO READ: ഇനി സ്കൂളുകളിൽ ബിരിയാണി മേളം…: സ്‌കൂൾ ഉച്ചഭക്ഷണ മെനു പുറത്തുവിട്ട് വിദ്യാഭ്യാസ മന്ത്രി
കമ്മ്യൂണിറ്റി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയോ?
കമ്മ്യൂണിറ്റി വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയതിനെ തുടർന്ന് പ്രവേശനം നഷ്ടമായ വിദ്യാർത്ഥികൾക്ക് സപ്ലിമെൻ്ററി അലോട്മെൻ്റിൽ തിരുത്തലുകൾ വരുത്തി അപേക്ഷിക്കാം. ക്വാട്ടകളിലേക്കുള്ള പ്രവേശനം കൂടി പൂർത്തിയാക്കിയ ശേഷം ജൂൺ 28ന് വേക്കൻസി വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ്. സ്‌പോർട്‌സ് ക്വാട്ട , കമ്മ്യൂണിറ്റി ക്വാട്ട, മാനേജ്‌മെൻ്റ് ക്വാട്ട എന്നിവയിലെ പ്രവേശനങ്ങൾ ജൂൺ 27ന് പൂർത്തീകരിക്കും. തുടർന്ന് സപ്ലിമെൻ്ററി അലോട്ട്‌മെൻ്റിന് അപേക്ഷകൾ ക്ഷണിക്കുന്നതാണ്.