Kerala University Admission 2025: കേരള സർവകലാശാല നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു
Kerala University Invites Applications for 4 Year Degree Courses: 16 മേജർ വിഷയങ്ങളിൽ നാല് വർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകൾ ലഭ്യമാണ്. പ്രവേശന പരീക്ഷ ജൂൺ 8ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരള സർവകലാശാല വിവിധ പഠനവകുപ്പുകളിലെ നാലുവർഷ ബിരുദ കോഴ്‌സുകൾക്ക് അപേക്ഷ ക്ഷണിച്ചു. 16 മേജർ വിഷയങ്ങളിൽ നാല് വർഷ ഓണേഴ്‌സ് വിത്ത് റിസർച്ച് പ്രോഗ്രാമുകൾ ലഭ്യമാണ്. പ്രവേശന പരീക്ഷ ജൂൺ 8ന് നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷ നൽകാനുള്ള അവസാന തീയതി മെയ് 26 ആണ്.
മേജർ വിഷയങ്ങളായി മലയാളവും കേരള പഠനവും, ഇംഗ്ലീഷ്, ഹിന്ദി, എക്കണോമിക്‌സ്, പൊളിറ്റിക്‌സ് & ഇന്റർനാഷണൽ റിലേഷൻസ്, സംസ്കൃതം, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, സൈക്കോളജി, മാത്തമാറ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ബിബിഎ, ബികോം എന്നീ വിഷയങ്ങളാണ് ഉള്ളത്. ഇതോടൊപ്പം ലോകമെമ്പാടും സ്വീകാര്യത ഉള്ള നൂതനമായ വിഷയങ്ങളുൾപ്പെടെ വിദ്യാർത്ഥികൾക്ക് മൈനർ ആയും പഠിക്കാം.
ഡാറ്റാ സയൻസ്, ഡാറ്റാ അനലിറ്റിക്‌സ്, ബയോ ഡൈവേഴ്‌സിറ്റി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, നാനോ സയൻസ്, അപ്രൂവ്‌ഡ് ലിംഗ്വിസ്റ്റിക്സ്, ബയോടെക്നോളജി, സൈബർ സെക്യൂരിറ്റി സപ്ലൈ ചെയിൻ, ഫങ്ങ്ഷണൽ മെറ്റീരിയൽസ്, മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി 50ലേറെ മൈനർ വിഷയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
മൈനർ വിഷയത്തിൽ വിദ്യാർത്ഥി ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കുകയാണെങ്കിൽ, ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദത്തിലും ഗവേഷണത്തിലും പഠനം തുടരുന്നതിനുള്ള അവസരവും ലഭിക്കുന്നു. ഒരു നിശ്ചിത ക്രെഡിറ്റ് നേടി മൂന്ന് വർഷത്തിൽ പഠനം അവസാനിപ്പിക്കുന്നവർക്ക് ആവശ്യമെങ്കിൽ BA/BSc/BBA/BCom ഡിഗ്രി നേടി പുറത്തുപോകാം.
മൂന്ന് വർഷത്തിൽ 75 ശതമാനം (CGPA-7.5) കരസ്ഥമാക്കുന്ന വിദ്യാർത്ഥികൾക്ക് നാലാം വർഷം തുടർന്നു പഠിക്കാവുന്നതാണ്. അത്തരത്തിൽ, നാലുവർഷ ബിരുദം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥിക്ക് ഡിഗ്രി ഓണേഴ്‌സ് വിത്ത് റിസർച്ച് ബിരുദമാണ് ലഭിക്കുക. ഇവർക്ക് ആവശ്യമെങ്കിൽ സർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദം, പിഎച്ച്ഡി എന്നിവയ്ക്ക് ചേരാം.
ALSO READ: പ്ലസ് ടു സേ പരീക്ഷ ജൂൺ 23 മുതൽ; ഫലപ്രഖ്യാപനം എന്ന്?
നാല് വർഷ ബിരുദ കോഴ്‌സുകൾക്ക് വിദ്യാർഥികൾ ഓൺലൈൻ ആയിട്ടാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. പ്രവേശന പരീക്ഷ ജൂൺ 8ന് നടക്കും. ഒരു മണിക്കൂർ ദൈർഖ്യമുള്ള ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. അതാത് വിഷയങ്ങളുടെ ഹയർ സെക്കൻഡറി തലത്തിലുള്ള സിലബസ് ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ. ഓരോ ശരിയുത്തരത്തിനും നാല് മാർക്കും ലഭിക്കും. ഓരോ തെറ്റുതരത്തിനും ഒരു മാർക്ക് വീതം കുറയ്ക്കും. കേരള സർവകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റായ http://admissions.keralauniversity.ac.in വഴി വിദ്യാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക് eastlighelp. 125@gmail.com എന്ന ഇമെയിൽ ഐഡിയിലോ, 0471 2308328, 9188524612 എന്നീ നമ്പറുകളിലോ ബന്ധപ്പെടാം.