KTET Certificate 2026: ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റൗട്ട് മതിയോ? കെ ടെറ്റ് വിജയിച്ചവര്‍ അറിയാന്‍
KTET Qualified Candidates Can Download Certificates Official Use: കെ ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഫെബ്രുവരിയിലാണ് അധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ് നടന്നത്.

K TET 2026
തിരുവനന്തപുരം: കെ ടെറ്റ് പരീക്ഷ വിജയിച്ചവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. ഫെബ്രുവരിയിലാണ് അധ്യാപക യോഗ്യത പരീക്ഷയായ കെ ടെറ്റ് നടന്നത്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് കെ ടെറ്റ് വെബ്‌സൈറ്റില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്ന് വ്യക്തമാക്കുന്നത്. പുതിയതായി ജോലിയില്‍ പ്രവേശിക്കുന്നതിന്, സര്‍വീസിലുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നതിന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഈ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാം. എന്നാല്‍ മേലധികാരികള്‍ ഇത്തരം സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചത് ഉറപ്പാക്കേണ്ടതുണ്ട്.
സര്‍ട്ടിഫിക്കറ്റ് വിതരണത്തിന് ഇനിയും സമയമെടുക്കുമെന്നതിനാലാണ് ഈ നിര്‍ദ്ദേശം. എന്നാല്‍, ഇത്തരത്തില്‍ ഡൗണ്‍ലോഡ് ചെയ്ത പ്രിന്റൗട്ടുകള്‍ ഹാജരാക്കുന്നതുമായി ബന്ധപ്പെട്ട് ചില വിദ്യാഭ്യാസ ഓഫീസുകള്‍ സംശയം ഉന്നയിക്കുന്നുണ്ടെന്നാണ് അധ്യാപകര്‍ പറയുന്നത്.
സ്‌പെഷ്യല്‍ കെ ടെറ്റ് പരീക്ഷ
അതേസമയം, ഫെബ്രുവരിയിലെ വിജ്ഞാപന പ്രകാരം ജൂണ്‍ 27, 28 തീയതികളില്‍ നടത്താനിരുന്ന സ്‌പെഷ്യല്‍ കെ ടെറ്റ് പരീക്ഷ മാറ്റി. ജൂലൈ 11, 12 തീയതികളില്‍ പരീക്ഷ നടത്തും.
പരീക്ഷാഫലം പരിശോധിക്കാം
മെയ് 26-നാണ് കെ ടെറ്റ് പരീക്ഷയുടെ ഫലം പുറത്തുവിട്ടത്. ktet.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി പരീക്ഷ എഴുതിയവര്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. ഫെബ്രുവരി 21, 23 തീയതികളിലായിരുന്നു കെ-ടെറ്റ് പരീക്ഷ സംഘടിപ്പിച്ചത്. പരീക്ഷ കഴിഞ്ഞ് 60 ദിവസത്തിനകം തന്നെ ഫലം പ്രഖ്യാപിക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നെങ്കിലും, നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും ഫലം വരാത്തത് പരീക്ഷ എഴുതിയവരില്‍ ആശങ്ക പരത്തിയിരുന്നു.
എസ്എസ്എൽസി പരീക്ഷാ ഫല പ്രഖ്യാപനത്തിന് ശേഷം കെ ടെറ്റ് റിസൾട്ട് ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ വന്നെങ്കിലും വീണ്ടും കാലതാമസം നേരിട്ടു. പരീക്ഷയുടെ ഉത്തരസൂചിക പുറത്തുവിടുന്നതിലും പതിവിലും കൂടുതൽ സമയമെടുത്തു.
വിരമിക്കാൻ രണ്ടു വർഷത്തിലധികം സർവീസ് ബാക്കിയുള്ള എല്ലാ അധ്യാപകരും നിർബന്ധമായും കെ ടെറ്റ് യോഗ്യത നേടിയിരിക്കണം എന്ന സുപ്രീംകോടതിയുടെ ഉത്തരവ് വന്നതിന് ശേഷം നടന്ന ആദ്യ പരീക്ഷയാണിത്.
ഫലം പരിശോധിക്കേണ്ട വിധം:
- കെ-ടെറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ktet.kerala.gov.in സന്ദർശിക്കുക
- ഹോം പേജിൽ കാണുന്ന ‘KTET Exam Result’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- തുറന്നുവരുന്ന പേജിൽ, നിങ്ങൾ പരീക്ഷയെഴുതിയ കാറ്റഗറി തിരഞ്ഞെടുക്കുക.
- നിങ്ങളുടെ രജിസ്റ്റർ നമ്പർ കൃത്യമായി രേഖപ്പെടുത്തുക.
- തുടർന്ന് ജനനത്തീയതി ടൈപ്പ് ചെയ്തു നൽകുക.
- വിവരങ്ങൾ നൽകിയ ശേഷം താഴെയുള്ള ‘Check Result’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- പരീക്ഷാ ഫലം സ്‌ക്രീനിൽ തെളിയും. ഭാവിയിലെ ആവശ്യങ്ങൾക്കായി പ്രിന്റൗട്ടോ പിഡിഎഫ് ഫയലോ സൂക്ഷിച്ചു വെയ്ക്കാം.
കെ-ടെറ്റ് പരീക്ഷ
കേരളത്തിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ലോവർ പ്രൈമറി മുതൽ ഹൈസ്കൂൾ തലം വരെ അധ്യാപകരായി ജോലി ചെയ്യുന്നതിനുള്ള യോഗ്യതാ പരീക്ഷയാണിത്.
English Summary
Candidates who passed the KTET exam can now download their certificates online. These downloaded digital certificates can be used for official purposes. Teachers can submit them for new job appointments and promotions. Higher authorities must verify the certificates’ authenticity using the official website.