Madras HC halts NEET UG Results: നീറ്റ് ഫലപ്രഖ്യാപനം തടഞ്ഞ് മദ്രാസ് ഹൈകോടതി; നടപടി വിദ്യാർത്ഥികളുടെ പരാതിയെത്തുടർന്ന്
Madras HC Halts NEET UG 2025 Results: വൈദ്യുതി നിലച്ചത് മൂലം പരീക്ഷ അരമണിക്കൂറിലേറെ തടസപ്പെട്ടതിനാൽ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ചെന്നൈ ആവഡിയിലുള്ള പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയത്.

ചെന്നൈ: മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന്റെ (നീറ്റ്) ഫലപ്രഖ്യാപനം തടഞ്ഞ് മദ്രാസ് ഹൈകോടതി. വൈദ്യുതി നിലച്ചത് മൂലം പരീക്ഷ അരമണിക്കൂറിലേറെ തടസ്സപ്പെട്ടിരുന്നു. അതിനാൽ, വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ചെന്നൈ ആവഡിയിലുള്ള പരീക്ഷാ കേന്ദ്രത്തിലെ വിദ്യാർത്ഥികളാണ് ഹർജി നൽകിയത്. ഇക്കാര്യത്തിൽ പരീക്ഷാ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിങ് ഏജൻസിയോട് കോടതി വിശദീകരണം തേടിയിട്ടുണ്ട്.
ചെന്നൈ ആവഡിയിലുള്ള സെന്ററിൽ പരീക്ഷ എഴുതിയ 13 വിദ്യാർത്ഥികളാണ് പുനഃപരീക്ഷ ആവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകിയത്. ഇന്ത്യയിലുടനീളമുള്ള വിവിധ കേന്ദ്രങ്ങളിലായി മെയ് 4നാണ് നീറ്റ് പരീക്ഷ നടന്നത്. ആവഡിയിലെ കേന്ദ്രീയ വിദ്യാലയത്തിലെ സെന്ററിൽ 464ഓളം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഉച്ചയ്ക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ച് വരെയാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടർന്ന് 2:45നാണ് പരീക്ഷ ആരംഭിച്ചത്.
പിന്നാലെ, മൂന്ന് മണി മുതൽ 4.15 വരെ വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. വൈദ്യതി പുനഃസ്ഥാപിക്കാൻ ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ഒന്നും തന്നെ ഏർപ്പെടുത്തിയിരുന്നില്ല. പരീക്ഷ കേന്ദ്രത്തിൽ വെള്ളം കയറിയതിനെ തുടർന്ന് വിദ്യാർത്ഥികൾക്ക് മറ്റൊരു സ്ഥലത്തേക്ക് മാറേണ്ടി വന്നു. എന്നാലും, അധികൃതർ അധിക സമയം അനുവദിച്ചില്ല.
ALSO READ: സിഐഎസ്‌എഫിൽ കായിക താരങ്ങൾക്ക് അവസരം; 81,100 വരെ ശമ്പളം, 30 ഒഴിവുകൾ
തുടർന്ന്, തൃപ്തികരമായ രീതിയിൽ തങ്ങൾക്ക് പരീക്ഷ എഴുതാൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ച് വിദ്യാർഥികൾ എൻടിഎ വെബ്സൈറ്റ് വഴി പരാതി നൽകി. എന്നാൽ, ഫലം ഉണ്ടായില്ല. ഇതോടെയാണ് വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചത്. വൈദ്യുതി നിലച്ചത് മൂലം പരീക്ഷ എഴുതാൻ തടസ്സം നേരിട്ട വിദ്യാർത്ഥികളെ വീണ്ടും പരീക്ഷ എഴുതാൻ അനുവദിക്കണം എന്നാണ് ഹർജിക്കാരുടെ ആവശ്യം. സംഭവത്തെ കേന്ദ്ര സർക്കാരിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. ജൂൺ 2ന് കേസ് വീണ്ടും പരിഗണിക്കും.