CBSE : കുട്ടികളില്‍ ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നു; ‘ഷുഗര്‍ ബോര്‍ഡ്’ സ്ഥാപിക്കണമെന്ന് സ്‌കൂളുകളോട് സിബിഎസ്ഇ
CBSE sugar board: നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അമിതമായ ഷുഗര്‍ ഉപഭോഗത്തിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം

ന്യൂഡൽഹി: കുട്ടികളിലെ ഷുഗര്‍ ഉപഭോഗം നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും ‘ഷുഗര്‍ ബോര്‍ഡുകള്‍’ സ്ഥാപിക്കാന്‍ സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തിൽ കുട്ടികളിൽ ടൈപ്പ് 2 പ്രമേഹം ഗണ്യമായി വര്‍ധിച്ചതായാണ് കണക്കുകള്‍. നേരത്തെ മുതിര്‍ന്നവരില്‍ മാത്രമാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാല്‍ കുട്ടികളിലും ടൈപ്പ് 2 പ്രമേഹം വര്‍ധിക്കുന്നത് കണക്കിലെടുത്താണ് സിബിഎസ്ഇയുടെ പുതിയ നീക്കം.
സ്കൂൾ പരിസരങ്ങളിൽ ഷുഗര്‍ അടങ്ങിയ സ്‌നാക്ക്‌സ്, പാനീയങ്ങൾ, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവയുടെ എളുപ്പത്തിലുള്ള ലഭ്യതയാണ് കൂടുതല്‍ ഷുഗര്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണമെന്ന് സിബിഎസ്ഇ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച കത്തിൽ വ്യക്തമാക്കി.
അമിതമായ ഷുഗര്‍ ഉപഭോഗം പ്രമേഹ സാധ്യത വര്‍ധിപ്പിക്കുക മാത്രമല്ല, അമിത വണ്ണം, ദന്ത പ്രശ്‌നങ്ങള്‍, മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ എന്നിവയ്ക്കും കാരണമാകും. ഇത് കുട്ടികളുടെ ആരോഗ്യത്തെയും അക്കാദമിക് പ്രകടനത്തെയും ബാധിക്കുമെന്നും സിബിഎസ്ഇ ചൂണ്ടിക്കാട്ടി.




നാഷണൽ കമ്മീഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഈ തീരുമാനം പുറപ്പെടുവിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. അമിതമായ ഷുഗര്‍ ഉപഭോഗത്തിന്റെ അപകടത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.
ദിവസേന എത്രത്തോളം ഷുഗറാകാം, സാധാരണ ഭക്ഷണങ്ങളിലെ ഷുഗറിന്റെ ളവ്, അനാരോഗ്യകരമായ ഭക്ഷണരീതി, ആരോഗ്യ അപകടസാധ്യതകള്‍, ആരോഗ്യകരമായ ഭക്ഷണക്രമങ്ങള്‍ തുടങ്ങിയ വിശദാംശങ്ങള്‍ ബോര്‍ഡിലുണ്ടാകും. ഇതുസംബന്ധിച്ച് ബോധവൽക്കരണ സെമിനാറുകളും വർക്ക്‌ഷോപ്പുകളും സംഘടിപ്പിക്കാനും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ജൂലൈ 15 ന് മുമ്പ് സ്കൂളുകൾ ഇതുസംബന്ധിച്ച് റിപ്പോർട്ടും ഫോട്ടോഗ്രാഫുകളും അപ്‌ലോഡ് ചെയ്യണമെന്നും സിബിഎസ്ഇ നിര്‍ദ്ദേശിച്ചു.
4-10 പ്രായപരിധിയിലുള്ള കുട്ടികളുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 13 ശതമാനവും 11 മുതൽ 18 വയസ്സ് വരെ പ്രായമുള്ളവരുടെ ദൈനംദിന കലോറി ഉപഭോഗത്തിന്റെ 15 ശതമാനവും ഷുഗറില്‍ നിന്നാണെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഇത് ശുപാര്‍ശ ചെയ്യുന്ന് അഞ്ച് ശതമാനത്തേക്കാള്‍ കൂടുതലാണെന്നതാണ് ആശങ്ക.