NEET PG Registration 2026: നീറ്റ് പിജി പരീക്ഷ എന്ന്; റജിസ്ട്രേഷൻ ചൊവ്വാഴ്ച്ച അവസാനിക്കും, എങ്ങനെ അപേക്ഷിക്കാം?
NEET PG 2026 Exam And Registration Details: അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനായി എഡിറ്റ് വിൻഡോ 25 മുതൽ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ വിവരങ്ങൾ, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ഓഗസ്റ്റ് 11നു ലഭ്യമാക്കും. ജനറൽ, ഒബിസി വിഭാഗത്തിനു 3500 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗത്തിനു 2500 രൂപയുമാണു ഫീസ്.

പ്രതീകാത്മക ചിത്രം
രാജ്യത്തെ മെഡിക്കൽ പിജി പ്രവേശനത്തിനായുള്ള നീറ്റ് പിജി (NEET PG) പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി അടുക്കുന്നു. ഓഗസ്റ്റ് 30ന് നടത്തുന്ന മെഡിക്കൽ പിജി പ്രവേശന പരീക്ഷയുടെ റജിസ്ട്രേഷൻ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ഇത്തവണ മുതൽ ആദ്യ അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകി പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കില്ലെന്ന് ദേശീയ പരീക്ഷാ ബോർഡ് (എൻബിഇഎംഎസ്) വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ അപേക്ഷിക്കുന്നവർക്ക് രാജ്യത്തെവിടെയും പരീക്ഷാകേന്ദ്രം ലഭിക്കാം.
വരാനിരിക്കുന്ന ചൊവ്വാഴ്ചയോടെ (ജൂലൈ 21) ഔദ്യോഗിക രജിസ്ട്രേഷൻ നടപടികൾ അവസാനിക്കുന്നതാണ്. നീറ്റ് പിജിക്ക് 21നു രാത്രി 11.55 വരെ റജിസ്റ്റർ ചെയ്യാം. പിന്നീട് അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനായി എഡിറ്റ് വിൻഡോ 25 മുതൽ 28 വരെ ലഭ്യമാക്കും. അതേസമയം പേര്, മൊബൈൽ നമ്പർ, ഇമെയിൽ, ആധാർ വിവരങ്ങൾ, വിലാസം, പരീക്ഷാ കേന്ദ്രമാകേണ്ട സംസ്ഥാനങ്ങളുടെ മുൻഗണനാക്രമം എന്നിവ തിരുത്താൻ അനുവദിക്കില്ല. സിറ്റി ഇന്റിമേഷൻ ഓഗസ്റ്റ് 11നു ലഭ്യമാക്കും. ജനറൽ, ഒബിസി വിഭാഗത്തിനു 3500 രൂപയും എസ്‌സി, എസ്‌ടി, ഭിന്നശേഷി വിഭാഗത്തിനു 2500 രൂപയുമാണു ഫീസ്. അഡ്മിറ്റ് കാർഡ് ഓഗസ്റ്റ് 27ന് പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബർ 30ന് ഉള്ളിൽ ഫലം പ്രഖ്യാപിക്കും.
ALSO READ: നീറ്റ് ഫലം വന്നു, ഇനി അടുത്ത പടി എന്ത്? കൗൺസിലിംഗ് പ്രക്രിയയും അറിയേണ്ട കാര്യങ്ങളും
ഈ വർഷം മുതൽ ആധാർ ഓതന്റിക്കേഷൻ നടപ്പാക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. പരീക്ഷാകേന്ദ്രം ലഭിക്കുന്നതിനായി വിദ്യാർത്ഥികൾക്ക് രാജ്യത്തെ മൂന്ന് സംസ്ഥാനങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നൽകാവുന്നതാണ്. എന്നാൽ അപേക്ഷയിലെ നിങ്ങളുടെ വിലാസം ഉൾപ്പെടുന്ന സംസ്ഥാനമായിരിക്കണം ഒന്നാമത്തെ മുൻഗണനയായി നൽകേണ്ടത്. അടുത്ത രണ്ട് മുൻഗണനയായി സമീപ സംസ്ഥാനങ്ങളും ഉൾപ്പെടുത്താം. അപേക്ഷകരുടെ ആവശ്യം അനുസരിച്ച് പരീക്ഷാകേന്ദ്രങ്ങൾ അനുവദിക്കാൻ പരമാവധി ബോർഡ് ശ്രമിക്കും. എന്നാൽ, രാജ്യത്തെവിടെയും കേന്ദ്രം ലഭിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
മുൻവർഷങ്ങളിലെ ട്രെൻഡ് പരിശോധിച്ചാൽ ആദ്യം അപേക്ഷിക്കുന്നവർക്ക് മുൻഗണന നൽകിയാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്. ഈ രീതി മാറ്റിയതിനാൽ അപേക്ഷ നൽകാൻ തിരക്കു കൂട്ടേണ്ടതില്ലെന്നും മാർഗരേഖയിലുണ്ട്. അപേക്ഷാഘട്ടത്തിൽ വിദ്യാർഥികൾ ആധാർ നമ്പറും നൽകണം. ബയോമെട്രിക് പരിശോധന നടത്തിയാകും പരീക്ഷാഹാളിലേക്ക് ഓരോ വിദ്യാർത്ഥിയെയും പ്രവേശിപ്പിക്കുക. പരീക്ഷയിലെ തട്ടിപ്പ് തടയുകയെന്ന ലക്ഷ്യത്തോടെയാണിത്. ബയോമെട്രിക് പരിശോധന തടസ്സപ്പെടാതിരിക്കാൻ വിരലുകളിൽ ഹെന്ന, നിറം എന്നിവ പാടില്ലെന്നും ബോർഡ് അറിയിച്ചു. ഈ വർഷം മുതൽ പരീക്ഷയുടെ ആദ്യ ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. കഴിഞ്ഞ വർഷം വരെ 200 ചോദ്യങ്ങളാണ് ഉണ്ടായിരുന്നതെങ്കിൽ ഇക്കുറി 180 ആയി കുറച്ചു. രാവിലെ 9 മുതൽ 12.30 വരെയാണ് പരീക്ഷ നടക്കുന്നത്.
എങ്ങനെ അപേക്ഷിക്കാം?
- NBEMSൻ്റെ ഔദ്യോഗിക വെബാസൈറ്റായ natboard.edu.in എന്ന ലിങ്ക് സന്ദർശിക്കുക.
- ഹോംപേജിൽ കാണുന്ന NEET PG പരീക്ഷ 2026-ന്റെ രജിസ്ട്രേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- അതിൽ ഉദ്യോഗാർത്ഥികൾക്ക് അവരുടെ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകാൻ ആവശ്യപ്പെടും.
- രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, അപേക്ഷാ ഫോം പൂരിപ്പിക്കുക.
- തുടർന്ന് നിങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്ന അപേക്ഷാ ഫീസ് അടയ്ക്കുക.
- നിങ്ങളുടെ അപേക്ഷ അന്തിമമാക്കാൻ സബ്മിറ്റ് ബട്ടൺ ക്ലിക്ക് ചെയ്യുക.
- പൂരിപ്പിച്ച ഫോം ഡൗൺലോഡ് ചെയ്ത് ഭാവി റഫറൻസിനായി സൂക്ഷിക്കാം.
English Summary:
National Board of Examinations in Medical Sciences (NBEMS) has started National Eligibility cum Entrance Test (NEET) Postgraduate (PG) 2026 registration. Registration window closed on july 21 tuesday. Check how to apply fast and exact date of exam.