Study Abroad: പ്ലസ് ടുവിന് ശേഷം വിദേശത്ത് പഠിക്കാം, വഴികൾ ഇങ്ങനെ
അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഒരു ബിരുദം തൊഴിൽ സാധ്യതയും വർധിപ്പിക്കുന്നു. വിദേശഭാഷ പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രവീണ്യം വർധിപ്പിക്കുന്നു.
തിരുവനന്തപുരം: പ്ലസ് ടു ഫലം പുറത്തു വന്നതിനു പിന്നാലെ ഇനിയെന്ത് എന്ത് എന്ന ചിന്തയും പലരിലും ഉയരുന്നുണ്ട്. ചുരുക്കം ചിലർ തീരുമാനം എടുത്തിട്ടുണ്ടെങ്കിലും പലരും പദ്ധതികളൊ തീരുമാനങ്ങളോ ഇല്ലാതെ ഇരിക്കുകയാവും. വിദേശത്ത് പോയി നിലവാരമുള്ള വിദ്യാഭ്യാസം നേടാൻ ആഗ്രഹിക്കുന്നവരും ഏറെ. ഇവർക്ക് വളരെ എളുപ്പത്തിൽ വിദേശ പഠനം സാധ്യമാക്കാനുള്ള വഴികൾ നോക്കാം.
എന്തുകൊണ്ട് പ്ലസ് ടുവിന് ശേഷം വിദേശപഠനം?
ഇന്ത്യയിൽ ലഭ്യമല്ലാത്ത മികച്ച റാങ്കുകളുള്ള സർവകലാശാലകളിലേക്കും പ്രത്യേക കോഴ്സുകളിലേക്കും പ്രവേശനം നേടാൻ ഇതിലൂടെ കഴിയും. അന്താരാഷ്ട്ര തലത്തിൽ അംഗീകാരമുള്ള ഒരു ബിരുദം തൊഴിൽ സാധ്യതയും വർധിപ്പിക്കുന്നു. വിദേശഭാഷ പ്രത്യേകിച്ച് ഇംഗ്ലീഷ് പ്രവീണ്യം വർധിപ്പിക്കുന്നു. മറ്റ് പല സംസ്കാരങ്ങളുമായി ബന്ധപ്പെടുന്നത് വഴി നിലവാരവും സ്വഭാവരൂപീകരണവും മെച്ചപ്പെടുന്നു. അത്യാധുനിക ലബോറട്ടറികളും ഗവേഷണ സൗകര്യങ്ങളും ഉപയോഗിക്കാനുള്ള അവസരം ലഭിക്കുന്നു.
ഈ രാജ്യങ്ങൾ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് നല്ലത്
യു.എസ്.എ (USA): നിരവധി മികച്ച സർവകലാശാലകളുള്ള (ഉദാ: ഹാർവാർഡ്, എം.ഐ.ടി., സ്റ്റാൻഫോർഡ്) ഈ രാജ്യം വൈവിധ്യമാർന്ന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നു. SAT/ACT പരീക്ഷകളും ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളും (IELTS/TOEFL) ആവശ്യമാണ്.
കാനഡ: കുറഞ്ഞ വിദ്യാഭ്യാസ ചിലവുകൾക്കും ഉയർന്ന തൊഴിലവസരങ്ങൾക്കും പഠനാനന്തര വർക്ക് പെർമിറ്റുകൾക്കും പേരുകേട്ട രാജ്യം. IELTS നിർബന്ധമാണ്.
യു.കെ (UK): പ്രശസ്തമായ സർവകലാശാലകളും (ഉദാ: ഓക്സ്ഫോർഡ്, കേംബ്രിഡ്ജ്) മൂന്ന് വർഷത്തെ ബിരുദ കോഴ്സുകളും ഇവിടെയുണ്ട്. A-ലെവൽസ്/IB സ്കോറുകളോ ഫൗണ്ടേഷൻ കോഴ്സുകളോ ആവശ്യമായി വന്നേക്കാം.
Also Read – പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു
ഓസ്ട്രേലിയ: എഞ്ചിനീയറിംഗ്, ബിസിനസ്, മെഡിക്കൽ പഠനങ്ങൾക്ക് പ്രശസ്തം. സ്കോളർഷിപ്പുകളും പഠനാനന്തര വർക്ക് പെർമിറ്റുകളും ലഭ്യമാണ്. IELTS/PTE ആവശ്യമാണ്.
ജർമ്മനി: പല പൊതു സർവകലാശാലകളിലും ട്യൂഷൻ ഫീസ് വളരെ കുറവാണ്, അഡ്മിനിസ്ട്രേറ്റീവ് ചിലവുകൾ മാത്രമേ ഉണ്ടാകൂ. ചില കോഴ്സുകൾക്ക് ജർമ്മൻ ഭാഷാ പ്രാവീണ്യം വേണ്ടിവരും, എന്നാൽ ഇംഗ്ലീഷിൽ പഠിപ്പിക്കുന്ന കോഴ്സുകളും ലഭ്യമാണ്.
അയർലൻഡ്, ന്യൂസിലാൻഡ്, സിംഗപ്പൂർ, ഫ്രാൻസ്, നെതർലൻഡ്‌സ്, ജപ്പാൻ, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പറ്റിയ സ്ഥലങ്ങൾ തന്നെ.
യോഗ്യതയും ആവശ്യമായ രേഖകളും
- 9, 10, 11, 12 ക്ലാസുകളിലെ മാർക്ക് ഷീറ്റുകൾ
- െഎഇഎൽടിഎസ് അല്ലെങ്കിൽ ടിഒഇഎഫ്എൽ സാധാരണയായി ആവശ്യമാണ്. ഡിഇറ്റി, പിടിഇ എന്നിവയും ചില സർവകലാശാലകൾ അംഗീകരിക്കുന്നു.
- പാസ്‌പോർട്ടും വിസയും
- ട്യൂഷൻ ഫീസും ജീവിതച്ചെലവുകളും വഹിക്കാൻ നിങ്ങൾക്ക് കഴിവുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ.
- സ്റ്റേറ്റ്മെന്റ് ഓഫ് പർപസ് – നിങ്ങളുടെ അക്കാദമിക് ലക്ഷ്യങ്ങളും എന്തുകൊണ്ട് ആ കോഴ്സ്, ആ സർവകലാശാലയിൽ പഠിക്കാൻ ആഗ്രഹിക്കുന്നു എന്നും വിശദീകരിക്കണം
- SAT, ACT,പ്രധാനമായും യു.എസ്.എയിലെ ബിരുദ പ്രവേശനങ്ങൾക്ക് ആവശ്യമാണ്.