Kerala Plus Two Result 2025: പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനവും ഫുൾ എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു
Kerala +2 Result 2025: 4,44,707 വിദ്യാർഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. വൈകീട്ട് 3.30 മുതൽ വിദ്യാർത്ഥികൾക്ക് വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും.
തിരുവനന്തപുരം: സംസ്ഥാനത്തെ 2024-25 അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലങ്ങൾ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. 77.81 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം. 3,70,642 വിദ്യാർഥികളാണ് ഇത്തവണ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതിയത്. ഇതില്‍ 2,88,394 വിദ്യാർഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വര്‍ഷം പ്ലസ് ടുവിലെ വിജയശതമാനം 78.69 ആയിരുന്നു. വൈകീട്ട് 3.30 മുതൽ വെബ്‌സൈറ്റുകളിൽ ഫലം ലഭ്യമാകും.
കഴിഞ്ഞ വർഷത്തേക്കാൾ വിജയ ശതമാനം ഇത്തവണ കുറഞ്ഞു. ഇത്തവണ രേഖപ്പെടുത്തിയുരിക്കുന്നത് 0.88 ശതമാനത്തിൻറെ കുറവാണ്. കഴിഞ്ഞ വർഷത്തേ അപേക്ഷിച്ച് ഇത്തവണ രണ്ടാഴ്ച വൈകിയാണ് പരീക്ഷാ ഫലം പ്രഖ്യാപിച്ചത്. മെയ് 9നാണ് കഴിഞ്ഞവർഷം ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ വിഎച്ച്എസ്ഇ പരീക്ഷ എഴുതിയത് 26,178 വിദ്യാർഥികളാണ്. ഇതിൽ ഉപരിപഠനത്തിന് യോഗ്യത നേടിയത് 18,340 വിദ്യാർഥികളാണ്. 70.06 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷം 71.42 ശതമാനമായിരുന്നു വിജയം. വിഎച്ച്എസ്ഇ പരീക്ഷയുടെ വിജയ ശതമാനവും ഇത്തവണ കുറഞ്ഞു. 1.36 ശതമാനത്തിന്‍റെ കുറവാണ് ഉണ്ടായിരിക്കുന്നത്.
ഇത്തവണ സയൻസ് വിഭാഗത്തിൽ 83.25 ശതമാനമാണ് വിജയം. കോമേഴ്‌സിന് 74.21 ശതമാനവും ഹ്യുമാനിറ്റീസിന് 69.16 ശതമാനവുമാണ് വിജയം. ഇത്തവണ സയൻസ് വിഭാഗത്തിൽ പരീക്ഷ എഴുതിയത് 1,57,561 വിദ്യാർഥികളാണ്. ഇതിൽ 1,57,561 പേർ ഉന്നത പഠനത്തിന് അർഹത നേടി. കോമെഴ്‌സ് വിഭാഗത്തിൽ 106796 പേർ പരീക്ഷ എഴുതിയതിൽ 79,255 പേരും, ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 74,583 പേർ പരീക്ഷ എഴുതിയതിൽ 51,578 പേരും ഉന്നത പഠനത്തിന് അർഹത നേടി.
ഹയർ സെക്കൻഡറി പരീക്ഷയിൽ ഏറ്റവും കൂടുതൽ വിജയശതമാനം നേടിയ ജില്ല എറണാകുളമാണ്. 83.09 ശതമാനമാണ് വിജയം. ഏറ്റവും കുറവ് വിജയശതമാനം കാസർഗോഡ് ജില്ലയാണ്. 79.09 ശതമാനമാണ് വിജയം. സംസ്ഥാനത്ത് 100 ശതമാനം വിജയം എന്ന നേട്ടം സ്വന്തമാക്കിയത് 57 സ്‌കൂളുകളാണ്. ഇതിൽ സർക്കാർ സ്കൂളുകൾ 6 എണ്ണമാണ്. ഇത്തവണ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 30,145 പേരാണ്. ഫുൾ എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ കുറവുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 9097 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.
സയൻസ് വിഭാഗത്തിൽ 22772 പേരും, കോമേഴ്‌സ് വിഭാഗത്തിൽ 2863 പേരും, ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 4510 പേരുമാണ് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയത്. ഏറ്റവും കൂടുതൽ വിദ്യാർഥികൾ എ പ്ലസ് നേടിയ ജില്ലാ മലപ്പുറം. 4735 വിദ്യാർത്ഥികളാണ് ഫുൾ എ പ്ലസ് നേടിയത്. മുഴുവൻ മാർക്കും നേടിയ വിദ്യാർത്ഥികളുടെ എണ്ണം 41.
പരീക്ഷാ ഫലം അറിയാനുള്ള വെബ്സൈറ്റുകൾ
വിദ്യാർത്ഥികൾക്ക് ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റുകളായ www.prd.kerala.gov.in, results.hse.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ വഴി പരിശോധിക്കാം. IExaMS-Kerala, SAPHALAM 2025, PRD Live, UMANG എന്നീ മൊബൈൽ ആപ്പുകൾ വഴിയും ഫലം ലഭ്യമാകും. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാഫലം അറിയാൻ www.results.kite.kerala.gov.in, www.prd.kerala.gov.in, www.examresults.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും.