TCS Salary hike: 12,000 ജീവനക്കാരെ പിരിച്ചു വിട്ടതിനു പിന്നാലെ ടിസിഎസ് ജീവനക്കാരുടെ ശമ്പളം കൂട്ടി
Tata Consultancy Services Ltd. has rolled out salary hikes: കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ എച്ച് ആർ വിഭാഗത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ കാരണം ശമ്പള വർദ്ധനവ് വൈകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്.
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ഐ ടി സേവന ദാതാക്കളായ ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് (T C S) തങ്ങളുടെ ഭൂരിഭാഗം ജീവനക്കാർക്കും ശമ്പളം കൂട്ടുന്നതായി റിപ്പോർട്ട്. 4.5 – 7% എന്ന പരിധിയിൽ ഉള്ള ശമ്പള വർദ്ധനവ് നൽകിയതായാണ് വൃത്തങ്ങൾ അറിയിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരം മുതൽ കമ്പനി ഇൻക്രിമെന്റ് ലെറ്ററുകൾ അയച്ചു തുടങ്ങിയെന്നും വിവരങ്ങൾ പുറത്തു വരുന്നു. വർദ്ധിപ്പിച്ച ശമ്പളം ഇന്നലെ മുതൽ പ്രാബല്യത്തിൽ വരുമെന്നായിരുന്നു വൃത്തങ്ങൾ വ്യക്തമാക്കിയത്. അതേസമയം, ഇത് സംബന്ധിച്ച ഔദ്യോഗിക പ്രതികരണം കമ്പനി ഇതുവരെ നൽകിയിട്ടില്ല.
കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്പനിയുടെ എച്ച് ആർ വിഭാഗത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. വിപണിയിലെ അനിശ്ചിതാവസ്ഥ കാരണം ശമ്പള വർദ്ധനവ് വൈകുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ, ഏകദേശം 12,000 ജീവനക്കാരെ, അതായത് മൊത്തം ജീവനക്കാരുടെ 2% പേരെ പിരിച്ചുവിടുമെന്ന അപ്രതീക്ഷിത പ്രഖ്യാപനവും വന്നു. അതിനുശേഷമാണ് 80% ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകുമെന്ന് കമ്പനി അറിയിച്ചത്.
മാധ്യമ റിപ്പോർട്ടുകൾ അനുസരിച്ച്, താഴ്ന്ന, ഇടത്തരം തലങ്ങളിലുള്ള ജീവനക്കാർക്കാണ് ശമ്പള വർദ്ധനവിന് കൂടുതലും അർഹത ലഭിച്ചത്. മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാർക്ക് 10 ശതമാനത്തിലധികം ശമ്പള വർദ്ധനവ് ലഭിച്ചിട്ടുണ്ടെന്നും വൃത്തങ്ങൾ പറയുന്നു. ജൂൺ പാദത്തിലെ കണക്കുകൾ പ്രകാരം, കമ്പനിയുടെ അറ്റ്രീഷൻ നിരക്ക് 13.8% ആയി വർദ്ധിച്ചിരുന്നു.