UGC: യുജിസി ചിഹ്നത്തിന് പകരം സരസ്വതി ദേവി; പാഠ്യപദ്ധതി ചട്ടക്കൂടില്‍ ‘പുത്തന്‍ പരിഷ്‌കാരം’
UGC Replaces Logo with Saraswati Image: ആന്ത്രോപ്പോളജി, കെമിസ്ട്രി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, മാത്‌സ് എന്നിവയുടെ പാഠ്യപദ്ധതിയാണ് യുജിസി പുറത്തിറക്കിയത്.

പുതിയ പാഠ്യപദ്ധതി
സരസ്വതി ദേവിയുടെ ഫോട്ടോയും പതിച്ചുള്ള ബിരുദ-ബിരുദാനന്തര കോഴ്‌സുകളുടെ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ കരട് പ്രസിദ്ധീകരിച്ച് യുജിസി. മുന്‍പേജില്‍ തന്നെ സരസ്വതി ദേവിയുടെ ചിത്രം നല്‍കിയിരിക്കുന്നു. പുരാണ, ഹിന്ദുത്വ ആശയങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് ശാസ്ത്ര വിഷയങ്ങളുടെ ഉള്‍പ്പെടെ പാഠ്യപദ്ധതി.
ആന്ത്രോപ്പോളജി, കെമിസ്ട്രി, കൊമേഴ്‌സ്, എക്കണോമിക്‌സ്, ജിയോഗ്രഫി, ഹോം സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, മാത്‌സ് എന്നിവയുടെ പാഠ്യപദ്ധതിയാണ് യുജിസി പുറത്തിറക്കിയത്. കെമിസ്ട്രി പാഠ്യപദ്ധതി സരസ്വതി ദേവിയെ വന്ദിച്ചുകൊണ്ടാണ് ആരംഭിക്കുന്നത്.
കൊമേഴ്‌സ് പാഠ്യപദ്ധതിയില്‍ കൗടില്യന്റെ അര്‍ത്ഥശാസ്ത്രം പഠിപ്പിക്കണമെന്ന നിര്‍ദേശമുണ്ട്. വിഡി സവര്‍ക്കറുടെ ഇന്ത്യന്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്, സ്വാതന്ത്ര്യത്തിനായുള്ള ഭാരതീയ പോരാട്ടം എന്ന അധ്യായത്തിന്റെ വായനാ പട്ടികയില്‍ ഇടം നേടി.
കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അംഗീകരിക്കാന്‍ തയാറാകാതിരുന്ന ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മറവിലാണ് യുജിസി കരട് പാഠ്യപദ്ധതി പുറത്തുവിട്ടത്. കെമിസ്ട്രിയുടെ ചട്ടക്കൂടില്‍ സരസ്വതിയുടെ ചിത്രത്തിന് താഴെയായി പ്രാര്‍ത്ഥനയുമുണ്ട്.
വരങ്ങളുടെ ദാതാവും ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്നവളുമായ സരസ്വതി ദേവിക്ക് നമസ്‌കാരം. ഹേ ദേവീ ഞാന്‍ എന്റെ പഠനം ആരംഭിക്കുമ്പോള്‍ ദയവായി എനിക്ക് എല്ലാം മനസിലാക്കാനുള്ള കഴിവ് നല്‍കണേ, എന്നാണ് പ്രാര്‍ത്ഥന. യുജിസി ലോഗോ പോലും ഒഴിവാക്കി കൊണ്ടാണ് ഈ പരിഷ്‌കാരം.
കെമിസ്ട്രിയിലും മാത്‌സിലുമാണ് പുരാണ സങ്കല്‍പ്പങ്ങളുടെ തിരുകി കയറ്റല്‍ കൂടുതലായുള്ളത്. കെമിസ്ട്രിയില്‍ കെമിക്കല്‍ നോളജ് ഓഫ് ദേവദാസ് എന്ന അധ്യായത്തില്‍ കുണ്ഡലിനി സങ്കല്‍പം, മഹര്‍ഷിയുടെ അറ്റോമിക് തിയറി, വേദങ്ങളിലെ ലോഹ ശാസ്ത്രം എന്നിവയെല്ലാം ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൊളിറ്റിക്കല്‍ സയസില്‍ ഹിന്ദുമഹാസഭ നേതാവ് വിഡി സവര്‍ക്കര്‍, ജനസംഘം സ്ഥാപക നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എന്നിവരുടെ ജീവചരിത്രവുമുണ്ട്. ദേശീയ പ്രസ്ഥാനത്തിന്റെ നേതാക്കളില്‍ പ്രധാനിയായിരുന്നു സവര്‍ക്കര്‍ എന്നാണ് ചട്ടക്കൂടില്‍ പറയുന്നത്.
Also Read: KERA Recruitment 2025: കേര പ്രോജക്ടില്‍ അവസരം; 40,000 വരെ ശമ്പളം
കൊമേഴ്‌സില്‍ ഭാരതീയ തത്വചിന്ത ഉള്‍പ്പെടുന്നു. ഭാരതീയ തത്വചിന്തയില്‍ നിന്ന് ഉരുത്തിരിഞ്ഞ സമഗ്രമായ പഠന സമീപനമാണ് വാണിജ്യ വിദ്യാഭ്യാസം എന്നാണ് പറയുന്നത്. കൂടാതെ, രാമരാജ്യം പോലുള്ള ആശയങ്ങള്‍ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്തം, സമകാലിക പരിസ്ഥിതി, സാമൂഹിക, ഭരണ ചട്ടക്കൂടുകള്‍ എന്നിവയുടെ പശ്ചാത്തലത്തില്‍ പര്യവേഷണം ചെയ്യാവുന്നതാണെന്ന നിര്‍ദേശവുമുണ്ട്.