Kerala Knowledge Economy Mission: തൊഴിൽ അന്വേഷിക്കുന്നവർക്ക് അവസരങ്ങളുടെ ഖജനാവ് തുറന്ന ‘വിജ്ഞാന കേരളം’ പദ്ധതി എന്താണ്?
What is Kerala Knowledge Economy Mission: കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കി ആഗോള തൊഴിൽ വിപണിയിൽ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേർക്കുക എന്നതാണ് നോളേജ് ഇക്കോണമി മിഷന് കീഴിലുള്ള ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മന്റ് സിസ്റ്റത്തിന്റെ ചുമതല
കേരളത്തിലെ മനുഷ്യവിഭവ ശേഷിക്ക് അനുയോജ്യമായ തൊഴിൽ അവസരങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതിയാണ് നോളേജ് ഇക്കോണമി മിഷൻ അഥവാ വിജ്ഞാന കേരളം പദ്ധതി. ദേശീയ – അന്തർദേശീയ തലത്തിൽ ധാരാളം നവാഗതർക്ക് ഉൾപ്പടെ നിരവധി തൊഴിൽ അവസരങ്ങൾ ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നു. ആഗോള തലത്തിലുള്ള മാറ്റങ്ങൾ കൂടി ഉൾക്കൊണ്ട് കേരളത്തിൽ ഒരു വൈജ്‌ഞാനിക സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും ഈ പദ്ധതി വഴി ശ്രമിക്കുന്നു.
ഇത് പരമാവധി ഉപയോഗപ്പെടുത്തി കൊണ്ട് കേരളത്തിലെ തൊഴിൽ അന്വേഷകർക്ക് നൈപുണ്യ പരിശീലനം നൽകി അവരെ തൊഴിൽ സജ്ജരാക്കി ആഗോള തൊഴിൽ വിപണിയിൽ നിന്നുള്ള അവസരങ്ങളുമായി കൂട്ടിച്ചേർക്കുക എന്നതാണ് നോളേജ് ഇക്കോണമി മിഷന് കീഴിലുള്ള ഡിജിറ്റൽ വർക്‌ഫോഴ്‌സ് മാനേജ്‌മന്റ് സിസ്റ്റത്തിന്റെ ചുമതല. ലോകത്താകമാനമുള്ള വൈജ്‌ഞാനിക തൊഴിലുകളും, അതിന് അനുയോജ്യരായ തൊഴിലാളികളും, നൈപുണ്യ പരിശീലന ഏജൻസികളും കൂടിച്ചേരുന്ന ഒരു ഇടമാണ് യഥാർത്ഥത്തിൽ ഡിജിറ്റൽ വർക്ക്‌ഫോഴ്‌സ് മാനേജ്‌മന്റ് എന്നത്.
ഇത് വഴി തൊഴിൽ അന്വേഷിക്കുന്നവരുടെ കഴിവിനും ശേഷിക്കും അനുസരിച്ച് അവർക്ക് താല്പര്യമുള്ള തൊഴിലിടം തെരഞ്ഞെടുക്കാവുന്നതാണ്. കേരള നോളേജ് ഇക്കോണമി മിഷനിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് അതാത് തൊഴിൽ മേഖലയുടെ ആവശ്യകതയ്ക്ക് അനുസരിച്ച് നൈപുണ്യം വർധിപ്പിച്ച് അവരെ തൊഴിൽ സജ്ജരാക്കി മാറ്റുവാൻ പരിശീലനം നൽകുന്നു. അതുപോലെ തന്നെ തൊഴിൽ ഉടമകളും അവർക്ക് അനുയോജ്യമായ തൊഴിൽ അന്വേഷകരെ ഇവിടെ നിന്ന് കണ്ടെത്തുന്നു.
അവരവരുടെ കഴിവിനും ശേഷിക്കും അനുസരിച്ച് സൗകര്യപ്രദമായ ഇടത്തിലും സമയത്തും തൊഴിൽ ചെയ്ത് അതിനുള്ള പ്രതിഫലം സ്വീകരിക്കുന്ന ഗിഗ്, ഫ്രീലാൻസിംഗ് തൊഴിലുകളിലേക്ക് അഭ്യസ്ഥവിദ്യരെ എത്തിക്കാനും ഇതിലൂടെ സാധിക്കുന്നു. ഐടിയും മറ്റ് അനുബന്ധ മേഖലകൾ, ചെറുകിട വ്യാപാരം, കൃഷി, ലോജിസ്റ്റിക്സ്, ആരോഗ്യം, ധനകാര്യ സേവനങ്ങൾ, വ്യവസായം, വിദ്യാഭ്യാസം, ഉത്പാദനം, കൃഷി തുടങ്ങി ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രധാന മേഖലകളിൽ എല്ലാം തന്നെ തൊഴിൽ അവസരങ്ങൾ ഇതിലൂടെ ലഭിക്കുന്നു. ഇതിൽ ഭൂരിഭാഗവും വൈദഗ്ധ്യം ആവശ്യമുള്ള വിജ്ഞാന തൊഴിലുകൾ ആണ്.