Edward Nathan Varghese: 2.5 കോടി പാക്കേജോടെ പ്ലേസ്മെന്റ്; റെക്കോർഡ് നേട്ടവുമായി 21-കാരൻ
Who Is Edward Nathan Varghese: 2017-ൽ ലഭിച്ച ഒരു കോടി രൂപയായിരുന്നു ഐഐടി ഹൈദരാബാദിലെ ഏറ്റവും ഉയർന്ന ശമ്പളം. കഴിഞ്ഞ വർഷം ഇത് 66 ലക്ഷം രൂപയായിരുന്നു.

Edward Nathan Varghese
ഹൈദരാബാദ്: ഐഐടി ഹൈദരാബാദിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ശമ്പള പാക്കേജ് സ്വന്തമാക്കി വിദ്യാർത്ഥി എഡ്വേർഡ് നഥാൻ വർഗീസ്. നെതർലാൻഡ്‌സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഒപ്റ്റിവർ’ എന്ന ട്രേഡിംഗ് കമ്പനിയാണ് എഡ്വേർഡിന് 2.5 കോടി രൂപയുടെ വാർഷിക ശമ്പള പാക്കേജ് വാഗ്ദാനം ചെയ്തത്. 2008 ൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിതമായതിനുശേഷം ഒരു വിദ്യാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന പാക്കേജാണിത്.
21 വയസ്സുകാരനായ എഡ്വേർഡ് നഥാൻ വർഗീസ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജൂലൈയിൽ കമ്പനിയിൽ ചേരും. നേരത്തെ ഇതേ കമ്പനിയിൽ നടത്തിയ രണ്ട് മാസത്തെ സമ്മർ ഇന്റേൺഷിപ്പിലെ മികച്ച പ്രകടനമാണ് പ്രീ-പ്ലേസ്‌മെന്റ് ഓഫറിലേക്ക് വഴിവെച്ചത്. ഈ വർഷം ഇന്റേൺഷിപ്പിനായി രണ്ട് വിദ്യാർത്ഥികളെയാണ് ഒപ്റ്റിവർ തിരഞ്ഞെടുത്തത്.
ഹൈദരാബാദിൽ ജനിച്ച എഡ്വേർഡ് ബംഗളൂരുവിലാണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ജെഇഇ മെയിൻ പരീക്ഷയിൽ 1100-ാം റാങ്കും ജെഇഇ അഡ്വാൻസിൽ 558-ാം റാങ്കും നേടി. ക്യാറ്റ് പരീക്ഷയിൽ 99.96 പെർസെന്റൈലോടെ 120-ാം റാങ്കും എഡ്വേർഡ് കരസ്ഥമാക്കിയിട്ടുണ്ട്. തൊഴിൽ വിപണിയിലെ പ്രതിസന്ധികൾക്കിടയിലും ഐഐടി ടാഗും കോംപറ്റീറ്റീവ് പ്രോഗ്രാമിംഗിലെ മികവും തന്നെ ഈ നേട്ടത്തിലെത്താൻ സഹായിച്ചുവെന്ന് എഡ്വേർഡ് പറഞ്ഞു.
@IITHyderabad records an outstanding placement season in 2025, with 24 international offers secured and average packages increasing by 75%.
This success reflects the combined efforts of our talented students, dedicated faculty, and the Office of Career Services (OCS), IIT… pic.twitter.com/MB9mHf793n
— IIT Hyderabad (@IITHyderabad) January 1, 2026
എഡ്വേർഡിനെ കൂടാതെ കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിലെ മറ്റൊരു വിദ്യാർത്ഥിക്ക് 1.1 കോടി രൂപയുടെ പാക്കേജ് ലഭിച്ചിട്ടുണ്ട്. ഇത്തവണ 24 അന്താരാഷ്ട്ര തൊഴിൽ ഓഫറുകളാണ് വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ ശരാശരി ശമ്പള പാക്കേജിൽ 75 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പിജി വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന ശരാശരി പാക്കേജ് 22 ലക്ഷം രൂപയാണ്.
മുൻപ് 2017-ൽ ലഭിച്ച ഒരു കോടി രൂപയായിരുന്നു ഐഐടി ഹൈദരാബാദിലെ ഏറ്റവും ഉയർന്ന ശമ്പളം. കഴിഞ്ഞ വർഷം ഇത് 66 ലക്ഷം രൂപയായിരുന്നു. നിലവിൽ 196 പിജി വിദ്യാർത്ഥികൾക്ക് ശരാശരി 22 ലക്ഷം രൂപയുടെ പാക്കേജിൽ ജോലി ലഭിച്ചിട്ടുണ്ട്.