KEAM 2026: ഇനി പിഴയ്ക്കില്ല; മാര്‍ക്ക് സമീകരണത്തില്‍ തമിഴ്‌നാട് മോഡല്‍ പിന്തുടര്‍ന്ന് കേരളം; കീമില്‍ വരുന്നത് വലിയ മാറ്റം
KEAM 2026 Marks New Normalization Formula: കീം 2026 പരീക്ഷയുടെ മാര്‍ക്ക് സമീകരണത്തിന് ഇനി പുതിയ സമവാക്യം. എഞ്ചിനീയറിങ് കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയ പഠിക്കുന്നതിന് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം
കീം 2026-എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്ക് സമീകരണത്തിന് ഇനി പുതിയ സമവാക്യം. എഞ്ചിനീയറിങ് കോഴ്‌സുകളിലെ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയ പഠിക്കുന്നതിന് നിയോഗിച്ച സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന് അംഗീകാരം ലഭിച്ചു. എഞ്ചിനീയറിങ് പ്രവേശന പരീക്ഷകളിലെ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ നയവും, എന്‍ട്രന്‍സ് സ്‌കോര്‍ നോര്‍മലൈസേഷന്‍ പ്രക്രിയയും വിദ്യാര്‍ത്ഥികള്‍ക്കുണ്ടാക്കുന്ന മാര്‍ക്ക് നഷ്ടം നീതികരിക്കാനാകില്ലെന്ന വിലയിരുത്തലിലാണ് പുതിയ മാര്‍ക്ക് സമീകരണ സമവാക്യം രൂപീകരിച്ചത്.
മുന്‍വര്‍ഷങ്ങളിലെ കീം റാങ്ക് ലിസ്റ്റിനെതിരെ നിരവധി ആക്ഷേപങ്ങളാണ് ഉയര്‍ന്നത്. വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ഇത്തവണ പിഴവുകള്‍ ഒഴിവാക്കുകയാണ് ലക്ഷ്യം. മന്ത്രിസഭ അംഗീകരിച്ച തമിഴ്‌നാട് പിന്തുടരുന്ന ഫോര്‍മുലയ്ക്ക് സമാനമായ നോര്‍മലൈസേഷന്‍ ഫോര്‍മുല നടപ്പിലാക്കാനാണ് തീരുമാനം. കണക്ക്: ഫിസിക്‌സ്: കെമിസ്ട്രി എന്നിവയുടെ അനുപാതം 5:3:2 എന്ന രീതിയില്‍ നിജപ്പെടുത്തും.
എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷയിൽ ലഭിച്ച നോർമലൈസ്ഡ് സ്കോറിനും യോഗ്യതാ പരീക്ഷയുടെ അവസാന വർഷത്തിലെ (പ്ലസ്ടു മാത്രം) മാർക്കിനും തുല്യ വെയിറ്റേജ് (50:50) നല്‍കിയാകും റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത്. ഇതില്‍ പ്ലസ്ടുവിലെ മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി എന്നീ വിഷയങ്ങളാകും പരിഗണിക്കുന്നത്. 5:3:2 എന്ന അനുപാതത്തിൽ വെയിറ്റേജ് നല്‍കും.
കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ മാര്‍ക്ക് പരിഗണിക്കും. കെമിസ്ട്രിയും, കമ്പ്യൂട്ടര്‍ സയന്‍സും ഠിച്ചിട്ടില്ലെങ്കിൽ, ബയോടെക്നോളജിയിൽ ലഭിച്ച മാർക്ക് പരിഗണിക്കും. കെമിസ്ട്രി, കമ്പ്യൂട്ടർ സയൻസ്, ബയോടെക്നോളജി എന്നിവ പഠിച്ചിട്ടില്ലെങ്കിൽ, ബയോളജിയിൽ ലഭിച്ച മാർക്കായിരിക്കും പരിഗണിക്കുന്നത്.
ഓരോ ബോര്‍ഡിലെയും ഉയര്‍ന്ന മാര്‍ക്കെടുത്ത് അത് 100 മാര്‍ക്കായി പരിഗണിക്കും. ഉദാഹരണത്തിന്, ഒരു ബോര്‍ഡ് പരീക്ഷയില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കെമിസ്ട്രിയില്‍ നല്‍കിയിട്ടുള്ള പരമാവധി മാര്‍ക്ക് 90 ആണെന്ന് കരുതുക. ആ കുട്ടിക്ക് 90ല്‍ 85 മാര്‍ക്ക് കിട്ടിയെന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍ 90ല്‍ 85 കിട്ടിയെങ്കില്‍ അത് 100ല്‍ എത്ര വരുമെന്ന് കണ്ടെത്തും. 85*100/90=94.44. ഓരോ വിഷയങ്ങളുടെയും മാര്‍ക്ക് ഈ രീതിയില്‍ സമീകരിക്കും. സമീകരണത്തിന് ശേഷം കിട്ടുന്ന മാര്‍ക്കാണ് 5:3:2 എന്ന ആനുപാതത്തില്‍ റാങ്ക് ലിസ്റ്റില്‍ പരിഗണിക്കുന്നത്.
നോര്‍മലൈസേഷന് ശേഷം പ്ലസ്ടുവിലെ മാത്തമാറ്റിക്‌സ്, ഫിസിക്,് കെമിസ്ട്രി എന്നിവയുടെ മാര്‍ക്കുകള്‍ 150, 90, 60 എന്നീ ബേസുകളില്‍ പരിഗണിക്കും. അതായത്, മൂന്ന് വിഷയങ്ങളുടെയും ആകെ മാര്‍ക്ക് 300 ആകും. കീമിലെ മാര്‍ക്കും സമീകരണത്തിലൂടെ 300 ആക്കും. ഇത് രണ്ടും കൂടി പരിഗണിച്ച് ആകെ 600 മാര്‍ക്കിലെ സ്‌കോര്‍ പരിഗണിച്ച് റാങ്ക് നിശ്ചയിക്കും. കീം 2026 പരീക്ഷയുടെ പ്രോസ്പക്ടസില്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങളുണ്ടാകും.