Kerala Assembly Election 2026: വോട്ടെടുപ്പു സമയം അവസാനിച്ചു… 2021- ലെ കണക്കുകൾ തിരുത്തിയ പോളിങ് ശതമാനം, ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം
Polling percentage and important incidents and allegations: കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെ അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മെയ് 4-നാണ് വോട്ടെണ്ണൽ. കേരളം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം.

Kerala Assembly Election 2026
തിരുവനന്തപുരം: ആഴ്ചകൾ നീണ്ട ആവേശകരമായ പ്രചാരണങ്ങൾക്കും വിവാദങ്ങൾക്കും ഒടുവിൽ കേരളം പോളിങ് ബൂത്തിലെത്തി വിധിയെഴുതി. പൊള്ളുന്ന ചൂടിനെ അവഗണിച്ച് വോട്ടർമാർ കൂട്ടത്തോടെ എത്തിയതോടെ സംസ്ഥാനത്ത് മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ഒടുവിലത്തെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് 78.12 ശതമാനം പേർ വോട്ടു രേഖപ്പെടുത്തി. കോഴിക്കോട്ടും പാലക്കാട്ടും പോളിങ് 80 ശതമാനം കടന്നു. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് പോളിങ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ ഉയർന്ന പോളിങ് ശതമാനമാണിത്. വോട്ടെടുപ്പ് സമയം ആറ് മണിക്ക് അവസാനിച്ചെങ്കിലും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര തുടരുകയാണ്.
കള്ളവോട്ട് പരാതികളും സംഘർഷവും
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് സംബന്ധിച്ച വ്യാപക പരാതികളാണ് ഉയർന്നത്. ഇതിനെത്തുടർന്ന് പലയിടങ്ങളിലും രാഷ്ട്രീയ സംഘർഷങ്ങൾ ഉടലെടുത്തു. തൃക്കരിപ്പൂർ ഉതിരനൂർ സ്കൂളിലെ ബൂത്തിൽ യുഡിഎഫ് വനിതാ ഏജന്റ് രതിലയ്ക്ക് നേരെ നായ്ക്കുരണപ്പൊടി എറിഞ്ഞു. ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃക്കരിപ്പൂർ പുത്തിലോട് ബൂത്തിൽ ഏജന്റിനെ മർദ്ദിച്ചതായും പരാതിയുണ്ട്.
നാദാപുരം വാണിമേൽ സ്കൂളിൽ മറ്റൊരാളുടെ ഐഡി കാർഡുമായി എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പിടികൂടി. ബേപ്പൂർ കൊളത്തറയിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച അബ്ദുൾ സമദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. വടക്കാഞ്ചേരിയിലും കുറ്റ്യാടിയിലും വോട്ട് ചെയ്യാൻ എത്തിയവരുടെ വോട്ട് നേരത്തെ തന്നെ പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇത് വലിയ പ്രതിഷേധങ്ങൾക്ക് കാരണമായി. പനയ്ക്കപ്പാലത്ത് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ഭാര്യയുടെയും വോട്ട് വ്യാജ ദമ്പതികൾ വന്ന് ചെയ്തതായി എൽഡിഎഫ് ആരോപിച്ചു.
Also Read: Kerala Election 2026 Voting Live : മഞ്ചേശ്വരത്ത് കള്ള വോട്ട്? പലയിടത്തും ഇവിഎം കേടായി – Live
തൃപ്പൂണിത്തുറ, ഒറ്റപ്പാലം, ഷൊർണൂർ എന്നിവിടങ്ങളിൽ സ്വന്തം വോട്ട് മറ്റാരോ ചെയ്തതിനെത്തുടർന്ന് വോട്ടർമാർക്ക് ‘ടെൻഡർ വോട്ട്’ ചെയ്യേണ്ടി വന്നു. തൃക്കരിപ്പൂരിലെ പുത്തിലോട് ബൂത്തിൽ റീപോളിംഗ് വേണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. അതിനിടെ പാലക്കാട് ചിറ്റൂരിൽ എൻഡിഎ സ്ഥാനാർത്ഥിയുടെ ഫെയ്‌സ്ബുക്ക് പേജിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്കായി വോട്ട് അഭ്യർത്ഥന വന്നത് വിവാദമായി. തന്റെ അറിവോടെയല്ല ഇത് നടന്നതെന്ന് പറഞ്ഞ് സ്ഥാനാർത്ഥി പിന്നീട് പോസ്റ്റ് പിൻവലിച്ചു.
കേരളത്തിനൊപ്പം വോട്ടെടുപ്പ് നടന്ന അസമിലും പുതുച്ചേരിയിലും റെക്കോർഡ് പോളിങ് ആണ് രേഖപ്പെടുത്തിയത്. അഞ്ചു മണി വരെ അസമിൽ 84.42 ശതമാനവും പുതുച്ചേരിയിൽ 86.92 ശതമാനവും വോട്ട് രേഖപ്പെടുത്തി. വോട്ടർ പട്ടിക പരിഷ്കരണത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പായതിനാൽ ഉയർന്ന പോളിങ് ശതമാനം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികൾ. മെയ് 4-നാണ് വോട്ടെണ്ണൽ. കേരളം ആർക്കൊപ്പം നിൽക്കുമെന്ന് അറിയാൻ ഇനി 25 ദിവസത്തെ കാത്തിരിപ്പ് മാത്രം.