Sathyan Mokeri: അന്ന് ഷാനവാസിനെ വിറപ്പിച്ചു, ഇനി പ്രിയങ്കയെ; വയനാടിനെ വീണ്ടും ഞെട്ടിപ്പിക്കാൻ സത്യൻ മൊകേരി
Wayanad By-Election 2024 LDF Candidate Sathyan Mokeri: വയനാട്ടിൽ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം തന്നെ കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം.
യുഡിഎഫിന്റെ ഉറച്ചകോട്ടയായ വയനാടിനെ ലോക്സഭ ഉപതിരഞ്ഞെടുപ്പിൽ വിറപ്പിക്കാൻ സി പി ഐ നേതാവ് സത്യന്‍ മൊകേരി എല്‍ ഡി എഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. ഇന്ന് ചേർന്ന സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗത്തിന് പിന്നാലെയാണ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സത്യന്‍ മൊകേരിയുടെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. മണ്ഡലത്തിലേക്ക് ഇ എസ് ബിജിമോള്‍, സത്യന്‍ മൊകേരി എന്നിവരേയായിരുന്നു സി പി ഐ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നത്. പിന്നാലെയാണ് സത്യൻ മൊകേരിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം. ഇതോടെ വയനാട്ടിൽ മൊകേരിയെ മത്സരിപ്പിക്കുന്നതിലൂടെ മികച്ച പോരാട്ടം തന്നെ കാഴ്ചവയ്ക്കാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇടതുപക്ഷം.
കോഴിക്കോട് മൊകേരി സ്വദേശിയാണ് സത്യന്‍ മൊകേരി. നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗമാണ്. രണ്ടാം തവണയാണ് മൊകേരി വയനാട്ടിൽ പോരാട്ടത്തിനിറങ്ങുന്നത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ ആണ് ഇതിനു മുൻപ് മൊകേരി വയനാട്ടിൽ മത്സരിച്ചത്. തുടക്കകാലം മുതൽ കോൺഗ്രസിന്റെ ഉരുക്കുകോട്ടയായ വയനാടിൽ അന്നത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ എംഐ ഷാനവാസിനെ വിറപ്പിച്ചിരുന്നു സത്യൻ മൊകേരി. തിരഞ്ഞെടുപ്പിൽ ചെറിയ ഭൂരിപക്ഷമായ ഇരുപതിനായിരം വോട്ടിനാണ് ഷാനവാസ് ജയിച്ചത്. പിവി അൻവർ മുപ്പതിനായിരത്തിന് മുകളിൽ വോട്ട് പിടിച്ചില്ലായിരുന്നെങ്കിൽ അന്ന് മണ്ഡലം കൂടെ പോന്നേനെ എന്ന് സിപിഐ ഇന്നും വിശ്വസിക്കുന്നു. ഇതോടെ വയനാട് മണ്ഡലത്തിന്റെ ചരിത്രത്തിൽ ഒരു എൽഡിഎഫ് സ്ഥാനാർത്ഥി നേടിയ ഏറ്റവും വലിയ വോട്ടാണ് സത്യൻ മൊകേരി അന്ന് പിടിച്ചത്.
1953 ൽ കണ്ണൂരിലെ മൊകേരിയിൽ ജനനം. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിലെ പഠനക്കാലത്താണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. എഐഎസ്എഫിലേക്ക് എത്തിയ മൊകേരി അതിവേഗമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് എത്തിയത്. 1987-ൽ നാദാപുരം മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥി എൻ.പി. മൊയ്തീനെ പരാജയപ്പെടുത്തി ആദ്യമായി നിയമസഭയിലെത്തി. പിന്നീട് 1991-ലും 1996-ലും നാദാപുരത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. ഇക്കാലത്ത് സഭയിൽ നിറസാന്നിധ്യമായിരുന്നു സത്യൻ മൊകേരി. കോടിയേരി ബാലകൃഷ്ണന്റേയും സത്യൻ മൊകേരിയുടേയും പേരുകൾ ആകാശവാണിയിലെ സഭാ വാർത്തകളിൽ നിറഞ്ഞുനിന്ന കാലമായിരുന്നു അത്. പിന്നീട് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് നീണ്ട ഇടവേള. സംഘടനാരംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. കിസാൻ സഭയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് വർഷങ്ങൾ പ്രവർത്തിച്ചു. 2015-ൽ പാർട്ടി അസിസ്റ്റന്റ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.