Muhammad Musthafa : ‘അന്ന് ഹെഡ്മാഷ് ചെകിട്ടത്ത് അടിച്ചപ്പോള്‍ ബെഞ്ചിലിരുന്ന് മൂത്രമൊഴിച്ച് പോയി’; സ്‌കൂള്‍ കാലത്തെ ദുരവസ്ഥ വെളിപ്പെടുത്തി മുഹമ്മദ് മുസ്തഫ
Muhammad Musthafa about his school days : ആദ്യമായി സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചതിനെക്കുറിച്ചും, സ്‌കൂളില്‍ നേരിട്ട ദുരനുവസ്ഥയെക്കുറിച്ചും അദ്ദേഹം അടുത്തിടെ ഒരു പരിപാടിയില്‍ വിശദീകരിച്ചിരുന്നു. ബെഞ്ചിന് മുകളില്‍ കയറി അഭിനയിച്ചതിന് ഹെഡ്മാഷ് തല്ലിയതിനെക്കുറിച്ചും, ആദ്യമായി സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ച നാരായണ്‍ മാഷിനെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമായി

അഭിനയത്തിലൂടെ ചലച്ചിത്ര മേഖലയിലെത്തി സംവിധാനത്തിലേക്ക് തിരിഞ്ഞ നിരവധി പ്രതിഭകളുണ്ട്. ആ കൂട്ടത്തില്‍ ഒരാളാണ് മുഹമ്മദ് മുസ്തഫയും. നിരവധി വേഷങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട വേഷം കൈകാര്യം ചെയ്ത താരം, 2020ല്‍ പുറത്തിറങ്ങിയ കപ്പേള എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്കും വരവറിയിച്ചു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ മുറയാണ് ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം. ആദ്യമായി സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ചതിനെക്കുറിച്ചും, സ്‌കൂളില്‍ നേരിട്ട ദുരനുവസ്ഥയെക്കുറിച്ചും അദ്ദേഹം അടുത്തിടെ ഒരു പരിപാടിയില്‍ വിശദീകരിച്ചിരുന്നു. ബെഞ്ചിന് മുകളില്‍ കയറി അഭിനയിച്ചതിന് ഹെഡ്മാഷ് തല്ലിയതിനെക്കുറിച്ചും, ആദ്യമായി സ്റ്റേജില്‍ പരിപാടി അവതരിപ്പിച്ച നാരായണ്‍ മാഷിനെക്കുറിച്ചും അദ്ദേഹം നടത്തിയ പ്രസംഗം ശ്രദ്ധേയമായിരുന്നു. മുസ്തഫ പരിപാടിയില്‍ പറഞ്ഞത്:
”നാലാം ക്ലാസില്‍ സ്‌കൂളിലെ ജനാലയും വാതിലുമൊക്കെ മറച്ച് ഇരുട്ടാക്കി സ്‌കൂളില്‍ ഞങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച ഒരു സിനിമയുണ്ടായിരുന്നു. ‘വിടരാത്ത മൊട്ടുകള്‍’ എന്ന സിനിമ. സിനിമ എന്ന മായാലോകത്തേക്ക് എന്നെ ആകര്‍ഷിച്ച സാഹചര്യം അതായിരിക്കും. അന്ന് സ്‌കൂളിന്റെ വലിയൊരു ഹാള്‍ തരംതിരിച്ചായിരുന്നു ക്ലാസ്മുറികളുണ്ടായിരുന്നത്. ക്ലാസ് മുറികളിലെ ബഞ്ചൊക്കെ ഒരു വശത്തേക്ക് അടുപ്പിച്ചിട്ടിട്ടാണ് സിനിമ പ്രദര്‍ശിപ്പിച്ചിരുന്നത്. സിനിമ കണ്ടിട്ട് ഹാളില്‍ നിന്ന് എല്ലാവരും പോയി. ആ ബെഞ്ചുകള്‍ കൂട്ടിയിട്ടത് ഒരു സ്‌റ്റേജ് പോലെയാണ് എനിക്ക് തോന്നിയത്. ഞാന്‍ അതിന്റെ മുകളില്‍ കയറി എന്തൊക്കെയോ അഭിനയിച്ചു. ഹെഡ്മാഷ് പെട്ടെന്ന് ആ ഹാളിലേക്ക് കയറി വന്നു.
Read Also : ’ആ വീഴ്ച ഏറെ ബാധിച്ചത് അവളെയാണ്; അത് ഉൾക്കൊള്ളാൻ കുറേ സമയമെടുത്തു’; നിഖില വിമൽ




ബാക്കിയുള്ള കുട്ടികളൊക്കെ ഇറങ്ങിയോടി. ഞാന്‍ ആ ബെഞ്ചില്‍ നിന്നുകൊണ്ട് എന്തൊക്കെയോ അഭിനയിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഹെഡ്മാഷ് ചൂരല്‍ പുറകോട്ട് പിടിച്ചിട്ട് വലത് കൈ കൊണ്ട് എന്റെ ചെകിട്ടത്ത് അടിച്ചു. ഒരു വിസിലടി പോലെ തോന്നി. അത് ഇപ്പോഴും എന്റെ ചെവിയിലുണ്ട്. ഞാന്‍ ആ ബെഞ്ചില്‍ ഇരുന്ന് മൂത്രമൊഴിച്ച് പോയി. ഒരു അധ്യയന വര്‍ഷത്തിന്റെ പകുതി പിന്നിട്ട സമയമാണ്. അന്ന് മൂത്തമ്മയുടെ വീട്ടില്‍ നിന്നാണ് പഠിക്കുന്നത്. വല്യമ്മ വന്നപ്പോള്‍ ഈ സ്‌കൂള്‍ മതി, വേറെ സ്‌കൂളിലേക്ക് പോകാമെന്ന് പറഞ്ഞു. വീണ്ടും നാലാം ക്ലാസില്‍ തുടക്കം മുതല്‍ വീണ്ടും പഠിച്ചു. ഒരു പെര്‍ഫോമന്‍സിന്റെ പേരില്‍, ഒരു അടിയുടെ പേരില്‍ ഒരു വര്‍ഷം ഏറ്റെടുക്കേണ്ടി വന്നു.
രണ്ടാമത് പോയ സ്‌കൂള്‍ അഞ്ചാം ക്ലാസ് വരെയെ ഉണ്ടായിരുന്നുള്ളൂ. ആദ്യമായിട്ട് അഞ്ചാം ക്ലാസില്‍ നാടകം കളിപ്പിച്ചത് നാരായണന്‍ മാഷായിരുന്നു. മുന്‍ സ്‌കൂളിലെ എന്റെ അനുഭവം നാരായണന്‍ മാഷിന് അറിയാം. അത് ഞാന്‍ പറഞ്ഞിട്ടല്ല അറിയാവുന്നത്. ആദ്യം പഠിച്ച സ്‌കൂളിലെ രാജന്‍ മാഷും രണ്ടാമത് പോയ സ്‌കൂളിലെ നാരായണന്‍ മാഷും റൂംമേറ്റ്‌സ് ആയിരുന്നു. ഒരാള്‍ തൃശൂര്‍ സ്വദേശിയും, മറ്റൊരാള്‍ വയനാട് സ്വദേശിയുമായിരുന്നു. രാജന്‍ മാഷ് വഴിയാണ് നാരായണന്‍ മാഷ് ആ സംഭവം അറിയുന്നത്. അങ്ങനെ നാരായണന്‍ മാഷ് മൂലം ആദ്യമായി സ്‌റ്റേജില്‍ നാടകം അവതരിപ്പിച്ചു. ആ നാരായണന്‍ മാഷ് എന്നെ കഴിഞ്ഞയാഴ്ച പോലും വിളിച്ചിട്ടുണ്ടായിരുന്നു. രണ്ട് അധ്യാപകരാണ്, രണ്ട് തിരിച്ചറിവുകളാണ്”-മുസ്തഫയുടെ വാക്കുകള്‍.