Actor Bala: കോകിലയുടെ സ്നേഹം അറിഞ്ഞത് ആ ഡയറിയിലൂടെ; ജീവിതത്തിലെ പുതിയ തീരുമാനങ്ങൾ ഇനി അവൾ പഠിപ്പിക്കും: ബാല
Actor Bala About New Wife: കരൾ ശസ്ത്രക്രിയ കഴിഞ്ഞിട്ട് തനിക്ക് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു. എന്നാൽ അതെല്ലാം മറികടക്കാൻ സഹായിച്ചത് കോകിലയാണെന്നും ബാല പറഞ്ഞു.
കൊച്ചി: ബാല്യകാലം മുതലേ കോകിലയ്ക്ക് തന്നെ ഇഷ്ടമായിരുന്നുവെന്നും അത് അറിയാൻ താൻ വെെകിപ്പോയെന്നും നടൻ ബാല. മുറപ്പെണ്ണ് കോകിലയുമായുള്ള വിവാഹത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നടൻ. അമ്മയ്ക്ക് 74 വയസുണ്ട്. പ്രായമായതിനാൽ വിവാഹത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. കോകിലയാണ് അമ്മയോട് തന്നെ വിവാഹം കഴിക്കണമെന്ന് പറഞ്ഞത്. കരൾ മാറ്റിവച്ചതിന് ശേഷം എനിക്ക് ഒരുപാട് ബുദ്ധിമുട്ടുണ്ടായി. കോകിലയുടെ സ്നേഹവും കരുതലുമാണ് ആ ബുദ്ധിമുട്ടുകൾ മറികടക്കാൻ എന്നെ സഹായിച്ചത്. ന്യായമായ രീതിയിൽ ഞാനൊരു കല്യാണം കഴിക്കണമെന്ന് അമ്മയും താനും കോകിലയും ആഗ്രഹിച്ചിരുന്നുവെന്നും അങ്ങനെയാണ് വിവാഹം കഴിച്ചതെന്നും ബാല പറഞ്ഞു.
”കോകില ഒരു ഡയറിയിൽ തന്നോടുള്ള സ്നേഹത്തെ കുറിച്ച് എഴുതിയിരുന്നു. സത്യസ്ഥമായിട്ടുള്ള യഥാർത്ഥ സ്നേഹം എന്തെന്ന് ആ ഡയറി വായിച്ചതിന് ശേഷമാണ് മനസിലായത്. നമുക്കും കുടുംബ ജീവിതമുണ്ട്. നമ്മളെ കളങ്കമില്ലാതെ ആത്മാർത്ഥതയോടെ സ്നേഹിക്കുന്നവരുമുണ്ട്. ആ ഡയറിയിൽ എഴുതിയിരിക്കുന്നത് കള്ളത്തരമല്ല. ചെറുപ്പകാലം മുതൽ കോകിലയെ കണ്ടുവളർന്നതാണ് ഞാൻ. രജനീകാന്ത് പറയുന്നത് പോലെ നമ്മള് സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നമ്മെ സ്നേഹിക്കുന്നവരെ കൂടെ കൂട്ടുന്നതാണ് നല്ലതെന്നും” ബാല പറഞ്ഞു.
ചെന്നെെയിലേക്ക് താമസം മാറുന്നതിനെ കുറിച്ചും ബാല പ്രതികരിച്ചു. “എനിക്ക് കേരളം ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ട് ഉടനെ ഒന്നും ഈ നാട് ഉപേക്ഷിച്ച് പോകില്ല. കുറെ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ട്. അതൊന്നും പോയാലും മുടങ്ങില്ല. എന്റെ ജീവിതാനുഭവത്തിൽ നിന്ന് പഠിച്ചൊരു കാര്യമുണ്ട്. അത് ഞാൻ പറഞ്ഞാലും നിങ്ങൾക്കാർക്കും മനസിലാകില്ല. മരണത്തിന് ശേഷവും ഒരു ജീവിതമുണ്ട്. അത് നന്മയിലേക്കുള്ള വഴിയാണ്. അത് നിങ്ങൾക്ക് അപ്പോൾ മനസിലാകും.
അമ്മയുടെ എന്റെയും വലിയ ആഗ്രഹമായിരുന്നു ഞാനും കോകിലയും തമ്മിലുള്ള വിവാഹം. അമ്മയോട് ഫോണിൽ സംസാരിച്ചിരുന്നു. അമ്മയും വീട്ടിലുള്ളവരും സന്തോഷത്തോടെ ഇരിക്കുന്നു. എല്ലാവരും സന്തോഷത്തോടെയിരിക്കണം. ആരുടെയും പേരെടുത്ത് പറയുന്നില്ല. 99 പേർക്ക് നന്മ ചെയ്തിട്ട് ഒരാൾ കുറ്റപ്പെടുത്തിയാൽ അത് ശരിയല്ല”. കാലം മാറുന്നതിനനുസരിച്ച് പക്വത വരുമെന്നും ബാല പറഞ്ഞു.
നിങ്ങൾക്ക് ഞങ്ങൾ രണ്ടുപേരെയും മനസുകൊണ്ട് അനുഗ്രഹിക്കാൻ പറ്റുമെങ്കിൽ അത് ചെയ്യണം. നിങ്ങളുടെ പ്രാർത്ഥനയും അനുഗ്രഹവും മാത്രം മതി എനിക്ക്. ജീവിതത്തിൽ കെെക്കൊള്ളേണ്ട പുതിയ തീരുമാനങ്ങൾ എന്തൊക്കെയാണെന്ന് കോകില പഠിപ്പിച്ചുതരുമെന്നും ബാല കൂട്ടിച്ചേർത്തു.
ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് ബാല വീണ്ടും വിവാഹിതനായത്. എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുകളെയും സുഹൃത്തുക്കളെയും സാക്ഷി നിർത്തിയാണ് കോകിലയ്ക്ക് ബാല താലി ചാർത്തിയത്. ചെന്നെെ സ്വദേശിയായ കോകില ബാലയുടെ മുറപ്പെണ്ണാണ്.