Actor Devan Empuraan: ‘എമ്പുരാൻ ദേശവിരുദ്ധ ചിത്രം, പലതും മറച്ചു’; സിനിമ നുണപറയാൻ പാടില്ലെന്ന് ദേവൻ
Actor Devan Criticizes Empuraan: 'എമ്പുരാൻ' സിനിമയ്ക്ക് താൻ പൂർണമായും എതിരാണെന്നും അത് വെറും അസംബന്ധമായിരുന്നുവെന്നും ദേവൻ പറയുന്നു.
‘എമ്പുരാൻ’ ഒരു രാജ്യവിരുദ്ധ സിനിമയാണെന്ന് നടൻ ദേവൻ. ഈ ചിത്രത്തിന് താൻ എതിരാണെന്നും ശരിക്കും നടന്ന സംഭവങ്ങളാണ് അതിൽ കാണിച്ചിരിക്കുന്നതെന്നും നടൻ പറഞ്ഞു. പക്ഷപാതപരമായ സിനിമയായിരുന്നു ‘എമ്പുരാൻ’ എന്നും ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ ദേവൻ കൂട്ടിച്ചേർത്തു.
എമ്പുരാൻ സിനിമയ്ക്ക് താൻ പൂർണമായും എതിരാണെന്നും അത് വെറും അസംബന്ധമായിരുന്നുവെന്നും ദേവൻ പറയുന്നു. ആ ചിത്രം ഇന്ത്യക്കും ഇന്ത്യക്കാർക്കും എതിരാണ്. ശരിക്കും നടന്ന സംഭങ്ങൾ അല്ല സിനിമയിൽ കാണിച്ചത്. സിനിമയുടെ തുടക്കത്തിൽ അവർ ചില കാര്യങ്ങൾ കാണിച്ചെങ്കിലും പിന്നീട് അതെല്ലാം മറച്ചു. അതിന്റെ പരിണിതഫലമാണ് പിന്നീടവർ കാണിച്ചത്. ഇന്ത്യയെ സ്നേഹിക്കാൻ പഠിക്കുക എന്നതാണ് നമ്മളെല്ലാവരും ആദ്യം ചെയ്യേണ്ട കാര്യമെന്നും ദേവൻ കൂട്ടിച്ചേർത്തു.
പക്ഷപാതപരമായ സിനിമയായിരുന്നു എമ്പുരാനെന്നും നടൻ പറഞ്ഞു. ചിത്രത്തിൽ രണ്ട് കാര്യങ്ങളും കാണിക്കേണ്ടതായിരുന്നു. അവിടെ ഹിന്ദുക്കളേയും കൊന്നിട്ടുണ്ടല്ലോ. ഇരുപത്തിയഞ്ച് ശതമാനം ഹിന്ദുക്കൾ മരിച്ചു. എന്നാൽ, മുസ്ലിം വിഭാഗത്തെ മാത്രം കൊലപ്പെടുത്തിയെന്നാണ് കേരളത്തിലെ മാധ്യമങ്ങളുടെ വാദം. സിനിമ നുണ പ്രചരിപ്പിക്കാൻ പാടില്ലെന്നും ഇന്ത്യക്കെതിരായി പറയാൻ പാടില്ലെന്നും ദേവൻ കൂട്ടിച്ചേർത്തു.
തുടക്കം മുതൽ തന്നെ വിവാദങ്ങളിൽ പെട്ട ചിത്രമാണ് ‘എമ്പുരാൻ’. മാർച്ച് 27ന് തീയേറ്ററുകളിൽ എത്തിയ ചിത്രത്തിലെ രാഷ്ട്രീയവും ചില പരാമർശങ്ങളും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ചിത്രത്തിലെ ഗുജറാത്ത് കലാപത്തെയും ബാബു ബജ്രംഗിയെയും കുറിച്ചുള്ള പരാമർശങ്ങൾ ചൂണ്ടിക്കാട്ടി സംഘപരിവാർ അനുകൂല സംഘടനകളടക്കം സിനിമയ്‌ക്കെതിരെ അന്ന് രംഗത്തെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ വിവാദ ഭാഗങ്ങൾ ചിത്രത്തിൽ നിന്ന് ഒഴിവാക്കിയിരുന്നു.
ALSO READ: ‘ആളുകൾ വിചാരിക്കുന്നത് ഞാൻ എവിടെയോ പോയെന്നാണ്’; താൻ എവിടെയും പോയിട്ടില്ലെന്ന് വേടൻ
20ൽ കൂടുതൽ ഭാഗങ്ങളാണ് ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത്. എന്നാൽ, വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ ചിത്രം വൻ വിജയം കൊയ്തിരുന്നു. ആഗോളതലത്തിൽ 268 കോടിയോളമാണ് ചിത്രത്തിന് നേടാനായത്. ഇതിൽ 142 കോടിയോളം രൂപയും ഓവർസീസ് കളക്ഷനാണ്.