5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report : ‘ഞാൻ എന്താണ് പറയേണ്ടത്’; ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് മോഹൻലാൽ

പ്രതികരണത്തിൽ നിന്ന് ഒളിച്ചോടിയതല്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുനാൾ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേ​ഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Hema Committee Report : ‘ഞാൻ എന്താണ് പറയേണ്ടത്’; ​ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മൗനം വെടിഞ്ഞ് മോഹൻലാൽ
Follow Us
athira-ajithkumar
Athira CA | Updated On: 31 Aug 2024 15:16 PM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ സ്വാ​ഗതം ചെയ്ത് നടൻ മോഹൻലാൽ.‌ രണ്ട് തവണയാണ് താൻ ഹേമ കമ്മിറ്റിയ്ക്ക് താൻ മൊഴി നൽകിയിരുന്നു. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് ചോദിച്ച ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകി. ‌‌സിനിമ മേഖലയിലെ മുഴുവൻ പ്രശ്നങ്ങളെ കുറിച്ച് തനിക്ക് അറിയില്ലെന്നും നടനെന്ന നിലയിലും പ്രൊഡ്യൂസർ എന്ന നിലയിലും തന്റെ സിനിമകളിലെ അനുഭവം വച്ചാണ് മൊഴി നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ തലസ്ഥാനത്ത് മാധ്യമപ്രവ‍ർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികരണത്തിൽ നിന്ന് ഒളിച്ചോടിയതല്ലെന്നും വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചുനാൾ കേരളത്തിലുണ്ടായിരുന്നില്ലെന്നും അദ്ദേ​ഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിൻ്റെ പ്രവ‍ർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്നും ഇൻഡസ്ട്രി പ്രതിസന്ധിയിലായ ഈ ഘട്ടത്തിൽ തന്റെ സിനിമകളുടെ റിലീസ് മാറ്റിവച്ചെന്നും അദ്ദേഹം അറിയിച്ചു.

അമ്മ എന്ന അസോസിയേഷൻ ട്രേഡ് യൂണിയന്റെ സ്വഭാവമുള്ള സംഘടനയല്ല. 500-ലധികം വ്യക്തികളുള്ള ഒരു കുടുംബമാണ് അമ്മ. പതിരുപത് വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്താണ് താരങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘട‍ന എന്ന ആശയം പിറവികൊണ്ടത്. താരങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള സംഘടനയാണിത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മറുപടി പറയേണ്ടത് അമ്മ എന്ന താര സംഘടനമാത്രമല്ലെന്നും സിനിമാ മേഖല മുഴുവനാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷയത്തിൽ എന്തിനും ഏതിനും അമ്മ എന്ന സംഘടനയെ കുറ്റപ്പെടുത്തുന്ന പ്രവണതയാണ് കണ്ടത്. അതിൽ തെറ്റുകളും ശരികളും ഉണ്ടാകും. അതിൽ ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നത് തനിക്കും ഭരണസമിതിയിൽ ഉൾപ്പെട്ടവർക്കും നേരെയാണ്. അഭിഭാഷകർ, സിനിമയിലെ മുതിർന്ന താരങ്ങൾ, സിനിമയിലെ മറ്റുമേഖലകളിൽ ഉള്ളവരോടും സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ പറഞ്ഞു.

പെൻഷൻ കൊടുക്കാനുണ്ട്, ഇൻഷുറൻസ് കൊടുക്കാനുണ്ട്, വീടുകൾ നി‍ർമ്മിച്ച് നൽകാനുണ്ട്, ഓണാഘോഷം, മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കുന്നുണ്ട്. ഭരണസമിതി പിരിച്ചുവിട്ടെങ്കിലും അതൊന്നും നിർത്തിവച്ചിട്ടില്ല. ഗൂഗിൾ മീറ്റ് വഴി എല്ലാ ഭാരവാഹികളുടെയും അനുമതി വാങ്ങിയിട്ടാണ് രാജി തീരുമാനം പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു. മിനിറ്റ്സിൽ ഇതെല്ലാം രേഖപ്പെടുത്തിവച്ചിട്ടുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

നിലവിൽ മലയാള സിനിമ വ്യവസായം തകർന്നുപോകുന്ന സ്ഥിതിയാണ്. പതിനായിരക്കണക്കിന് ആളുകൾ ജോലി ചെയ്യുന്ന ഒരു മേഖലയാണിത്. മദ്രാസിൽ നിന്ന് താൻ സിനിമാ ജീവിതം ആരംഭിച്ച് തുടങ്ങിയപ്പോൾ ഒരു തരത്തിലുള്ള സൗകര്യങ്ങളും ഉണ്ടായില്ല. വളരെ കഷ്ടപ്പെട്ടാണ് മലയാള സിനിമ ഇന്ന് കാണുന്ന നിലയിലെത്തിയത്. ഒരുപാട് നല്ല താരങ്ങളുള്ള വ്യവസായ രംഗമാണ്.

അന്യ ഭാഷ സിനിമകളിലേക്ക് പോകുമ്പോഴാണ് മലയാള സിനിമയുടെ മഹത്വമറിയുന്നത്. മലയാള സിനിമയിലേക്ക് ഫോക്കസ് ചെയ്ത് ഈ മേഖലയെ തകർക്കരുത്. കുറ്റക്കാർക്കെതിരെ സർക്കാരും പൊലീസും നിയമസംവിധാനങ്ങളുമുണ്ട്. കോടതി വരെ എത്തി നിൽക്കുന്ന വിഷയമാണ്. ഇത് തോൽവിയോ ഒളിച്ചോട്ടമോ അല്ല. അമ്മയുടെ നേതൃനിരയിലേക്ക് ആർക്ക് വേണമെങ്കിലും കടന്നുവരമെന്നും അദ്ദേഹം പറഞ്ഞു. കുറ്റം ചെയ്തവർ ശിക്ഷക്കപ്പെടണമെന്നാണ് എന്റെ അഭിപ്രായമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest News