Murali-Mammootty: ‘മുരളിയും മമ്മൂക്കയും തമ്മിൽ പിണക്കത്തിലായിരുന്നു, വയ്യാത്തതുപോലും ആരും അറിഞ്ഞിരുന്നില്ല, പ്രതീക്ഷിക്കാതെയായിരുന്നു മരണം’
Why Murali and Mammootty Stopped Talking: നടൻ മമ്മൂട്ടിയുമായി മുരളി പിണങ്ങിയതിനെ കുറിച്ച് അഭിമുഖത്തിൽ കാർത്തിക സംസാരിക്കുന്നുണ്ട്. അവർ തമ്മിൽ നല്ല ആത്മബന്ധത്തിലായിരുന്നുവെന്നും മമ്മൂട്ടി തന്റെ വിവാഹത്തിന് വന്നിരുന്നുവെന്നും കാർത്തിക പറയുന്നു.

മുരളി, മമ്മൂട്ടി
മലയാളികൾക്ക് ഏറെ പ്രിയങ്കരനായ നടനായിരുന്നു മുരളി. സ്വഭാവ വേഷങ്ങളിലൂടെയും വില്ലൻ കഥാപാത്രങ്ങളിലൂടെയും ജനമനസ്സിൽ ഇടം നേടിയ മുരളി തന്നെയാണ് താരസംഘടനയായ ‘അമ്മ’യ്ക്ക് പേരിട്ടതും. സൂര്യയെ നായകനാക്കി കെ എസ് രവികുമാർ സംവിധാനം ചെയ്ത ‘ആദവൻ’ എന്ന തമിഴ് ചിത്രമായിരുന്നു അദ്ദേഹത്തിന്റെ അവസാന ചിത്രം. ഇപ്പോഴിതാ, മുരളിയെ കുറിച്ച് സംസാരിക്കുകയാണ് മകൾ കാർത്തിക. ബിഹൈൻഡ്‌വുഡ്സ് യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു അവർ.
നടൻ മമ്മൂട്ടിയുമായി മുരളി പിണങ്ങിയതിനെ കുറിച്ച് അഭിമുഖത്തിൽ കാർത്തിക സംസാരിക്കുന്നുണ്ട്. അവർ തമ്മിൽ നല്ല ആത്മബന്ധത്തിലായിരുന്നുവെന്നും മമ്മൂട്ടി തന്റെ വിവാഹത്തിന് വന്നിരുന്നുവെന്നും കാർത്തിക പറയുന്നു. ആലപ്പുഴയിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോഴും അച്ഛന് ദേശീയ അവാർഡ് കിട്ടിയപ്പോൾ നാട്ടിൽ നൽകിയ സ്വീകരണത്തിനുമെല്ലാം മമ്മൂട്ടി വന്നിരുന്നു. എന്നാൽ, അവർ തമ്മിൽ പിണങ്ങിയത് എന്തിനായിരുന്നുവെന്ന് ഇപ്പോഴും തനിക്കറിയില്ല. അച്ഛൻ അത് ആരോടും പറഞ്ഞിരുന്നില്ലെന്നും കാർത്തിക കൂട്ടിച്ചേർത്തു.
മുരളിയുടെ മരണത്തിന് കാരണമായ അസുഖത്തെ കുറിച്ചും കാർത്തിക സംസാരിക്കുന്നുണ്ട്. ആദവനിലാണ് അച്ഛൻ അവസാനമായി അഭിനയിച്ചത്. അതിന്റെ ഷൂട്ടിംഗ് ആഫ്രിക്കയിലായിരുന്നു. നല്ല തണുപ്പുള്ള കാലാവസ്ഥയായിരുന്നു. അച്ഛന് ന്യുമോണിയ വന്നു. ഡയബറ്റിസ് ഉള്ളവർക്ക് ന്യൂമോണിയ വന്നാൽ അറിയാൻ വൈകുമെന്നാണ് ഡോക്ടർ പറഞ്ഞതെന്നും കാർത്തിക കൂട്ടിച്ചേർത്തു.
തിരിച്ച് നാട്ടിലേക്ക് വന്നപ്പോഴേക്കും വൈകിയിരുന്നു. അന്ന് ഞങ്ങൾ ഒരുമിച്ചാണ് ഭക്ഷണം കഴിച്ചത്. ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസകോശം മുഴുവനായും അത് ബാധിച്ചു കഴിഞ്ഞിരുന്നു. ഒന്നും ചെയ്യാനില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. നടന്നായിരുന്നു ആശുപത്രിയിലേക്ക് പോയത്. അങ്ങനെയാണ് അച്ഛൻ മരിച്ചത്. ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന് വയ്യാത്തതുപോലും ആരും അറിഞ്ഞിരുന്നില്ല എന്നും കാർത്തിക പറഞ്ഞു.