5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Prashanth Alexander: അവരെന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു, അത് വലിയ ട്രോമയാണ് സമ്മാനിച്ചത്: പ്രശാന്ത് അലക്‌സാണ്ടര്‍

Hema Committee Report: ലൊക്കേഷനിലെ ദുരനുഭവങ്ങള്‍ എന്തുകൊണ്ട് അഭിനേത്രികള്‍ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാല്‍ അവരുടെ മാനസിക അവസ്ഥയായിരിക്കാം. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോള്‍ അവര്‍ക്ക് അറിയുന്നുണ്ടാകില്ല.

Prashanth Alexander: അവരെന്റെ മാറിടത്തില്‍ കയറിപ്പിടിച്ചു, അത് വലിയ ട്രോമയാണ് സമ്മാനിച്ചത്: പ്രശാന്ത് അലക്‌സാണ്ടര്‍
Prashanth Alexander (Photo Credit: Instagram)
Follow Us
shiji-mk
SHIJI M K | Published: 02 Sep 2024 08:45 AM

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധിയാളുകളാണ് സിനിമാ മേഖലയില്‍ തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ പങ്കുവെച്ചത്. ആര്‍ക്കും കേട്ടുകേള്‍വി പോലുമില്ലാത്ത നിരവധി സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളാണ് ആദ്യം തങ്ങള്‍ നേരിട്ട ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞതെങ്കിലും പിന്നീട് പുരുഷന്മാരും തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറയുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. വരും ദിവസങ്ങളില്‍ സംഭവത്തില്‍ കൂടുതല്‍ നടപടികളുണ്ടാകാനും കൂടുതല്‍ ആളുകളുടെ തുറന്നുപറച്ചിലുണ്ടാകാനുമാണ് സാധ്യത.

ഇപ്പോഴിതാ നടന്‍ പ്രശാന്ത് അലക്‌സാണ്ടര്‍ നടത്തിയ തുറന്നുപറച്ചിലാണ് എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നത്. താനും ശാരീരികമായ ഉപദ്രവങ്ങളിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് താരം പറയുന്നത്. എബിസി സിനി മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്.

സ്‌കൂളില്‍ വെച്ച് തന്റെ ശരീരത്തില്‍ സീനിയര്‍ ചേട്ടന്മാര്‍ പിടിച്ചിരുന്നുവെന്നും അത് തനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചതെന്നുമാണ് പ്രശാന്ത് പറയുന്നത്.

Also Read: AMMA Office Search: ‘അമ്മ’യുടെ ഓഫീസിൽ പോലീസ് പരിശോധന; തെളിവ് ശേഖരണത്തിന് എത്തുന്നത് ഇത് രണ്ടാം തവണ

‘ ചെറുപ്പത്തില്‍ എനിക്ക് നല്ല തടിയുണ്ടായിരുന്നു. പരീക്ഷയ്ക്കായി വേറെ ക്ലാസുകളിലാണല്ലൊ ഇരിക്കുക. സീനിയേഴ്‌സിന്റെ കൂടെയായിരുന്നു പരീക്ഷയ്ക്ക് ഇരുന്നത്. പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് ചേട്ടന്മാരായിരുന്നു ഏഴാം ക്ലാസുകാരനായ എന്റെയടുത്ത്. ഇവരുടെ ഏറ്റവും വലിയ തമാശ എന്താണെന്ന് വെച്ചാല്‍ എന്നെ കാണുമ്പോള്‍ മാറില്‍കയറിപ്പിടിക്കുക എന്നതാണ്. വണ്ണമുള്ളവരെ കാണുമ്പോഴുള്ള ഒരുതരം രസം. ആദ്യമൊക്കെ ഇവര്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലായിരുന്നില്ല.

വീട്ടിലൊക്കെ അമ്മാച്ചന്മാര്‍ കെട്ടിപിടിക്കുന്നതുപോലെ എന്നെ കെട്ടിപിടിക്കാന്‍ ഇവര്‍ക്ക് എന്നോട് സ്‌നേഹം തോന്നാന്‍ മുന്‍പരിചയം ഒന്നുമില്ലല്ലോയെന്ന് ചിന്തിച്ചു. പിന്നെ അവരുടെ ആ പ്രവൃത്തിയില്‍ വേദനിച്ച് തുടങ്ങിയപ്പോഴാണ് അത് സ്‌നേഹമല്ലെന്നും എന്തോ തമാശ കാണിക്കുന്നതുപോലെ ചെയ്യുന്നതാണെന്നും മനസിലായത്.

അവര്‍ക്ക് ഇങ്ങനെ ചെയ്യുമ്പോള്‍ സന്തോഷം തോന്നുന്നുണ്ടോ എന്നൊന്നും അറിയില്ല. പക്ഷെ പിന്നീട് ആ ക്ലാസിലേക്ക് പരീക്ഷയെഴുതാന്‍ പോകാന്‍ എനിക്ക് പേടിയായി. അപ്പോള്‍ എല്ലാവര്‍ക്കും ചോദിക്കാം ടീച്ചര്‍മാരോട് പരാതി പറഞ്ഞൂടെയെന്ന്. പരാതി പറയാനായി ഞാന്‍ ടീച്ചര്‍മാരുടെ മുറിയുടെ അടുത്ത് വരെ പോവുകയും ചെയ്യുമായിരുന്നു.

പക്ഷെ ഞാന്‍ ഇക്കാര്യം പറഞ്ഞാല്‍ ടീച്ചര്‍മാര്‍ അവരോട് ചോദിക്കും. അത് പറഞ്ഞതിന്റെ പേരില്‍ അവരെന്നെ എന്തെങ്കിലും ചെയ്താലോ എന്ന പേടിയായിരുന്നു. സ്‌കൂളിലും ക്ലാസിലും മാത്രമല്ലേ ടീച്ചര്‍മാര്‍ക്ക് എനിക്ക് സംരക്ഷണം നല്‍കാനാകൂ. പുറത്തിറങ്ങിയാല്‍ അങ്ങനെയാവില്ലല്ലോ എന്നാണ് കരുതിയത്. അവര്‍ ശരീരത്തില്‍ പിടിക്കുന്ന സമയത്ത് വിട് ചേട്ടാ എന്നൊക്കെ പറയും ഞാന്‍. പക്ഷെ ആ സംഭവം എനിക്ക് വലിയ ട്രോമയാണ് സമ്മാനിച്ചത്.

ഇതിനെയെല്ലാം അതിജീവിച്ചതിന്റെ ഭാഗമായിട്ടാകാം ഞാനൊരു സീനിയറെ തല്ലിയിട്ടുണ്ട്. അവര്‍ക്കെതിരെ ഒരു ഗ്യാങ്ങിനെ തന്നെ ഞാന്‍ സ്‌കൂളില്‍ ഉണ്ടാക്കിയെടുത്തു. ദുര്‍ബലനല്ല എന്ന് കാണിക്കാന്‍ ശ്രമിച്ച് ലീഡറായി. പക്ഷെ ഞാന്‍ ലീഡറായ ശേഷം ആര്‍ക്കെങ്കിലും ഇങ്ങനെ സംഭവിച്ചിട്ടുണ്ടോയെന്ന് നോക്കിയിട്ടില്ല, ഇതെന്റെ അനുഭവം മാത്രമാണ്,’ പ്രശാന്ത് പറയുന്നു.

ലൊക്കേഷനിലെ ദുരനുഭവങ്ങള്‍ എന്തുകൊണ്ട് അഭിനേത്രികള്‍ തുറന്നു പറയുന്നില്ലെന്ന് ചോദിച്ചാല്‍ അവരുടെ മാനസിക അവസ്ഥയായിരിക്കാം. എങ്ങനെ പ്രതികരിക്കണമെന്ന് ചിലപ്പോള്‍ അവര്‍ക്ക് അറിയുന്നുണ്ടാകില്ല. അങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോകുന്നത് ജീവിതത്തില്‍ ആദ്യമായിരിക്കുമെന്നും പ്രശാന്ത് അഭിമുഖത്തില്‍ പറയുന്നുണ്ട്.

അതേസമയം, മലയാള സിനിമ മേഖലയില്‍ നടക്കുന്ന അനീതികളെ കുറിച്ച് വെളിപ്പെടുത്തി വിന്‍സി അലോഷ്യസ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിച്ചാല്‍ അവരെ മാറ്റിനിര്‍ത്തും. അത്തരത്തിലുള്ള പുരുഷാധിപത്യ സമീപനമാണ് മലയാള സിനിമ മേഖലയില്‍ ഉള്ളതെന്ന് വിന്‍സി അലോഷ്യസ് ആരോപിച്ചു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് മലയാള സിനിമയില്‍ പലതും നടക്കുന്നതെന്നും നടി പറഞ്ഞിരുന്നു. സിനിമയില്‍ വന്നിട്ട് അഞ്ച് വര്‍ഷമായെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: Mukesh: മുകേഷിനെതിരായ കുരുക്ക് മുറകുന്നു; 13 വർഷം മുൻപ് നക്ഷത്ര ഹോട്ടലിൽ വെച്ച് മോശമായി പെരുമാറിയതായി ആരോപണം

തനിക്ക് സിനിമയില്‍ വന്നിട്ട് ലൈംഗികാതിക്രമങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ലായെങ്കിലും പ്രതിഫലത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നിട്ടുണ്ട്. പല സിനിമകളിലും പ്രതിഫലത്തിന് കോണ്‍ട്രാക്ട് പോലും ഉണ്ടായിരുന്നില്ല, പലരും പറഞ്ഞ തുക തരാതെ പറ്റിച്ചിട്ടുണ്ട്. ഇതിനെ എതിര്‍ത്തപ്പോള്‍ സിനിമയില്‍ വന്നിട്ട് അഞ്ച് വര്‍ഷമായിട്ടല്ലേയുള്ളു എന്നായിരുന്നു ചോദ്യം. മലയാള സിനിമ മേഖലയില്‍ പുരുഷ അപ്രമാദിത്വം നിലനില്‍ക്കുന്നുണ്ട്. എതിര്‍ത്ത് നില്‍ക്കുന്നവരെ അവര്‍ മാറ്റി നിര്‍ത്തും. ചില കാര്യങ്ങളില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ വന്നിട്ട് അഞ്ച് വര്‍ഷം ആയിട്ടല്ല ഉള്ളൂവെന്ന് പറഞ്ഞു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തിലാണ് സിനിമയില്‍ പലതും നടക്കുന്നത്. ഞാന്‍ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ടിട്ടുള്ള ഒരാളാണ്. എന്നാല്‍ എന്തിനാണ് മാറ്റി നിര്‍ത്തിയതെന്ന് അറിയില്ല. പ്രതികരിക്കുന്നവരോട് അവര്‍ സ്വീകരിക്കുന്ന സമീപനം ഇങ്ങനെയാണെന്നും വിന്‍സി വെളിപ്പെടുത്തി.

Latest News