Actress Assault Case: അതിനായി താനും കാത്തിരിക്കുന്നു; നടിയെ ആക്രമിച്ച് കേസിലെ വിധിയിൽ പ്രതികരിച്ച് ടൊവിനോ തോമസ്
Tovino Thomas: അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നും ടോവിനോ പ്രതികരിച്ചു....
തൃശ്ശൂർ: നടിയെ ആക്രമിച്ച കേസിൽ കോടതിവിധിയിൽ പ്രതികരിച്ച് നടൻ ടോവിനോ തോമസ്. അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്നും ടോവിനോ പ്രതികരിച്ചു. അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതുമായി ബന്ധപ്പെട്ട കേസ് ഫയലോ കൃത്യം നടന്ന കാര്യമോ ഒന്നും അറിയില്ല. ഇപ്പോൾ കോടതി വിധിയെ വിശ്വസിക്കണം എന്നാണ് തോന്നുന്നത്.
അതിനും അപ്പുറത്തേക്ക് എന്തെങ്കിലും ഉണ്ടെങ്കിൽ അതിനു വേണ്ടി താനും കാത്തിരിക്കുകയാണെന്നും ടോവിനോ. അപ്പീൽ പോകുന്നത് നല്ല കാര്യമാണ്. തെറ്റ് ആര് ചെയ്താലും ശിക്ഷിക്കപ്പെടണം. വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് ടോവിനോ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇരിങ്ങാലക്കുട നഗരസഭയിലെ ഇരുപത്തിരണ്ടാം വാർഡിലാണ് ടോവിനോ തോമസിനെ വോട്ട്. കുടുംബസമേതം ഇവിടെ എത്തി വോട്ട് രേഖപ്പെടുത്തി.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ കോടതിവിധിയെ ബഹുമാനിക്കുകയാണെന്നാണ് സംവിധായകൻ സത്യൻ അന്തിക്കാടിന്റെയും പ്രതികരണം. കോടതിയെ വിശ്വസിക്കുന്നു അതിനപ്പുറത്ത് ഒന്നുമറിയില്ല. നേരിട്ട് കുറ്റക്കാരായവരെ ശിക്ഷിച്ചു. അതിൽ എഴുതിയ അഭിപ്രായം ഉള്ളവർക്ക് മേൽ കോടതിയെ സമീപിക്കാം. അതിനുള്ള സംവിധാനം ഉണ്ട്. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കിൽ അത് കോടതിയുടെ അറിവും ബോധ്യവും ആണെന്നും സത്യൻ അന്തിക്കാട് പ്രതികരിച്ചു.
തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് കോടതി വിധി പറയുന്നത്. ഈ നാട്ടിലെ ഒരു പൗരൻ എന്ന നിലയിൽ കോടതിയോട് തനിക്ക് ബഹുമാനമുണ്ട്. സിനിമ സംഘടനകളിൽ വളരെ സജീവമായിട്ടുള്ള ആളല്ല താൻ. ദിലീപ് അമ്മയിലേക്കും ഫെഫ്കയിലേക്കും തിരിച്ചുവരുന്നത് ഇപ്പോൾ സംസാരിക്കേണ്ട വിഷയമല്ലെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. അതേസമയം നടിയെ ആക്രമിച്ച സംഭവത്തിൽ 2017ൽ തന്നെ താൻ തന്നെ നിലപാട് വ്യക്തമാക്കിയതാണ് എന്നാണ് നടൻ ജോയ് മാത്യുവിന്റെ പ്രതികരണം.